ലുലു കോഴിക്കോടില്‍ നിർത്തില്ല: തൃശൂരില്‍ ഉള്‍പ്പെടെ അഞ്ചിലേറെ നഗരങ്ങളിലേക്ക്, പുതിയ അപ്ഡേറ്റ്സ്
കോഴിക്കോട്: ലുലു ഗ്രൂപ്പ് കോഴിക്കോട് ആരംഭിക്കുന്ന മാളിന്റെ പ്രവർത്തനം അന്തിമ ഘട്ടത്തിലേക്ക്. കോട്ടയത്തും പുതിയ മാളിന്റെ പ്രവർത്തികള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യം തുറക്കുക കോഴിക്കോട്ടെ മാളായിരിക്കുമെന്നാണ് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അതായത് സെപ്തംബറില്‍ ലുലു കോഴിക്കോട്ടെ മാളിന്റെ പ്രവർത്തനം ആരംഭിക്കും.
"എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും" ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.

"കോഴിക്കോട് മാങ്കാവിൽ സ്ഥിതി ചെയ്യുന്ന ഈ മാൾ 3.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു, മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടി ലുലു ഹൈപ്പർമാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികൾക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉൾപ്പെടുന്നു. ലുലു മാൾ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക, സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവിക്കുക." എന്നും ലുലു കുറിച്ചു.
കേരളത്തില്‍ അടുത്ത ലുലു മാള്‍ തുറക്കുക കോഴിക്കോട് ആയിരിക്കുമെന്ന് പാലക്കാട്ടെ ലുലു മാള്‍ ഉദ്ഘാടന വേളയില്‍ എം എ യൂസഫ് അലി തന്നെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിന്റെ പ്രവർത്തികൾ 80 % പൂർത്തിയായതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെങ്കിലും 2021 ല്‍ ഇത് ലുലു മാള്‍ എന്നതിലേക്ക് മാറ്റുകയായിരുന്നു. മാളുകള്‍ കൂടാതെ കേരളത്തിൽ ആറ് പുതിയ റീറ്റെയ്ല്‍ സെന്ററുകളും ലുലു പദ്ധതിയിട്ടിരിക്കുന്നുണ്ട്.
കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ മാത്രമല്ല തൃശൂർ, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും നേരത്തെ തന്നെ ലുലു മാള്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിന് പുറത്തേക്ക് നോക്കുകയാണെങ്കില്‍ ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നീസ്ഥലങ്ങളിലും ലുലു പുതിയ മാള്‍ ആരംഭിക്കും. അഹമ്മദാബാദില്‍ പുതിയ മാള്‍ തുടങ്ങുന്നതിനായി 500 കോടിയിലേറെ രൂപ മുടക്കി സ്വന്തമായി ഭൂമിയും ലുലു സ്വന്തമാക്കിയിട്ടുണ്ട്.
ആന്ധ്രയില്‍ വിശാഖപട്ടണത്തെ മാളുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കും വീണ്ടും തുടക്കം കുറിച്ചിട്ടുണ്ട്. നേരത്തെ തന്നെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പിന് ഹൈപ്പർ മാർക്കറ്റ് തുറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ സർക്കാറിന്റെ കാലത്ത് ഇത് സാധ്യമായില്ല.
ആന്ധ്രയില്‍ പുതുതായി അധികാരത്തിലെത്തിയ ന്ദ്രബാബു നായിഡുവിന് ലുലു ഗ്രൂപ്പിനെ വിശാഖപട്ടണത്ത് എത്തിക്കാന്‍ താല്‍പര്യമുണ്ട്. പദ്ധതിയുടെ പുനരുജ്ജീവനം സംബന്ധിച്ച് ലുലു അധികൃതരുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉടൻ ചർച്ച നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
2014 മുതൽ 2019 വരെയുള്ള ടി ഡി പി സർക്കാരിൻ്റെ കാലത്ത് ആർകെ ബീച്ചിന് സമീപമുള്ള വലിയൊരു സ്ഥലം ലുലുവിന് ഹൈപ്പർമാർക്കറ്റിനായി അനുവദിച്ചിരുന്നു. എന്നാല്‍ 2019-ൽ വൈ എസ് ആർ സി പി അധികാരത്തിൽ വന്നതിന് ശേഷം പദ്ധതി നിർത്തലാക്കി. ലുലു പിന്നീട് പദ്ധതികൾ മാറ്റി ഹൈദരാബാദിൽ ഒരു മാൾ സ്ഥാപിക്കുകയും ചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications