ലുലു ഗ്രൂപ്പ് കൊച്ചി പോലീസിന് മുമ്പാകെ; 1.64 കോടി രൂപ നഷ്ടം, പണി വന്നത് ഇറ്റാലിയന്‍ കമ്പനിയുടെ മറവില്‍
ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് കോടികള്‍ തട്ടി. ഇറ്റാലിയന്‍ കമ്പനിയുടെ വ്യാജ ഇമെയില്‍ വിലാസം വഴിയാണ് തട്ടിപ്പ്. പണം നഷ്ടമായി എന്ന് ബോധ്യമായ പിന്നാലെ ലുലു ഗ്രൂപ്പ് കൊച്ചി സൈബര്‍ പോലീസില്‍ പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങി. ഏത് അക്കൗണ്ടിലേക്കാണ് പണം അയച്ചത്, അക്കൗണ്ട് ഉടമ ആരാണ് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇറ്റാലിയന്‍ കമ്പനിയുമായും ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്.
ആഗോള തലത്തില്‍ ശ്രദ്ധേയമായ റീട്ടേല്‍ വ്യാപാരാ ശൃംഖലയുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പ്. ഇറ്റലിയിലെ ഐഇ പാര്‍ക്ക് എസ്ആര്‍എല്‍ എന്ന കമ്പനിയില്‍ നിന്നാണ് ലുലു ഗ്രൂപ്പ് ഏറെ കാലമായി ഗെയിമിങ് ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇവര്‍ക്ക് നല്‍കാനുള്ള ബാക്കി തുക നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് മെയില്‍ വന്നത്. ഈ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിയുന്ന വ്യക്തികളാണ് സംഭവത്തിന് പിന്നില്‍ എന്ന് സംശയിക്കുന്നു.

കമ്പനിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡിക്ക് സമാനമായ വ്യാജ ഐഡി തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 1.64 കോടി രൂപയാണ് ലുലു ഗ്രൂപ്പിന് നഷ്ടം. സെപ്തംബര്‍ രണ്ടിനും 29നുമിടയിലാണ് പണം കൈമാറുന്ന ചര്‍ച്ചകളും പണം കൈമാറ്റവും നടന്നത്. പ്രമുഖ കമ്പനിയെ പോലും കബളിപ്പിച്ച 'വിരുതന്' ആര് എന്നാണ് ഇനി കണ്ടെത്തേണ്ടത്. അധികം വൈകാതെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.


Click it and Unblock the Notifications
