യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി; ഫോർബ്സ് പട്ടികയിൽ ആറാം സ്ഥാനം, ആസ്തി ഇതാ
ദുബായ്: യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളിയായി വീണ്ടും എം.എ. യൂസഫലി. ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ 2026-ലെ യുഎഇയിൽ താമസിക്കുന്ന അതിസമ്പന്നരായ വിദേശികളുടെ പട്ടികയിലാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനായ യൂസഫലി വീണ്ടും ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്.
5.8 ബില്യൺ ഡോളർ ആസ്തിയുമായി അദ്ദേഹം പട്ടികയിൽ ആറാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്. യുഎഇയിൽ താമസിക്കുന്ന മലയാളി വ്യവസായികളിൽ ഏറ്റവും ഉയർന്ന ആസ്തിയുള്ള വ്യക്തിയായും യൂസഫലി വീണ്ടും മാറി.

ഗൾഫ് മേഖലയിലെ റീട്ടെയിൽ രംഗത്ത് വമ്പൻ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന്റെ വളർച്ചയാണ് യൂസഫലിയെ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളിൽ ഒരാളാക്കി മാറ്റിയത്. കേരളത്തിൽ നിന്നെത്തി ഗൾഫ് വ്യാപാരലോകത്ത് ശക്തമായ സാമ്രാജ്യം കെട്ടിപ്പടുത്ത യൂസഫലി, ഇന്ന് യുഎഇയിലെ മലയാളി ബിസിനസ് സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളിലൊരാളായി കണക്കാക്കപ്പെടുന്നു. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ഭക്ഷ്യവിതരണം, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ബിസിനസ് ശൃംഖല അദ്ദേഹത്തിന്റെ സാമ്പത്തിക ശക്തി കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്.
പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരിൽ മുന്നിലുള്ളവരിൽ ഒരാളുമാണ് യൂസഫലി. ഇന്ത്യയിൽ നിന്നുള്ള ഒമ്പത് പ്രമുഖ വ്യവസായികളാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടത്. പട്ടികയിൽ ഏറ്റവും കൂടുതൽ പ്രതിനിധാനം ഉണ്ടായ രാജ്യവും ഇന്ത്യ തന്നെയാണ്. ഇന്ത്യൻ വംശജരുടെ ആകെ ആസ്തി 49.9 ബില്യൺ ഡോളർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയുടെ സാമ്പത്തിക വളർച്ചയിലും തൊഴിൽ മേഖലയിലും ഇന്ത്യൻ വ്യവസായികളുടെ സ്വാധീനം ശക്തമാണെന്നതിന്റെ തെളിവായും ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
അതേസമയം, ആഗോള ക്രിപ്‌റ്റോ രംഗത്തെ പ്രമുഖനായ ചാങ്പെങ് ഷാവോ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളിലൊന്നായ ബിനാൻസ് സ്ഥാപിച്ച ഷാവോയുടെ ആസ്തി 110 ബില്യൺ ഡോളർ ആണെന്ന് പട്ടിക വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ വ്യവസായി വിനോദ് അദാനിയാണ്. ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ ആസ്തി 20.8 ബില്യൺ ഡോളർ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂന്നാം സ്ഥാനത്ത് റഷ്യൻ വ്യവസായിയും എനർജി കമ്പനിയായ സ്യൂക്കിന്റെ സ്ഥാപകനുമായ ആൻഡ്രി മെൽനിച്ചെങ്കോയാണ്. അദ്ദേഹത്തിന്റെ ആസ്തി 20.4 ബില്യൺ ഡോളർ ആണ്. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരിൽ ശ്രദ്ധേയരായി ഇടം നേടിയിരിക്കുന്നത് പാവെൽ ദുറോവ് യും നിക്കോളായ് സ്റ്റോറോൻസ്കിയുമാണ്. ഇരുവരും 41 വയസ്സുകാരാണ്. മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം സ്ഥാപിച്ച ദുറോവും ഫിൻടെക് കമ്പനിയായ റെവല്യൂട്ട് യുടെ സ്ഥാപകനായ സ്റ്റോറോൻസ്കിയും പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
പട്ടികയിൽ ഇടം നേടിയ മറ്റു ഇന്ത്യൻ വ്യവസായികളിൽ രേണുക ജഗതിയാനി (5.6 ബില്യൺ ഡോളർ), രവി പിള്ള (4.2 ബില്യൺ ഡോളർ), സണ്ണി വാർക്കി (4 ബില്യൺ ഡോളർ), പി.എൻ.സി. മേനോൻ (3.9 ബില്യൺ ഡോളർ), ഷംഷീർ വയലിൽ (1.8 ബില്യൺ ഡോളർ) എന്നിവരും ശ്രദ്ധേയ സ്ഥാനങ്ങൾ നേടി.
അതേസമയം പട്ടികയിലെ പ്രായം കൂടിയ വ്യക്തിയായി 81 കാരനായ ധ്രുവ് സാഹ്നിയും ശ്രദ്ധ നേടി. ത്രിവേണി ഗ്രൂപ്പ് ചെയർമാനായ സാഹ്നി, ദീർഘകാല വ്യവസായ പാരമ്പര്യത്തിന്റെ പ്രതിനിധിയായാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
യുഎഇയുടെ സാമ്പത്തിക വളർച്ചയ്ക്കും വ്യവസായ പുരോഗതിക്കും നൽകിയ സംഭാവനകൾ, നിക്ഷേപ വ്യാപ്തി, വിവിധ മേഖലകളിലെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, നിർമാണം, വിദ്യാഭ്യാസം, ആരോഗ്യരംഗം, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള സംരംഭകരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, നിക്ഷേപ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സംയുക്ത ആസ്തി മാത്രം 136.3 ബില്യൺ ഡോളറിലധികമാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications