ലുലു ഗ്രൂപ്പ് ആദ്യം സന്ധ്യയുടെ കടം വീട്ടി, പിന്നാലെ മറ്റൊരു വമ്പന്‍ സഹായവും: യൂസഫലി നേരിട്ട് കാണും
പറവൂർ: വീട് ജപ്തിയായി മക്കളോടൊപ്പം പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന പറവൂർ സ്വദേശിനി സന്ധ്യക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫ് അലി. സർക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതയിലൂടെ ലഭിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് വേണ്ടിയായിരുന്നു സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്നും വായ്പയെടുത്തത്.
തിരിച്ചടവ് മുടങ്ങിയതോടെ ഇന്നലെ സ്ഥാപനം വീട് ജപ്തി ചെയ്യുന്നതിലേക്ക് നീങ്ങി. ഇതോടെ ജോലി കഴിഞ്ഞെത്തിയ സന്ധ്യക്കും മക്കള്‍ക്കും വീട്ടില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയായി. വിവരം വാർത്തകളിലൂടെ അറിഞ്ഞതോടെയാണ് എംഎ യൂസഫലി സന്ധ്യയെ സഹായിക്കാനായി എത്തുന്നത്. ഇക്കാര്യം യൂസഫലി തന്നെ സന്ധ്യയെ നേരിട്ട് അറിയിക്കുകയായിരുന്നു.

ഭർത്താവ് ഒപ്പമുണ്ടായിരുന്ന സമയത്താണ് ഇരുവരും ചേർന്ന് നാല് ലക്ഷത്തോളം രൂപ ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പ എടുക്കുന്നത്. വർക്ക് ഷോപ്പ് നടത്തിയിരുന്ന ഭർത്താവാണ് ആദ്യത്തെ രണ്ട് വർഷം പണം തിരിച്ചടയ്ക്കുന്നത്. 2021 ഓടെ ഭർത്താവ് സന്ധ്യയേയും മക്കളേയും ഉപേക്ഷിച്ച് പോയതോടെയാണ് തിരിച്ചടവ് പ്രതിസന്ധിയിലാകുന്നത്.
പറവൂരിലെ തുണിക്കടയിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ ശമ്പളം വീട്ടു ചിലവിനും മക്കളുടെ പഠനാവശ്യത്തിനും തികയാത്ത സാഹചര്യമാണുള്ളത്. വായ്പ സന്ധയുടെ പേരിലാണെങ്കിലും സ്ഥലത്തിന്റെ ആധാരം ഭർത്താവിന്റെ പേരിലാണ്. സാമ്പത്തികപരമായി ബുദ്ധിമുട്ട് നേരിടുന്നവരായതിനാല്‍ സന്ധ്യയുടെ വീട്ടുകാർക്കും സഹായിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
എട്ട് രൂപയോളമാണ് സ്ഥാപനത്തില്‍ അടയ്ക്കാനുള്ളതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് മുഴുവന്‍ ഇന്ന് ലുലു ഗ്രൂപ്പിന്റെ സഹായത്തോടെ സന്ധ്യ ഇന്ന് ധനകാര്യ സ്ഥാപനത്തില്‍ അടയ്ക്കും. പണത്തിന്റെ ചെക്ക് ഇന്നലെ രാത്രി തന്നെ സന്ധ്യക്ക് കൈമാറിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്.
കടബാധ്യത ഏറ്റെടുത്തിന് പുറമെ മറ്റൊരു വലിയ സഹായവും ലുലു ഗ്രൂപ്പ് സന്ധ്യക്കായി നല്‍കിയിട്ടുണ്ട്. ഫിക്സണ്ട് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയാണ് സന്ധ്യക്ക് ഗ്രൂപ്പ് കൈമാറിയിരിക്കുന്നത്. ഇതിന് പുറമെ മറ്റ് സുമനസുകളും സന്ധ്യയുടെ അക്കൗണ്ടിലേക്ക് സഹായം അയച്ച് നല്‍കിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ലുലു ഗ്രൂപ്പ് ഇത്തരം സഹായവുമായി രംഗത്ത് വരുന്നത്. നേരത്തെ പലതവണ അർഹരായ നിരവധി പേർക്ക് ജാതി-മത-രാഷ്ട്രീയ ഭേദമ്യന്യേ ലുലു ഗ്രൂപ്പിന്റെ സഹായം ലഭിച്ചിട്ടുണ്ട്. സന്ധ്യക്ക് സഹായം നല്‍കിയതിന് പിന്നാലെയും ലുലു ഗ്രൂപ്പിനേയും എംഎ യൂസഫ് അലിയേയും അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
'പണം പലരുടേയും കയ്യിലുണ്ടാകുമെങ്കിലും സഹായിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകില്ല, എത്രയോ കോടീശ്വരന്മാർ കേരളത്തിലുണ്ടെങ്കിലും എന്തുകൊണ്ട് യൂസഫലി മാത്രം എപ്പോഴും ഇങ്ങനെ സഹായവുമായി എത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന്റെ കാരണം അദ്ദേഹത്തിന്റെ നല്ല മനസ്സാണ്, യൂസഫലി തനി തങ്കമാണ് സർ' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം, വീട്ടിലേക്ക് തിരികെ കയറാന്‍ പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സന്ധ്യ പ്രതികരിച്ചത്. വലിയ സന്തോഷമുണ്ട്. സഹായിച്ച എല്ലാവർക്കും നന്ദി. മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഈ വീട് കിട്ടില്ലായിരുന്നു. യുസഫലി സാർ വിളിച്ചിരുന്നു.ഒന്നും പേടിക്കേണ്ട, എന്താണെന്ന് വെച്ചാല്‍ ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നു. നേരിട്ട് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications