തിരുവനന്തപുരത്തിന് ലുലു ഗ്രൂപ്പിന്‍റെ മറ്റൊരു സമ്മാനം?: ഫൈവ് സ്റ്റാർ ഹോട്ടല്‍; ഒരുങ്ങുന്നത് വന്‍ പദ്ധതികള്‍
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന്‍റെ വമ്പന്‍ പ്രൊജക്ടുകളാണ് വരാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അഹമ്മദബാദിലെ പദ്ധതിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാളുകളില്‍ ഒന്നാണ് ലുലു ഗ്രൂപ്പ് ഗുജറാത്തിന്‍റെ തലസ്ഥാനത്ത് പണിയാന്‍ പോകുന്നത്. ഇതിനായി ഭൂമി പാട്ടത്തിന് എടുക്കാതെ സ്വന്തമായി തന്നെ ലുലു വാങ്ങിക്കഴിഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ ഉൾപ്പെടുന്ന ചന്ദ്ഖേഡയിൽ ലുലു നടത്തിയ ഭൂമി ഇടപാടിലൂടെ ലുലു ഗ്രൂപ്പ് റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. 519.41 കോടി രൂപയ്ക്കാണ് 16.35 ഏക്കർ ഭൂമി വാങ്ങിയത്. ഒരൊറ്റ വിൽപ്പന കരാറിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി എന്ന റെക്കോർഡും ഈ ഇടപാടിലൂടെ ലുലു ഗ്രൂപ്പിന് സ്വന്തമാക്കാന്‍ സാധിച്ചു. 31 കോടി രൂപയാണ് ഈ ഇടപാടിലൂടെ ലുലു ഗ്രൂപ്പ് ഗുജറാത്ത് സർക്കാറിന് നല്‍കിയത്.

ഷോപ്പിംഗ് മാളുകൾക്ക് പുറമേ, ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാർക്കും ഗുജറാത്തിൽ ലുലു സ്ഥാപിക്കും. മാള്‍ പ്രവർത്തിപ്പിക്കുന്നതിലൂടെ മാത്രം 6,000 ആളുകൾക്ക് നേരിട്ടും 15,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം നേരത്തെ പറഞ്ഞിരുന്നു. ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്‌ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ.
സർക്കാറിലെ ഘടകകക്ഷികളില്‍ നിന്നും എതിർപ്പ് ഉയർന്നിട്ടും ആന്ധ്രയിലെ ലുലുവിന്റെ പദ്ധതികളും മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. വിശാഖപട്ടണത്ത് ലുലു നിർമ്മിക്കുന്ന ഷോപ്പിങ് മാള്‍ 2028 ല്‍ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നാണ് യൂസഫ് അലി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ . വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം പ്രവർത്തനസജ്ജമാകും. വിജയവാഡയിലും ലുലുവിന്റെ വമ്പന്‍ മാള്‍ വരുന്നുണ്ട്.
കേരളത്തിലേക്ക് വരികയാണെങ്കില്‍ മലപ്പുറം ജില്ലയില്‍ രണ്ട് ഹൈപ്പർ മാർക്കറ്റുകളാണ് വരുന്നത്. മലപ്പുറം തിരൂരിലെ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനമായിരിക്കും ആദ്യം നടക്കുക. ഇതോടൊപ്പം തന്നെ പെരിന്തല്‍മണ്ണയിലെ ലുലുവിന്‍റെ മിനി മാള്‍ നിർമ്മാണവും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. കോട്ടക്കലില്‍ ഒരു മാളിനകത്ത് ലുലുവിന്‍റെ ഹൈപ്പർമാർക്കറ്റ് വരുന്നതായി വാർത്തയുണ്ട്. കൊല്ലം പത്തനാപുരത്തും ലുലു ഡെയ്ലിക്കായുള്ള നീക്കങ്ങള്‍ മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഭാഗത്ത് നിന്നടക്കം ശക്തമാണ്.
ഇതിന് പുറമെ ലുലു ഐടി ഇരട്ട ടവറും മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. കൂടുതല്‍ ലോകോത്തര കമ്പനികള്‍ ഇവിടേക്ക് എത്തിയേക്കും.കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കുമെന്നും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ദ്ധതി സജ്ജമാകുമ്പോൾ 15,000 പേർക്ക് തൊഴിൽ ലഭിക്കും. കേരളത്തിനു പുറമേ തമിഴ്നാട്ടിൽ നിന്നുള്ള പഴം, പച്ചക്കറികൾ ഇവിടെയെത്തിച്ച് സംസ്കരിച്ചും മൂല്യവർധിത ഉൽപന്നങ്ങളാക്കിയും കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം.
കാസർഗോഡ്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലും ലുലുവിന്റെ മിനി മാളുകൾ വരുന്നതായും സൂചനയുണ്ട്. റീടെയില്‍ ബിസിനസിന് പുറമെ ലുലു ഹോട്ടല്‍-തിയേറ്റർ വ്യവസായ രംഗത്തേക്കും കടക്കുന്നതായും വാർത്തകളുണ്ട്. കൊച്ചിയിലെ ലുലു മൈമൂണ്‍ തിയേറ്റർ ലുലു ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് തിരുവനന്തപുരത്തെ ചാക്കയിൽ കൺവെൻഷൻ സെന്‍ററോട് കൂടി പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് സെൻട്രിക് ലുലു ഗ്രൂപ്പ് കൊണ്ടുവരാന്‍ പോകുന്നുവെന്ന വാർത്തയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications