കൊച്ചി എയർപോർട്ടിലേക്ക് ലുലു എത്തുന്നു?;ഫുഡ് കോർട്ടും പുതിയ മൾട്ടിപ്ലക്സ് തീയറ്ററും? വമ്പൻ പദ്ധതി
കേരളത്തിൽ കോഴിക്കോട്, കൊച്ചി, പാലക്കാട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ലുലു മാളുകൾ പ്രവർത്തിക്കുന്നത്. ഇതിൽ കോട്ടയത്തുള്ളത് മിനി മാൾ ആണ്. വൈകാതെ തന്നെ മലപ്പുറത്ത് രണ്ട് മാളുകൾ ലുലുവിന്റേതായി വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായിരിക്കും പുതിയ മാളുകൾ എത്തുക. ഓണത്തിന് മുൻപ് മാളുകൾ തുറക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ഇതുകൂടാതെ കൊല്ലം പത്തനാപുരത്ത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റും ഉടൻ ആരംഭിച്ചേക്കും. കൊല്ലത്ത് ലുലു ഡെയിലി തുടങ്ങിയപ്പോൾ തന്നെ പത്തനാപുരത്തേക്ക് പുതിയൊരു ഹൈപ്പർമാർക്കറ്റ് എത്തിക്കാനുള്ള ശ്രമങ്ങൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഗണേഷ് കുമാറിന്‌റെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയിരുന്നു. ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ ഹൈപ്പർമാർക്കറ്റ് സംബന്ധിച്ച പുതിയ അപ്ഡേറ്റും മന്ത്രി പുറത്തുവിട്ടിരുന്നു. പത്തനാപുരം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുമെന്നാണ് മന്ത്രി പങ്കുവെച്ചത്. അതേസമയം പത്തനാപുരത്തെ ഹൈപ്പർമാർക്കറ്റിന് പിന്നാലെ തന്നെ കേരളത്തിൽ മറ്റൊരു സംരംഭത്തിന് കൂടി ലുലു തയ്യാറെടുക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എവിടെയാണെന്നല്ലേ? മറ്റെവിടേയുമല്ല കൊച്ചി എയർപോർട്ടിൽ.
128കോടി ചെലവിൽ ലുലുവിന്റെ കൊമേഴ്ഷ്യൽ ഏരിയ എയർപോർട്ടിൽ ഒരുങ്ങുമെന്നാണ് വിവരം. ഒന്നരലക്ഷം സ്ക്വയർഫീറ്റിൽ ആയിരിക്കും ഈ സ്പേസ് വരുന്നത്. ടെർമിനൽ 3 ക്ക് സമീപത്തായിട്ടായിരിക്കും ഇത്.
മടുപ്പ് മാറ്റം
ആഭ്യന്തര യാത്രയാണെങ്കിലും അന്താരാഷ്ട്ര യാത്ര ആണെങ്കിലും മണിക്കൂറുകളോളം എയർപോർട്ടിൽ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ബോർഡിങ് പാസ് ലഭിച്ച് കഴിഞ്ഞ് മറ്റ് നടപടികളെല്ലാം പൂർത്തിയാക്കിയാൽ പിന്നെ സമയം തള്ളി നീക്കേണ്ട ബുദ്ധിമുട്ട് വിമാന യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഈ സമയം മടുപ്പിക്കാതെ വിനിയോഗിക്കാനുള്ള അവസരമായിരിക്കും കൊച്ചി എയർപോർട്ടിൽ ലുലു ഒരുക്കുക. ഒരു മൾട്ടിപ്ലക്സ് തീയറ്ററും ആംഫി തീയറ്റർ,അക്വേറിയം, ഫുഡ് കോർട്ട് ഇവയെല്ലാം ചേർത്തിട്ടുള്ളതായിരിക്കും പദ്ധതി. മൂന്ന് സ്ക്രീനുള്ള മൾട്ടിപ്ലക്സ് തീയറ്ററായിരിക്കും വരിക . ഈ കൊമേഴ്ഷ്യൽ സ്പേസിൽ നിന്നും ടെർമിനൽ 3യിലേക്ക് പോകാനായി ഒരു സ്കൈവാക്ക് കൂടി പദ്ധതിയിൽ വരുന്നുണ്ടത്രേ
ഇതൊക്കെ നടക്കുമോ?
എയർപോർട്ടിൽ മൾട്ടിപ്ലക്സ് തീയറ്ററോ എന്നൊരും സംശയം തീർച്ചയായും എല്ലാവർക്കും ഉണ്ടാകും. ഇന്ത്യയിലുള്ള ഒരു എയർപോർട്ടിൽ ഇപ്പോൾ തന്നെ ഒരു മൾട്ടിപ്ലക്സ് തീയറ്റർ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞാലോ? ദൂരേയ്ക്കൊന്നും പോകേണ്ട, നമ്മുടെ തൊട്ടടുത്തുള്ള ചെന്നൈ എയർപോർട്ടിനെ കുറിച്ചാണ് പറയുന്നത്. ഇവിടെ പിവിആറിന്റെ മൾട്ടിപ്ലക്സ് തീയറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒന്നും രണ്ടും സ്ക്രീനല്ല, അഞ്ച് സ്ക്രീനുകളാണ് ഉള്ളത്. അതായത് ഏകദേശം 1155 ഓളം സീറ്റുകൾ.
എയർപോർട്ടിൽ സിനിമ കാണാൻ കാശ് ഒത്തിരി പൊടിക്കേണ്ടി വരുമെന്നാണോ?
എയർപോർട്ടിൽ എല്ലാത്തിനും തീപിടിച്ച വിലയാണ്. സ്വാഭാവികമായും മൾട്ടിപ്ലക്സ് തീയറ്ററിൽ ടിക്കറ്റ് എടുക്കണമെങ്കിൽ ആയിരങ്ങൾ കൊടുക്കേണ്ടി വരുമെന്ന് തോന്നിയേക്കാം. എന്നാൽ ചെന്നൈയിലെ പിവിആറിൽ കഴുത്തറപ്പൻ ടിക്കറ്റ് നിരക്ക് ഇല്ല. അവിടെ മിനിമം ടിക്കറ്റ് ചാർജ് 57 രൂപയാണ്. ഇത് പക്ഷെ ഏറ്റവും മുൻനിരയിൽ ഉള്ള സീറ്റുകളിലേതാണ് കേട്ടോ. എന്നിരുന്നാലും മറ്റ് സീറ്റുകളുടെ നിരക്ക് നോക്കിയാലും സാധാരണ പിവിആർ തീയറ്ററുകളിൽ ഉള്ള നിരക്ക് ഇവിടെ ഇല്ല, 150 രൂപവരെയാണ് ഇവിടുത്തെ ടിക്കറ്റ് ചാർജ്. അതേസമയം കൊച്ചി എയർപോർട്ടിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമോയെന്ന് പറയാനാകില്ല കേട്ടോ, എന്നിരുന്നാലും ഇനിയും വെറുതേയിരുന്ന് സമയം കൊല്ലേണ്ടി വരില്ലെന്ന് ആശ്വസിക്കാം.












Click it and Unblock the Notifications