മലപ്പുറത്ത് ലുലു ഒരുക്കുന്നത് കോഴിക്കോടിനേക്കാൾ വലിയ സർപ്രൈസോ? എന്ന് തുറക്കും മാളുകൾ?
കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. 2023-ൽ പാലക്കാട് ലുലു മാളിന്റെ ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പ്രഖ്യാപിച്ച എട്ട് പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും വലിയ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട്, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ പദ്ധതികൾ യാഥാർത്ഥ്യമായെങ്കിലും മലപ്പുറം ജില്ലയിലെ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ മാളുകളും കൊല്ലം പത്തനാപുരം ഹൈപ്പർമാർക്കറ്റും എപ്പോഴാണ് തുറക്കുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇനിയും വന്നിട്ടില്ലാത്തതിനാൽ നാട്ടുകാർ കാത്തിരിപ്പിലാണ്.

പെരിന്തൽമണ്ണ ലുലു മാൾ: മലപ്പുറത്തിന്റെ വലിയ പ്രതീക്ഷ
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ റീട്ടെയിൽ വികസന പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന പെരിന്തൽമണ്ണ ലുലു മാളിന്റെ നിർമാണം പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് റോഡിനോട് ചേർന്നുള്ള ഭാഗത്താണ് മാൾ ഉയരുന്നത്. ഏകദേശം മൂന്ന് ലക്ഷത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലായി നാല് നിലകളോടെ നിർമ്മിക്കുന്ന ഈ പദ്ധതി, കോഴിക്കോട് ലുലു മാളിനെക്കാൾ വലുതായിരിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റിന് പുറമെ വലിയ ഫുഡ് കോർട്ട്, ബ്രാൻഡഡ് ഷോറൂമുകൾ, കുടുംബങ്ങൾക്കായുള്ള വിനോദ സൗകര്യങ്ങൾ, വിശാലമായ പാർക്കിങ് ഏരിയ എന്നിവയും മാളിന്റെ ഭാഗമായി ഉണ്ടാകും. ഒരേസമയം നൂറുകണക്കിന് ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും ഉണ്ടാകും. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ അടുത്ത വർഷത്തിനുള്ളിലെങ്കിലും മാൾ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
തിരൂരിലും ലുലുവിന്റെ 'മിനി മാൾ'
മലപ്പുറം ജില്ലയിലെ മറ്റൊരു പ്രധാന പദ്ധതിയാണ് തിരൂരിൽ ഒരുങ്ങുന്ന ലുലു മാൾ. കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തുള്ള പൂങ്ങോട്ടുകുളത്താണ് നിർമാണം പുരോഗമിക്കുന്നത്. വലുപ്പത്തിൽ പെരിന്തൽമണ്ണ പദ്ധതിയേക്കാൾ ചെറുതായിരിക്കുമെങ്കിലും, എല്ലാ പ്രധാന സൗകര്യങ്ങളോടെയും ഒരു സമ്പൂർണ ഷോപ്പിങ് അനുഭവം നൽകുന്ന രീതിയിലാണ് മാൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, ഫുഡ് കോർട്ട്, ബ്രാൻഡഡ് സ്റ്റോറുകൾ, കുട്ടികൾക്കായുള്ള ഏരിയ, പാർക്കിങ് സൗകര്യം എന്നിവ മാളിന്റെ ഭാഗമാകും. തിരൂർ നഗരത്തെയും സമീപ പ്രദേശങ്ങളെയും കേന്ദ്രീകരിച്ച് വലിയ വ്യാപാര സാധ്യത കണക്കിലെടുത്താണ് ലുലു ഗ്രൂപ്പ് ഈ പദ്ധതി ആരംഭിച്ചത്. നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെങ്കിലും ഔദ്യോഗിക ഉദ്ഘാടന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പത്തനാപുരത്തെ ലുലു ഹൈപ്പർമാർക്കറ്റ് എപ്പോൾ?
കൊല്ലം ജില്ലയിലെ പത്തനാപുരത്തും ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. പത്തനാപുരം ഷോപ്പിങ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിന് മാനേജ്മെന്റും ഗ്രാമപഞ്ചായത്തും തമ്മിൽ ധാരണയായതായി നേരത്തെ അറിയിച്ചിരുന്നു. അന്ന് പത്തനാപുരം എം.എൽ.എയായിരുന്നു കെബി ഗണേഷ് കുമാറിൻ്റെ സാന്നിധ്യത്തിലായിരുന്നു കരാർ നടപടികൾ നടന്നത്.
കരാർ ഒപ്പുവെച്ച സമയത്ത് ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ല. കൊട്ടിയത്തെ ഡ്രീംസ് മാളിൽ ആരംഭിച്ച ലുലു ഡെയ്ലിക്ക് ലഭിച്ച മികച്ച പ്രതികരണമാണ് പത്തനാപുരത്തും ലുലു ആരംഭിക്കാനുള്ള നീക്കത്തിന് പിന്നിൽ. പ്രദേശത്തെ വ്യാപാര-സിനിമാ മേഖലകൾക്ക് കൂടുതൽ ചലനമുണ്ടാക്കുന്ന പദ്ധതിയായിരിക്കും ഇതെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
കേരളത്തിൽ ലുലുവിന്റെ വ്യാപനം ശക്തമാകുന്നു
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ ഇതിനോടകം സാന്നിധ്യം ശക്തമാക്കിയ ലുലു ഗ്രൂപ്പ്, രണ്ടാം നിര നഗരങ്ങളിലേക്കും വ്യാപനം ശക്തമാക്കുകയാണ്. മലപ്പുറം, കൊല്ലം പോലുള്ള ജില്ലകളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും യാഥാർത്ഥ്യമാകുന്നതോടെ തൊഴിലവസരങ്ങളും വ്യാപാര സാധ്യതകളും വർധിക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications