ലുലു ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ ഞാനും രണ്ട് മക്കളും ഇന്ന് ജീവനോടെയില്ല; യൂസഫലി സർ ഈശ്വരന്‍; സന്ധ്യ
വീട് ജപ്തി ചെയ്തതോടെ രണ്ട് മക്കളുമായി പെരുവഴിയില്‍ നില്‍ക്കേണ്ടി വന്ന സന്ധ്യ ഇന്ന് കടബാധ്യതകള്‍ എല്ലാം തീർത്ത പുതിയൊരു ജീവിതം നയിക്കുകയാണ്. സന്ധ്യയുടെ വാർത്ത ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ യൂസഫലി കണ്ടതാണ് നിർണ്ണായകമായത്. അദ്ദേഹം സന്ധ്യയെ നേരിട്ട് വിളിച്ച് കടം തങ്ങള്‍ വീട്ടുമെന്ന് അറിയിക്കുകയായിരുന്നു. പറഞ്ഞ വാക്ക് പാലിച്ച ലുലു ഗ്രൂപ്പ് കഴിഞ്ഞ ദിവസം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയത്തിലായ ആധാരം തിരിച്ചെടുത്ത് നല്‍കുകയും ചെയ്തു.
എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടിയതിന് പുറമെ സന്ധ്യയുടെ മക്കളുടെ പേരില്‍ 10 ലക്ഷം രൂപ ഫിക്സിഡ് ഡെപ്പോസിറ്റായും ലുലു ഗ്രൂപ്പ് നിക്ഷേപിച്ചിട്ടുണ്ട്. യൂസഫലി സാർ ഇല്ലായിരുന്നെങ്കില്‍ ശരിക്കും പറഞ്ഞാല്‍ ഞാനും രണ്ട് മക്കളും ഇന്ന് ഉണ്ടാകില്ലെന്നാണ് സന്ധ്യപറയുന്നത്. അത്രയോളം കടപ്പാട് അദ്ദേഹത്തിനോടുണ്ട്. ഈശ്വരന് തുല്യനാണ് അദ്ദേഹമെന്നും മഴവില്‍ കേരളം എക്സ്ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സന്ധ്യപറയുന്നു.

സ്വകാര്യധനകാര്യ സ്ഥാനപത്തില്‍ എട്ട് ലക്ഷത്തോളം രൂപയാണ് കടമുണ്ടായത്. അതിന് പുറമെ ചുറ്റിനും വേറെ കടമൊക്കെ വരുത്തിവെച്ചിട്ടാണ് ഭർത്താവ് ഉപേക്ഷിച്ച് പോയത്. രണ്ട് പിള്ളേരെയും ഇട്ടേച്ച് പോകുകയായിരുന്നു. ജപ്തിയുടെ കാര്യം പുള്ളിയെ അറിയിച്ചിരുന്നു. പുള്ളിക്ക് ഇത് ജപ്തി ചെയ്ത് പോയാലും പ്രശ്നമില്ലെന്നായിരുന്നു. എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കണമല്ലോയെന്നും സന്ധ്യ വ്യക്തമാക്കുന്നു.
എന്റെ കാര്യം എങ്ങനെയാണ് യുസഫലി സർ അറിഞ്ഞതെന്ന് അറിയില്ല. വാർത്തകള്‍ വഴിയായിരിക്കും അറിഞ്ഞത്. സാർ വിളിച്ചിട്ട് പേടിക്കാനൊന്നുമില്ല, കൂടെയുണ്ടാകും എന്ന് പറഞ്ഞു. കാണാന്‍ വരുമെന്നും പറഞ്ഞിട്ടുണ്ട്. എപ്പോഴാണ് അദ്ദേഹം വരിക എന്നൊന്നും അറിയില്ല. എനിക്കും ഒന്ന് കാണമെന്നുണ്ട്. ഒരു ഈശ്വരനെപ്പോലെയാണല്ലോ എനിക്ക് അദ്ദേഹം.
അന്ന് അനുഭവിച്ച കാര്യങ്ങള്‍ ശരിക്കും ഇപ്പോള്‍ ഓർക്കാന്‍ പോലും കഴിയുന്നില്ല. ഈ വീട് ഉപേക്ഷിച്ച് പോയ ഭർത്താവിന്റെ പേരിലാണ്. അത് എന്റെ പേരിലാക്കും. ഒരുഘട്ടത്തിലും തിരിഞ്ഞ് നോക്കാത്ത പുള്ളി എപ്പോഴെങ്കിലും വന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും. പുള്ളി മക്കളെക്കുറിച്ചൊന്നു തിരക്കാറില്ല. ലോണിന്റെ അടവ് മുടങ്ങുന്നത് ഭർത്താവ് പോയ ശേഷമാണ്. മാസം എട്ടായിരത്തിലേറെയാണ് അടവ്. എന്നൊക്കൊണ്ട് അത് അടക്കാന്‍ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് ജപ്തിയിലേക്ക് പോയത്.
തുണിക്കടയില്‍ നിന്നും കിട്ടുന്ന ചെറിയ സാലറി കൊണ്ടാണ് മക്കളുടെ പഠനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുന്നോട്ട് പോകുന്നത്. ജപ്തി വിവരം അറിഞ്ഞതോടെ മരിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞാണ് മക്കളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവന്നത്. മകളാണ് പറയുന്നത് അങ്ങനെയൊന്നും വേണ്ടെന്ന് പറഞ്ഞത്. നല്ലവരായ ഒരുപാട് നാട്ടുകാർ ഉണ്ട്. അവരൊക്കെ എന്റെ കൂടെ നിന്നു.
സുഹൃത്തുക്കളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആളുകളുമൊക്കെ കൂടെ നിന്നിട്ടുണ്ട്. അവരെക്കൊണ്ട് കഴിയുന്നത് പോലെ സഹായിക്കുകയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുമുണ്ട്. ഭർത്താവ് ഇനി തിരികെ വന്നാല്‍ ഒട്ടും സ്വീകരിക്കില്ല. എനിക്കും മക്കള്‍ക്കും അദ്ദേഹത്തെ വേണ്ടതില്ല. യൂസഫലിയുടെ സഹായത്തിന് പുറമെ മറ്റ് നിരവധിയാളുകള്‍ സഹായിച്ചിട്ടുണ്ട്. അവരോടെല്ലാം പറഞ്ഞ് അറിയിക്കാന്‍ സാധിക്കാത്ത നന്ദിയുണ്ടെന്നും സന്ധ്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications