ലുലു ഇതെന്ത് ഭാവിച്ചാണ്, കോട്ടയം കഴിഞ്ഞാൽ കൊട്ടിയത്ത്, പിന്നെ തിരൂരും പെരിന്തൽമണ്ണയും; കൈനിറയെ ജോലി അവസരങ്ങൾ
ഇക്കഴിഞ്ഞ സപ്തംബറിൽ മലബാറുകാർക്കുള്ള ഓണസമ്മാനമായിട്ടായിരുന്നു ലുലു മാൾ കോഴിക്കോട് പ്രവർത്തനം തുടങ്ങിയത്. ഈ ക്രിസ്തുമസിനാകട്ടെ ലുലു സർപ്രൈസ് ഒരുക്കിയത് അക്ഷരനഗരിയിലാണ്, കോട്ടയത്തെ പുതിയ മാൾ ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 14 നാണ് ഉദ്ഘാടനം. 15 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ കൂടിയാണിത്. എന്നാൽ കോട്ടയം കൊണ്ട് മലയാളികൾക്കുള്ള ലുലുവിന്റെ സർപ്രൈസ് അവസാനിക്കുന്നില്ല. 2025-ൽ കേരളത്തിൽ നിരവധി ഇടങ്ങളിലാണ് ലുലു തങ്ങളുടെ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. വിശദമായി നോക്കാം.

കോട്ടയത്ത് ഷോപ്പിംഗ് കളറാകും
എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് കോട്ടയത്തെ പുതിയ മാൾ. പാലക്കാട്, കോഴിക്കോട് മിനി മാളുകളുടെ മാതൃകയിൽ തന്നെയാണ് ഇതും ഒരുക്കിയിരിക്കുന്നത്. 3.22 ലക്ഷം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് മാൾ പ്രവർത്തിക്കുക. താഴത്തെ നിലയിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റാണ്. രണ്ടാമത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടും ഉണ്ടാകും. മറ്റ് മാളുകളിലേത് പോലെ തന്നെ വൈവിധ്യമാർന്ന ഷോപ്പിംഗ് അനുഭവമായിരിക്കും കോട്ടയത്തും ലഭിക്കുക. ഇതിനായി ലോകോത്തര ബ്രാഡന്റുകൾ തന്നെ അണിനിരക്കും. ഷോപ്പിങ് മാത്രമല്ല, വിനോദത്തിനും ഭക്ഷണത്തിനും അമ്പരിപ്പിക്കുന്ന സജ്ജീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇത് പോരെ മച്ചാനേ...
500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് കോട്ടയം ലുലു മാളിൽ ഉണ്ടാകുക. ഒരേ സമയം 1000 വാഹനങ്ങളും പാർക്ക് ചെയ്യാം. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെൽജിയൻ വാഫിൾസ്, മക്ഡോണാൾസ്, കെഎഫ്സി തുടങ്ങി വമ്പൻ ബ്രാൻഡുകൾ തന്നെ ലുലുവിൽ ഉണ്ടാകും. കുട്ടികൾക്കായി ഫൺ ട്യൂറയും. ഉപഭോക്താക്കൾക്കായി പതിവ് പോലെ ലുലു ഉദ്ഘാടന ഓഫറുകൾ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷക്കപ്പെടുന്നുണ്ട്.
കോട്ടയം കഴിഞ്ഞാൽ കൊല്ലത്ത്
ലുലു ഹൈപ്പർമാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്ലിയാണ് കൊല്ലത്ത് ആരംഭിക്കുന്നത്. കൊട്ടിയത്തുള്ള ഡ്രീംസ് മാളിലായിരിക്കും ലുലു ഡെയ്ലി പ്രവർത്തനം തുടങ്ങുക. കുറഞ്ഞത് 500 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം കൊല്ലം പത്തനാപുരത്ത് ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് മന്ത്രി ഗണേഷ് കുമാർ തുടക്കം കുറിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചർച്ച തുടങ്ങിയെന്നാണ് മന്ത്രി അറിയിച്ചത്. പത്തനാപുരത്തുള്ള സെൻട്രൽ മാളിൽ ഹൈപ്പർമാൾ തുടങ്ങാനാണ് പദ്ധതി.
തിരൂരും പെരിന്തൽമണ്ണയും
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും തിരൂരുമാണ് ലുലു ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നത്. മാളുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണത്രേ. 3.5 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ളതാണ് പെരിന്തൽമണ്ണയിലെ മാൾ.തിരൂരിൽ കുറ്റിപ്പുറം റോഡിൽ തൃക്കണ്ടിയൂർ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാൾ ഒരുങ്ങുന്നത്. ലുലു മാളുകൾ തുറക്കുന്നതോടെ നിരവധി പേർക്കായിരിക്കും തൊഴിൽ ലഭിക്കുക.












Click it and Unblock the Notifications