ലുലു ഗ്രൂപ്പിന്റെ വമ്പൻ ഫുഡ് പാർക്ക് കളമശേരിയിൽ ഉടൻ; നിരവധി പേർക്ക് തൊഴിൽ അവസരം
കേരളത്തിൽ തങ്ങളുടെ നിക്ഷേപങ്ങൾ വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ്. ഇതിനോടകം തന്നെ കോഴിക്കോട്, കൊച്ചി, പാലക്കാട്, കോട്ടയം, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിൽ ലുലുവിന്റേതായി മാളുകളും ഹൈപ്പർമാർക്കറ്റുകളും ലുലു ഡെയ്ലികളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിൽ ലുലുവിന്റെ രണ്ട് മിനി മാളുകൾ കൂടി തുടങ്ങുമെന്നാണ് റിപ്പോർട്ട്. കൂടാതെ പത്തനാപുരത്ത് ഒരു ഹൈപ്പർമാർക്കറ്റ് കൂടി തുടങ്ങുന്ന കാര്യം ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്തിടെ ലുലു ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ ലുലു ഐടി ട്വിൻ ടവർ കൊച്ചി സ്മാർട് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് അതേ വേദിയിൽ 500 കോടിയുടെ മറ്റൊരു പുതിയ പദ്ധതി കൂടി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഇൻഫോപാർക്കിൽ ഫേസ്-2 ൽ 500 കോടിയുടെ പദ്ധതിയാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എംഎ യൂസഫലി പ്രഖ്യാപിച്ചത്. കൊച്ചിയുടെ ഐടി മുഖച്ഛായ മാറ്റാനും വികസനത്തിനും ആഗോള വമ്പന്‍ കമ്പനികളെ ആകർഷിക്കാനും പുതിയ പദ്ധതി വഴിയൊരുക്കുമെന്നും ഏകദേശം 7000ത്തോളം പേർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ലുലു പ്രഖ്യാപിച്ച് ഈ പദ്ധതികളെല്ലാം തന്നെ വൈകാതെ യാഥാർത്ഥ്യമാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ മന്ത്രി പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയുമായി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇൻവെസ്റ്റ് കേരള പദ്ധതിയിൽ പ്രഖ്യാപിച്ചതുൾപ്പെടെ നിരവധി പദ്ധതികളാണ് ലുലു ഗ്രൂപ്പിൻ്റേതായി നിർമ്മാണത്തിലുള്ളത്. കളമശ്ശേരിയിൽ ആരംഭിക്കുന്ന ഫുഡ് പ്രോസസിങ്ങ് ഫാക്ടറിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭക്ഷ്യ ഉൽപ്പാദന രംഗത്തെ കേരളത്തിലെ പ്രധാന പദ്ധതികളിലൊന്നായ് ഇത് മാറും. ലുലു ട്വിൻ ടവറുകളെക്കുറിച്ചും മറ്റ് പദ്ധതികളെക്കുറിച്ചും സംസാരിച്ചു', മന്ത്രി കുറിച്ചു.
400 കോടി ചെലവിലാണ് കളമശേരിയിലെ ഫുഡ് പ്രോസസിങ് പാർക്ക് ലുലു ഒരുക്കുന്നത്. പത്ത് ഏക്കറിൽ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പദ്ധതിയുടെ നിർമ്മാണം. 'ഏകദേശം 10000 കോടി രൂപയുടെ കാർഷിക ഉൽപന്നങ്ങൾ ഞങ്ങള്‍ ഒരോ വർഷവും കയറ്റുമതി ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇത് 15000 കോടി രൂപയായി ഉയർത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രവർത്തനം ഞങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ഉത്പന്നങ്ങളും ആവശ്യമാണ്' എന്നാണ് പദ്ധതിയെ കുറിച്ച് നേരത്തേ യൂസഫലി വിശദീകരിച്ചത്.
പഴങ്ങൾ, പച്ചക്കറികൾ, അരി, ചായപ്പൊടി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ധാന്യങ്ങള്‍ തുടങ്ങിയവാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. ഓർഗാനിക് ചരക്ക് സംഭരണത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അത്തരം സാധനങ്ങളുടെ കയറ്റുമതി മൂല്യം ഒരു വർഷം 2000 കോടി രൂപവരെ ഉയർന്നേക്കുമെന്നും യൂസഫ് അലി വ്യക്തമാക്കിയിരുന്നു. പദ്ധതി ആയിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications