ജിസിസി രാജ്യങ്ങളിലേക്ക് ഇനി ധാന്യ കയറ്റുമതിക്ക് ലുലു ഹൈപ്പർമാർക്കറ്റും: കേന്ദ്രവുമായി ധാരണപത്രം ഒപ്പുവെച്ചു
ധാന്യ ഉൽപന്നങ്ങളുടെ വിവിധ സാമ്പിളുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് അയയ്ക്കാൻ നിർമ്മാതാക്കൾക്ക് എ പി ഇ ഡി എ സൗകര്യമൊരുക്കും

ദില്ലി: ജിസിസി രാജ്യങ്ങളിൽ ധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റുമായി ധാരണപത്രം ഒപ്പുവെച്ച് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ പി ഇഡി എ). ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് ധാന്യങ്ങളുടെ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ പി ഇ ഡി എ),2023 ഫെബ്രുവരി 21-ന് ലുലു ഹൈപ്പർമാർക്കറ്റ് എൽ എൽസി യുമായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ചത്.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 12 ലക്ഷം ഉപഭോക്താക്കൾക്കാണ് ലുലു സേവനം നൽകുന്നത്. ഉടമ്പടി പ്രകാരം, ധാന്യ ഉൽപന്നങ്ങളുടെ പ്രോത്സാഹന പ്രവർത്തനങ്ങൾ ലുലു ഗ്രൂപ്പ് സുഗമമാക്കും. ധാന്യങ്ങളും അതിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങളും, റെഡി ടു ഈറ്റ് വിഭവങ്ങളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്ന് സംഭരിച്ച് അന്താരാഷ്ട്ര റീട്ടെയിൽ ശൃംഖലകളിൽ പ്രദർശിപ്പിക്കാനും അവസരം ഒരുക്കും.
ധാന്യ ഉൽപന്നങ്ങളുടെ വിവിധ സാമ്പിളുകൾ ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് അയയ്ക്കാൻ നിർമ്മാതാക്കൾക്ക് എ പി ഇ ഡി എ സൗകര്യമൊരുക്കും. തുടർന്ന് അത് വിവിധ ലുലു സ്റ്റോറുകളിൽ പ്രദർശിപ്പിക്കും. ലുലു ഗ്രൂപ്പുമായി സഹകരിച്ച്, ഇറക്കുമതി ചെയ്യുന്ന വിവിധ രാജ്യങ്ങളുടെ ആവശ്യകതയ്ക്ക് അനുസൃതമായി ഉൽപ്പന്നങ്ങളുടെ ലേബൽ ചെയ്യുന്നതിനുള്ള സഹായവും എ പി ഇ ഡി എ നൽകും.
എ പി ഇ ഡി എ ഡയറക്ടർ ഡോ. തരുൺ ബജാജും,ലുലു ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ സലിം വിഐ യും ധാരണ പത്രത്തിൽ ഒപ്പുവച്ചു. . എ പി ഇ ഡി എ ചെയർമാൻ ഡോ എം അംഗമുത്തു, ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ എം.എ. യൂസഫ് അലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications