ലുലുവിന്റെ പുതിയ തന്ത്രം... മില്‍മയെ കടല്‍ കടത്തുന്നു, വന്‍ പര്‍ച്ചേസിംഗ് ഓര്‍ഡര്‍! നേട്ടം കേരളത്തിന്
തിരുവനന്തപുരം: മലയാളികള്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിച്ച ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും കേരളത്തിന്റെ സ്വന്തം ക്ഷീരോത്പാദന- വിതരണ ശൃംഖലയായ മില്‍മയും കൈകോര്‍ക്കുന്നു. മില്‍മയുടെ പാല്‍പ്പൊടി (മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്‌നര്‍) മിഡില്‍ ഈസ്റ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ ധാരണയായിരിക്കുകയാണ്. ഇത് സംബന്ധിച്ച പര്‍ച്ചേസ് ഓര്‍ഡര്‍ നാളെ കൈമാറും.
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്-മില്‍മ) ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണില്‍ നിന്നാണ് പര്‍ച്ചേസിംഗ് ഓര്‍ഡര്‍ സ്വീകരിക്കുക. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക.

ലുലു ഗ്രൂപ്പിന്റെ എക്‌സ്‌പോര്‍ട്ട് ഡിവിഷനായ ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ആണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം എ നിഷാദില്‍ നിന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പര്‍ച്ചേസ് ഓര്‍ഡര്‍ ഏറ്റുവാങ്ങും. ഗള്‍ഫ് രാജ്യങ്ങളില്‍ പാല്‍പ്പൊടിക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത് എന്ന് മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ അനുകൂല വിപണി പാല്‍പ്പൊടി വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്നാണ് മില്‍മ പ്രതീക്ഷിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ സഹായകരമാകും എന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡും വില്‍പനയും വര്‍ധിപ്പിക്കാനാകും.
നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കുന്ന മില്‍മയുടെ ഉല്‍പന്നങ്ങള്‍ ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍, ഇന്‍സ്റ്റന്റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്‌സ് തുടങ്ങി മില്‍മയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇതിനകം തന്നെ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റേണ്‍ വിപണികളില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍പ്പൊടി അടക്കമുള്ള പാലുല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്താനാണ് കരാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടത്.












Click it and Unblock the Notifications