തിരുവനന്തപുരത്തെ ലുലുവിന്റെ വമ്പൻ കുതിപ്പ്, അതും പിടിച്ചാൽ കിട്ടാത്ത പോക്ക്, അമ്പരപ്പിക്കും
കേരളത്തില്‍ കൊച്ചിയിലേക്കാണ് എംഎ യൂസഫലി ലുലു മാളുമായി ആദ്യം എത്തുന്നത്, 2013ല്‍. പിന്നീട് 7 വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരുവനന്തപുരത്ത് ലുലു വന്നു. ഈയടുത്ത് കോഴിക്കോടും കോട്ടയത്തും ലുലുമാളുകള്‍ തുറന്നു. ഇനി തൃശൂരടക്കം വരാനും പോകുന്നു.
മലയാളികളുടെ ഷോപ്പിംഗ് സംസ്‌ക്കാരത്തെ അപ്പാടെ മാറ്റിമറിച്ചിട്ടുണ്ട് ലുലു മാളുകളുടെ സാന്നിധ്യം. കൊച്ചി ലുലു മാള്‍ കാണാന്‍ കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ആളുകള്‍ കുടുംബമായി പോയിക്കൊണ്ടിരുന്നത് ഏറെക്കാലം മുന്‍പത്തെ കഥയല്ല. കൂണുകള്‍ പോലെ മാളുകള്‍ മുളച്ചിട്ട് പോലും ലുലുവില്‍ ഏത് ദിവസം ചെന്നാലും കാണാം ഒരു തൃശൂര്‍ പൂരത്തിനുളള അത്രയും ആളുകളെ.

കേരളത്തിലെ ലുലു മാളുകളില്‍ ഏറ്റവും വലുത് ഏതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നും ഇല്ല. അത് തിരുവനന്തപുരത്തെ ലുലു തന്നെയാണ്. ഡിസംബറില്‍ തിരുവനന്തപുരം ലുലു മാള്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് മാളും തിരുവനന്തപുരത്തെ ലുലു തന്നെ.
2021 മുതലുളള ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തലസ്ഥാനത്തെ ലുലു മാളില്‍ എത്തിയത് 5.5 കോടി ആളുകള്‍ ആണ്. പ്രതിദിനം ശരാശരി 75000ത്തിലധികം ആളുകള്‍ ലുലുവിലെത്തുന്നു എന്നാണ് കണക്ക്. ആഴ്ചാവസാന ദിവസങ്ങളില്‍ അത് 1 ലക്ഷത്തിന് മുകളിലേക്ക് വരെ പോകുന്നുണ്ട് എന്നാണ് കണക്ക്. മറ്റ് ദിവസങ്ങളില്‍ 60000 പേരും ലുലു സന്ദര്‍ശിക്കുന്നു.
11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കൊച്ചി ലുലു മാള്‍ ആണ് സന്ദര്‍ശകരുടെ കാര്യത്തില്‍ രണ്ടാമതുളളത്. ഇതുവരെ 18 കോടിയിലധികം ആളുകള്‍ കൊച്ചിയിലെ മാളിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ശരാശരി പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 44831 ആണ്. ഇടപ്പള്ളിയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. 17 ഏക്കറില്‍ 68,000 സ്‌ക്വയര്‍ ഫീറ്റിലാണ് ലുലു.
തിരുവനന്തപുരത്തെ ലുലു മാള്‍ ആക്കുളത്ത് എന്‍എച്ച് 66 ബൈപ്പാസിന് സമീപത്തായിട്ടാണ്. 185800 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ പ്ലേ ഏരിയ, ഒരേ സമയം 2500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്, 12 സ്‌ക്രീനുകളുളള പിവിആര്‍ സൂപ്പര്‍പ്ലക്‌സ് തുടങ്ങി അമ്പരപ്പിക്കുന്ന നിരവധി സൗകര്യങ്ങളാണ് തിരുവനന്തപുരത്തെ ലുലു മാളിലുളളത്.












Click it and Unblock the Notifications