ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം ലുലു മാള്‍; ഒറ്റ ദിവസം രണ്ട് ലോക റെക്കോഡ്..!
തിരുവനന്തപുരം: ഒരേ ദിവസം രണ്ട് ലോക റെക്കോര്‍ഡുകള്‍ കൈവരിച്ച് ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം ലുലു മാള്‍. ഷോപ്പിംഗ് മാളുകളില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൂട്ടായ യോഗാ പ്രകടനത്തിനും എ ഐ + റോബോട്ടിക്‌സ് എക്‌സ്‌പോയിലെ ഏറ്റവും കൂടുതല്‍ പങ്കാളിത്തത്തിനുമാണ് തിരുവനന്തപുരം ലുലു മാളിന് ലോക റെക്കോര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്.
വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ രണ്ടു അംഗീകാരങ്ങളും ഒരേ ദിവസം സ്വന്തമാക്കി എന്ന ചരിത്ര നേട്ടമാണ് ലുലു മാളിനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് ലുലു മാളില്‍ നടന്ന യോഗയില്‍ 1500 ലേറെ ആളുകളാണ് പങ്കെടുത്തത്. വിവിധ പ്രായത്തിലുള്ളവര്‍ ഒരേസമയം വീര ഭദ്രാസനം, നാഡീ ശോധന പ്രാണാ യാമം, ദണ്ഡാസനം, സേതു ബന്ധാസനം, യോഗ നിദ്ര എന്നീ അഞ്ച് യോഗാസനങ്ങളും അവതരിപ്പിച്ചു.

ഷോപ്പിംഗ് മാളുകളില്‍ സംഘടിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ് എക്‌സ്‌പോ കാണാനെത്തിയ സന്ദര്‍ശകര്‍ വഴിയാണ് രണ്ടാമത്തെ ലോക റെക്കോഡിന് ലുലു അര്‍ഹമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും റോബോട്ടിക്‌സിന്റെയും ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിച്ച ത്രിദിന എക്‌സിബിഷന്‍ കാണാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ദൈനം ദിന ജീവിതത്തില്‍ എ ഐയുടെയും റോബോട്ടിക്‌സിന്റെയും പ്രയോഗങ്ങള്‍ മനസിലാക്കാനുള്ള സുവര്‍ണാവസരമായാണ് എക്‌സിബിഷനെ ലുലു മാളിലെത്തിയ സന്ദര്‍ശകര്‍ സമീപിച്ചത്. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളുടെയടക്കം വലിയ പങ്കാളിത്തം എക്‌സിബിഷനെ വ്യത്യസ്തമാക്കി. എക്‌സിബിഷന്റെ ഭാഗമായി എ ഐ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.
ഒരേ ദിവസം രണ്ടു ലോക റെക്കോര്‍ഡുകള്‍ എന്നത് അസാധാരണമായ നേട്ടമാണെന്ന് വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ പ്രതിനിധികളായി എത്തിയ അഡ്ജുഡിക്കേറ്റര്‍ ആലീസ് റെയ്‌നോഡും ക്യുറേറ്റര്‍ പ്രജീഷ് നിര്‍ഭയയും അഭിപ്രായപ്പെട്ടു. പരമ്പരാഗത ആരോഗ്യ രീതികളും അത്യാധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് കൊണ്ട് തിരുവനന്തപുരം ലുലു മാള്‍ നടത്തിയ പരീക്ഷണത്തെയും ഇരുവരും പ്രശംസിച്ചു.
വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ പ്രതിനിധികളില്‍ നിന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍ റെക്കോര്‍ഡ് ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍മാരായ അനൂപ് വര്‍ഗ്ഗീസ്, രാജേഷ് ഇ വി, തിരുവനന്തപുരം ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications