യൂസഫലിയുടെ സ്വപ്‌നം.. തൃശൂരിലെ ലുലു മാളിനെതിരെ പരാതി കൊടുത്തത് സിപിഐ നേതാവ്, കാരണം കേട്ടോ?
തൃശൂര്‍: ലോകത്തെമ്പാടും റീട്ടെയ്ല്‍-ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പാണ് മലയാളിയായ എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്. കേരളത്തില്‍ നാല് ജില്ലകളില്‍ ആണ് ലുലുവിന്റെ മാളുകള്‍ ഉള്ളത്. ഇത് കൂടാതെ നിരവധി മിനിമാളുകളും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ആണെങ്കില്‍ സ്വന്തം നാടായ തൃശൂരില്‍ യൂസഫലിക്ക് ഒരു മാള്‍ തുറക്കാനായിട്ടില്ല.
തൃശൂരില്‍ ലുലു മാള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ സാധ്യമായിട്ടില്ല. അതിന് പിന്നിലെ കാരണം കഴിഞ്ഞ ദിവസം യൂസഫലി തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. തൃശൂരില്‍ ലുലു മാള്‍ വൈകാന്‍ കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള വ്യക്തിയുടെ ഇടപെടലാണ് എന്നാണ് ഇന്നലെ യൂസഫലി പറഞ്ഞിരുന്നത്. അനാവശ്യമായി കേസ് കൊടുത്തത് കാരണമാണ് 3000 പേര്‍ക്ക് തൊഴില്‍ നല്‍കുമായിരുന്ന സംരംഭം നീണ്ടുപോകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ആരാണ് ആ നേതാവ് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തൃശൂരിലെ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ നേതാവ് ആണ് എന്നാണ് വ്യക്തമായിരിക്കുന്നത്. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് ലുലു മാളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ പരാതി നല്‍കിയത് വ്യക്തിപരമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
താന്‍ പാര്‍ട്ടി അംഗമാണെങ്കിലും പാര്‍ട്ടിക്ക് അതില്‍ പങ്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത് എന്നും സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് എന്നും മുകുന്ദന്‍ പറഞ്ഞു.
2001 മുതല്‍ 2005 വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18 മാസം പ്രസിഡന്റും ആയിരുന്ന വ്യക്തിയാണ് മുകുന്ദന്‍. നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമായ മുകുന്ദന്‍ അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ്. മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ മുകുന്ദന്‍ കേസ് കൊടുത്തത്.
രണ്ടര വര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ് എന്നും ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും എംഎ യൂസഫലി പറഞ്ഞിരുന്നു. അതേസമയം തടസങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ നാട്ടിക സ്വദേശിയായ യൂസഫലിക്ക് സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങുക എന്നത് ചിരകാല സ്വപ്നമാണ്.












Click it and Unblock the Notifications