കേരളത്തിലെ ആറാമത്തെ ലുലു മാള്‍ വരുന്നത് ഈ നഗരത്തില്‍? കാരണം ഇതാണ്; കൂടെ 2 ഹൈപ്പർമാർക്കറ്റും
കോഴിക്കോടും കോട്ടയത്തുമായി 2024 ല്‍ രണ്ട് പുതിയ മാളുകളാണ് ലുലു ഗ്രൂപ്പ് കേരളത്തില്‍ തുറന്നത്. ഇതോടെ കേരളത്തിലെ ആകെ ലുലു മാളുകളുടെ എണ്ണം അഞ്ചായി. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ലുലുവിന്റെ മാളുകള്‍ പ്രവർത്തിക്കുന്നുണ്ട്. മാളുകള്‍ക്ക് പുറമെ കൊല്ലം കൊട്ടിയത്തും തൃശൂരിലും ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റുകളും ആരംഭിച്ചു.
2025 ലും കേരളത്തില്‍ ലുലുവിന് വിപുലമായ പദ്ധതികളാണുള്ളത്. മലപ്പുറം ജില്ലയിലെ തിരുർ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായുള്ള ലുലുവിന്റെ പുതിയ സംരഭങ്ങളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലുലു ഡെയ്ലിയാണ് ഇവിടങ്ങളില്‍ വരാന്‍ പോകുന്നതെന്നാണ് സൂചന. അത് അല്ല മിനി മാള്‍ തന്നെയായിരിക്കുമെന്ന പ്രചരണവുമുണ്ട്.

ഇതിന് പുറമെ ലുലു ആറാമത്തെ ഒരു മാള്‍ നിർമ്മിക്കുകയാണെങ്കില്‍ അത് കൊല്ലത്തായിരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. കൊട്ടിയത്ത് ഡ്രീംസ് മാളില്‍ പ്രവർത്തനം ആരംഭിച്ച ലുലു ഡെയ്ലിയില്‍ വലിയ തിരക്കാണ് ഉദ്ഘാടന ദിവസം മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൊല്ലത്തിനായി ഒരു പുതിയ മാള്‍ തന്നെ നിർമ്മിക്കാനുള്ള സാഹചര്യവും തള്ളിക്കളയാനാകില്ല.
അതേസമയം, പത്തനാപുരം പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ടൗൺ സെന്‍ട്രല്‍ മാളിലേക്ക് ലുലു ഹൈപ്പർ മാർക്കറ്റ് കൊണ്ടുവരാനുള്ള നീക്കം സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകളും നടന്ന് കഴിഞ്ഞു. 'പത്തനാപുരത്ത് ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നും 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത' കെബി ഗണേഷ് കുമാർ പറഞ്ഞു.
ഞാന്‍ തന്നെ നേരിട്ട് ലുലുവുമായി സംസാരിച്ചിരിക്കുകയാണ്. ആദ്യം അവര്‍ വന്നു. ചില പരിമിതികളുണ്ട് എന്ന് പറഞ്ഞ് അവര്‍ പോയി. പക്ഷെ നമുക്ക് അതൊന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ്. അതിന്റെ ഉയരം കൂട്ടാന്‍ പറ്റില്ല. ഉയരം കുറവാണ് എന്ന് പറഞ്ഞു. പക്ഷെ മറ്റൊരു വിധത്തില്‍ ചെയ്യാം എന്നത് സംബന്ധിച്ച ചർച്ച നടത്തുകയാണ്. അവര്‍ വീണ്ടും പദ്ധതി തട്ടിക്കുടഞ്ഞെടുത്ത് കൊണ്ട് പത്തനാപുരത്തേക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊണ്ടുവരാനുള്ള പരിപാടിയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന് പുറത്ത് വിശാഖപട്ടണം, നോയിഡ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലും ലുലുവിന്റെ പുതിയ മാള്‍ വരുന്നുണ്ട്. അഹമ്മാദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാളാണ് ലുലു ഗ്രൂപ്പ് പണിയുന്നത്. ഇതിനായി 500 ഏക്കറോളം ഭൂമി ലുലു അഹമ്മദാബാദില്‍ സ്വന്തമാക്കി കഴിഞ്ഞു. ചെന്നൈയില്‍ മെട്രോ കേന്ദ്രീകരിച്ച് മൂന്ന് മാളുകളാണ് നിർമ്മിക്കുന്നത്.












Click it and Unblock the Notifications