കോട്ടയം ലുലു മാളിന് എന്ത് സംഭവിച്ചു: ഉദ്ഘാടനത്തിന് ശേഷം ആളുകള്‍ കൈവിട്ടോ? എന്താണ് നിലവിലെ അവസ്ഥ
മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച ഓഫറുകള്‍ കൂടി ആയതോടെ ആളുകള്‍ ഇടിച്ച് കയറുന്ന സ്ഥിതിയുണ്ടായി. സാധാരണ ഗതിയില്‍ ഏത് പുതിയ ലുലു മാള്‍ വന്നാലും ആളുകള്‍ ഇത്തരത്തില്‍ ഇടിച്ച് കയറുന്നത് പതിവാണ്.
ഉദ്ഘാടനം കഴിഞ്ഞ ഒന്നര മാസം പിന്നിടുമ്പോഴും കോട്ടയം ലുലു ആളുകളുടെ വരവിന് കുറവൊന്നും ഇല്ല. ലുലുവിന്റെ സ്വന്തം ഹൈപ്പർ മാർക്കറ്റിലും ലുലു ഫാഷനിലും ബൈ വണ്‍ ഗെറ്റ് വണ്‍ അടക്കമുള്ള ഓഫറുകള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആളുകളെ പ്രധാനമായും ആകർഷിക്കുന്നത്.

ഉച്ച സമയത്ത് പോലും ലുലുവില്‍ എത്രത്തോളം തിരക്കുണ്ടെന്ന് റൂട്ട് കഫെ ബൈ രാഗേഷ് എന്ന യൂട്യൂബർ വീഡിയോ സഹിതം കാണിച്ചും തരുന്നുണ്ട്. 'ചിലർ പറയുന്നത് പോലെ ആദ്യത്തെ ഒരു തിരക്ക് മാത്രമല്ല, നല്ല സാധനങ്ങള്‍ കിട്ടി കഴിഞ്ഞാല്‍ ആളുകള്‍ എപ്പോള്‍ വേണമെങ്കിലും വരും മേടിക്കും. കോട്ടയത്തുകാർ അങ്ങനെ സാധനമൊന്നും വാങ്ങിക്കില്ലെന്ന് പറയുന്നുവരുണ്ട്. എന്നാല്‍ നല്ല സാധനമാണേല്‍ എത്ര വിലകൊടുത്തും വാങ്ങുന്നവരാണ് കോട്ടയത്തുകാർ' രാഗേഷ് പറയുന്നു.
രാഗേഷ് പറഞ്ഞതിന് സമാനമായ രീതിയിലുള്ള അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലും കാണാന്‍ സാധിക്കും. 'ശരിയാണ് കുറെ ആളുകൾ ഉദ്ഘാടന സമയങ്ങളിൽ പറഞ്ഞിരുന്നു, ഇത് കോട്ടയം ആടാ. ലുലു അല്ല എന്ത് വന്നാലും പൊട്ടും എന്ന്. എന്നാല് നല്ല സാധനം കിട്ടുന്ന സ്ഥലങ്ങൾ ആണേൽ കോട്ടയത്തുകാർ അവിടം ഏറ്റേടുക്കുക തന്നെ ചെയ്യും.. എത്ര ആളുകൾ അവിടെ ജോലി ചെയ്യുന്നു. ഒറ്റയടിക്ക് ലുലുവിനെ കുറ്റം പറയുന്നവരും പൂട്ടണം എന്ന് പറയുന്നവനും ഈ നൂറുകണക്കിന് ആളുകൾക്ക് ജോലി കൊടുക്കാൻ കൂടി ശ്രമിക്കണം.' എന്നാണ് മോഹനന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
കൊച്ചിയിലേത് പോലെ എങ്കിലും ഉള്ള മാൾ വേണമായിരുന്നു കോട്ടയത്ത്. കോട്ടയത്തിന് ഈ മാൾ പോര എന്നാണ് മറ്റൊരാള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്. വിശാലമായ പാർക്കിങും പ്രധാന നഗരഭാഗത്തില്‍ നിന്നും അല്‍പം മാറിയാണ് സ്ഥിതി ചെയ്യുന്നത് എന്നതും കോട്ടയും ലുലുവിന്റെ പ്രത്യേകതയാണ്. പിന്നെ കോട്ടയുത്തുകാരെ മനസ്സിലാക്കിക്കൊണ്ടുള്ള സാധനങ്ങളാണ് ഹൈപ്പർ മാർക്കറ്റിലേക്ക് ആളുകളെ ആകർഷിക്കുന്നതിന്റെ മറ്റൊരു പ്രധാന ഘടകം.
ലുലു ഗ്രൂപ്പിന്റെകേരളത്തിലെ അഞ്ചാമത്തെ മാളാണ് കോട്ടയത്തേത്. കൊച്ചി, തിരുവന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലുലുവിന് നിലവില്‍ മാളുകളുള്ളത്. കൊച്ചി, തിരുവനന്തപുരം മാളുകളില്‍ നിന്ന് വ്യത്യസ്തമായി കോഴിക്കോട്, പാലക്കാട് മാളുകളുടെ മാതൃകയില്‍ മിനി മാളാണ് കോട്ടയത്തുകാർക്കായി ലുലു ഗ്രൂപ്പ് ഒരുക്കിയത്.
2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന മാളില്‍ 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഫൂഡ്കോർട്ടില്‍ ഒരേസമയം 400 പേർക്ക് ഇരിക്കാന്‍ സാധിക്കും. ചിക്കിംഗ്, മക്‌ഡൊണാൾഡ്‌സ്, കെ എഫ് സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളും മാളില്‍ സജ്ജമാണ്.












Click it and Unblock the Notifications