ലുലു പൊളിയാണ്; ഉദ്ഘാടനത്തിന് പിന്നാലെ ആഘോഷം തുടങ്ങി: കോട്ടയംകാർക്ക് തകർത്തടിക്കാം
കോട്ടയം: ഉദ്ഘാടനത്തിന് പിന്നാലെ കോട്ടയം ലുലുമാളില്‍ ക്രിസ്തുമസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കമായി. ട്രീലൈറ്റിങ്ങും സാന്റകളുടെ ബൈക്ക് റാലിയോടും കൂടിയാണ് മാളിലെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. നടൻ കൈലാഷ് ചടങ്ങിൽ മുഖ്യാഥിതിയായി. വൈകിട്ട് സംഘടിപ്പിച്ച സാന്റാകളുടെ ബൈക്ക് റാലി തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഫ്ളാഗ് ഓഫ് കർമ്മത്തോടെ 50ലധികം വരുന്ന സാന്റകൾ ലുലുമാളിൽ നിന്ന് ബൈക്ക് റാലിയുമായി നഗരത്തിലേക്ക് ഇറങ്ങി.
നഗരം ചുറ്റി തിരികെയെത്തിയ സാന്റാ സംഘത്തെ മാളിലെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. കരോൾ ഗാന അകമ്പടിയോടെയാണ് വിന്റേജ് കാറിൽ സാന്റയ്ക്കൊപ്പം നടൻ കൈലാഷ് വന്നിറങ്ങിയത്. മാളിലേക്ക് എത്തിയ കൈലാഷിനേയും സാന്റയേയും ജീവനക്കാരും മാളിലെ സന്ദർശകരും ചേർന്ന് സ്വീകരിച്ചു. കോട്ടയം ലുലുവിലെ ആദ്യ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കാളിയായതിൽ സന്തോഷമെന്ന് കൈലാഷ് പ്രതികരിച്ചു.

തുടർന്ന് ജീവനക്കാർ മെഴുക് തിരി തെളിയിച്ച് മാളിനെ ദീപാലങ്കാരമാക്കി. കൗണ്ട് ഡൗൺ ചെയ്തതോടെ കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെ കൂറ്റൻ ട്രീവിളക്കുകൾ കൈലാഷ് സ്വിച്ച് ഓൺ ചെയ്ത് തെളിയിച്ചു. മാളിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് സന്ദർശകരും ചടങ്ങിന് സാക്ഷിയായി. പിന്നീട് മാളിലെ എട്രിയത്തിലൊരുക്കിയ കേക്ക് കട്ടിങ് ആഘോഷ പരിപാടികൾ താരം കേക്ക് മുറിച്ചു കൊണ്ട് തുടക്കമിട്ടു. മാൾ ജനറൽ മാനേജർ മറ്റ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ ദിവസമാണ് കോട്ടയം മാള്‍ നാടിനായി സമർപ്പിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എഎ യൂസഫലി അടക്കമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ മാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എംസി റോഡിൽ മണിപ്പുഴയില്‍ ആരംഭിച്ചിരിക്കുന്നത് ലുലുവിന്റെ കേരളത്തിലെ അഞ്ചാമത്തെ മാളാണ്. കോഴിക്കോട്, പാലക്കാട് മാതൃകയിലുള്ള മിനി മാളാണ് ലുലു കോട്ടയത്തിനായി ഒരുക്കിയിരിക്കുന്നത്.

2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാള്‍ രണ്ട് നിലകളിലായാണ് മാൾ പ്രവർത്തിക്കുന്നത്. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ലുലുവിന്റെ ഹൈപ്പർ മാർക്കറ്റാണ് താഴത്തെ നിലയിൽ. ഫാഷൻ സ്റ്റോറും ലുലു കണക്ടും മുകളിലത്തെ നിലയിലുണ്ടാകും. ലോകോത്തര ബ്രാന്റുകള്‍ക്കൊപ്പം ലുലു കണക്ട്, ലുലു ഫാഷന്‍ എന്നിവയും ഇവിടി സജ്ജീകരിച്ചിട്ടുണ്ട്. 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ടാണ് കോട്ടയം ലുലു മാളിന്റെ മറ്റൊരു പ്രത്യേകത. ഒരേ സമയം 1000 വാഹനങ്ങളും പാർക്ക് ചെയ്യാം.












Click it and Unblock the Notifications