കോഴിക്കോട് ലുലുവില്‍ മോഷണ ശ്രമം: 7500 രൂപയുടെ സാധനം വാങ്ങി, പിന്നാലെ നാടകീയ നീക്കം,ഒടുവില്‍ പിടിവീണു
മലബാറുകാർക്കുള്ള ഓണ സമ്മാനം എന്ന പ്രഖ്യാപനത്തോടെയാണ് കോഴിക്കോട് ലുലു മാള്‍ കഴിഞ്ഞ സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കൊച്ചിയിലേതും തിരുവനന്തപുരത്തേതും പോലെ അത്ര വലിയ മാള്‍ അല്ലെങ്കിലും വരുന്ന ആളുകളുടെ കാര്യത്തില്‍ കുറവൊന്നും ഇല്ല. ഈ തിരക്ക് മുതലെടുത്തും മറ്റും വലിയ മോഷണ ശ്രമങ്ങളും ലുലു മാള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
ഉദ്ഘാടനം ചെയ്യപ്പെട്ട ഒന്നര മാസം തികയുന്നതിന് മുമ്പ് തന്നെ കോഴിക്കോട് ലുലു മാള്‍ കേന്ദ്രീകരിച്ച് രണ്ട് മോഷണങ്ങളാണ് നടന്നത്. വിദഗ്ധമായി മോഷണം നടത്തിയെങ്കിലും രണ്ടിലേയും പ്രതികളെ അതിലേറെ വിദഗ്ധമായി പൊലീസ് പിടികൂടുകയും ചെയ്തു എന്നതാണ് പ്രത്യേകത. ആദ്യ തവണ കാസർകോട് സ്വദേശികളായ ദമ്പതികളാണ് മോഷണത്തിന് പിടിയിലായതെങ്കില്‍ കഴിഞ്ഞ ദിവസം പിടിയിലായത് കൊയിലാണ്ടി സ്വദേശിയായ വയോധികനാണ്.

മൊയ്തീന്‍കുട്ടി(66) എന്നയാളാണ് ലുലു മാളില്‍ മോഷണ ശ്രമം നടത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. മാളില്‍ എത്തിയ മൊയ്തീന്‍ കുട്ടി ഗ്രോസറി സാധനങ്ങളാണ് എടുത്ത് കൂട്ടിയത്. ഏകദേശം 7500 രൂപയോളം വിലയും വരും ഇതിനെല്ലാം കൂടി.
സാധനങ്ങള്‍ എടുത്ത ശേഷം ബില്ല് അടക്കാന്‍ പോകുന്നിടത്താണ് മൊയ്തീന്‍ കുട്ടി തന്റെ തട്ടിപ്പ് പുറത്തെടുത്തത്. ബില്ല് അടക്കാതെ കൗണ്ടറിലെ ജീവനക്കാരനെ കബളിപ്പിച്ച് കടന്നുകളയാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ ജീവനക്കാർ ഇത് മനസ്സിലാക്കുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ കോഴിക്കോട് കസബ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം, ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ തന്നെയായിരുന്നു മാളിലെ ആദ്യ മോഷണം നടന്നത്. മാളിന്റെ പ്രാർത്ഥനാ മുറിയില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാലയായിരുന്നു അന്ന് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാന്‍, ഭാര്യ ഷാഹിന എന്നിവരെ പൊലീസ് പിടികൂടുകയും ചെയ്തു.
മാളിലെത്തി കുഞ്ഞിന്റെ മാല മോഷ്ടിച്ച പ്രതികള്‍ ട്രെയിനില്‍ തിരികെ കാസർകോട്ടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തെങ്കിലും പൊലീസ് സി സി സി ടി വി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ കുഞ്ഞിന്റെ മാതാപിതാക്കള്‍ വിവരം ലുലു ഗ്രൂപ്പ് അധികൃതരേയും പിന്നാലെ പൊലീസിനേയും അറിയിക്കുകയുമായിരുന്നു.
സി സി സി ടി വി പരിശോധനയില്‍ പ്രതികളെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി.മാളിലെ പ്രാർത്ഥന മുറിയില്‍ വെച്ച് 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നും പ്രതികള്‍ മാല പിടിച്ച് പറിക്കുന്നത് പോലുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണത്തിന് പിന്നാലെ മാളില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ ഒരുമിച്ച് സഞ്ചരിക്കാതെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്.
സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ ഒരുമിച്ച കാസർകോടേക്ക് പോകുകയും ചെയ്തു. നേരത്തെ ന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളായിരുന്നു ഇരുവരും. കാസർകോട് പടന്നയില്‍ എത്തിയ കോഴിക്കോട് സിറ്റി പൊലീസും ക്രൈം സ്‌ക്വാഡും ചേർന്നാണ് ഇരുവരേയും പിടികൂടുന്നത്. പ്രതികളില്‍ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു.












Click it and Unblock the Notifications