ലുലു മാൾ തുറന്ന് മണിക്കൂറുകൾക്കകം പൂട്ടി, അധികാരികൾ വന്ന് പൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു';എംഎ യൂസഫലി
ലോകത്തിലെ അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളിലൊന്നാണ് ലുലു ഗ്രൂപ്പ്. പ്രതിവർഷം 8 ബില്യൺ ഡോളറിലധികം വിറ്റുവരവും 40-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 65,000-ത്തിലധികം ജീവനക്കാരുമുള്ള ലുലു, മിഡിൽ ഈസ്റ്റ് റീട്ടെയിൽ മേഖലയിൽ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയുൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ പ്രധാനപ്പെട്ട ബിസിനസ് സംരംഭങ്ങളിലൊന്നാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും തുറന്ന ദിനം തന്നെ ലുലു മാൾ അടച്ച് പൂട്ടേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. എന്തുകൊണ്ട് അടച്ച് പൂട്ടി എന്ന വിശദീകരണമാണ് പക്ഷെ കൗതുകകരം. കഴിഞ്ഞ ദിവസം സലാലയിൽ വെച്ച് എംഎ യൂസഫലി ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇങ്ങനെ

' സലാലക്ക് ഒരുപാട് പ്രത്യേകതയുണ്ട്, എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇവിടെ ഷോപ്പ് തുടങ്ങുകയും അന്ന്തന്നെ അത് പൂട്ടുകയും ചെയ്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. എന്റെ ബിസിനസ് ജീവിതത്തിലേയും, ലോകത്തിലെ ബിസിനസ് സംരംഭങ്ങളുടേയും ആദ്യത്തെ അനുഭവമായിരിക്കും ഇത്. ഞാനിവിടെ ആദ്യമായി ഒരു ഹൈപ്പർ മാർക്കറ്റ് തുടർന്ന് നാല് മണിക്കൂർ കഴിഞ്ഞപ്പോൾ ഇവിടത്തെ അധികാരികൾ വന്നിട്ട് പറഞ്ഞു യൂസഫ് എന്നെ യൂസഫ് എന്നാണ് അറബികൾ ഒക്കെ വിളിക്കാറ്, യൂസഫ് ഇത് പൂട്ടിയിട്ടില്ലെങ്കിൽ പതിനായിരം ആളുകളാണ് പുറത്തത് നിൽക്കുന്നത്. അവരെല്ലാവരും കൂടി ഇതിന്റെ ഉള്ളിൽ കയറും . ആയതുകൊണ്ട് ഇപ്പോ തന്നെ പൂട്ടുക എന്നിട്ട് പതുക്കെ നാളെ മുതൽ ആദ്യം ഫാമിലി , പിന്നെ ബാച്ചിലർ അങ്ങനെയായിട്ട് പ്രവേശിപ്പിക്കുകയെന്ന്. ആദ്യമായി സുൽത്താനറ്റ് ഓഫ് ഒമാനിൽ ഞാൻ ഷോപ്പ് തുടങ്ങിയത് സലാലയിലാണ്', അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ ലുലു മാളിന് എത്രമാത്രം സ്വീകാര്യതയുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് യൂസഫലിയുടെ വാക്കുകൾ. ആഗോള നിലവാരവും പ്രാദേശിക പ്രസക്തിയും ഒരുപോലെ സംയോജിപ്പിക്കുന്നതിലൂടെയാണ് ലുലു ഗ്രൂപ്പ് ഗൾഫ് രാജ്യങ്ങളിലെ ജനപ്രിയ ബ്രാൻഡുകളിൽ മുൻനിരയിലെത്തിയത്. എമിറേറ്റ്സ് എയർലൈൻസിന് ഒപ്പം, ഏറ്റവും പ്രചാരമുള്ള അഞ്ച് ബ്രാൻഡുകളിൽ ഒന്ന് കൂടിയാണ് ലുലു. പ്രതിദിനം 130 രാജ്യങ്ങളിൽ നിന്നുള്ള ആറ് ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ലുലു സേവനം നൽകുന്നുണ്ട്.
ലഭ്യത, വൈവിധ്യം, സൗകര്യം എന്നിവയാണ് ലുലുവിന്റെ വിജയഘടകങ്ങൾ. ഓരോ സ്റ്റോറിലും ഒരു ലക്ഷത്തിലധികം ഉൽപ്പന്നങ്ങളാണ് ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.. വിശാലമായ പാർക്കിംഗ് സൗകര്യം, സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ഫ്രഷ് ഫുഡ് ഉൽപ്പന്നങ്ങൾ, "ഹാപ്പിനസ്" പോലുള്ള ലോയൽറ്റി പ്രോഗ്രാമുകൾ എന്നിവ ഉപഭോക്താക്കളെ വീണ്ടും ലുലുവിലേക്ക് ആകർഷിക്കുന്നു.
പ്രത്യേകിച്ച്, വളർന്നുവരുന്ന മധ്യവർഗത്തിനും വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഇടയിൽ ലുലു ഒരു സാംസ്കാരിക കേന്ദ്രമായി മാറിക്കഴിഞ്ഞു. 30,000-ത്തിലധികം ഇന്ത്യൻ ജീവനക്കാർ ലുലുവിലുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പുറമെ ദീപാവലി പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലുലു നടത്തുന്ന പ്രൊമോഷനുകളിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകാറുണ്ട്. 'ലോകം മുഴുവൻ ഷോപ്പിംഗിനായി എത്തുന്ന ഇടം എന്നാണ് ലുലുവിനെ വിശേഷിപ്പിക്കുന്നത്.
പുതിയ ഷോറൂം തുറക്കുമ്പോൾ തന്നെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. വാരാന്ത്യങ്ങളിലെ തിരക്ക് ഒരു സാധാരണ കാഴ്ചയാണെങ്കിലും, ഇത് ആധുനിക റീട്ടെയ്ൽ രംഗത്ത് ലുലുവിനുള്ള പ്രാധാന്യം കൂടി അടയാളപ്പെടുത്തുന്നതാണ് ഈ തിരക്ക്.












Click it and Unblock the Notifications