വീണ്ടും ചരിത്രം കുറിക്കുന്നു, തിരുവനന്തപുരം ലുലുവിൽ ആദ്യമായി ഒരു സർക്കാർ സ്ഥാപനത്തിന് ഷോറൂം
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ലുലു മാള്‍ ആണ് തിരുവനന്തപുരത്തേത്. മുന്നൂറില്‍ കൂടുതല്‍ ആഭ്യന്തര-വിദേശ ബ്രാന്‍ഡുകള്‍ ഉളള ലുലു മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ 12 ആങ്കര്‍ സ്‌റ്റോറുകളും ഉണ്ട്. ലുലു പോലൊരു അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഇതുവരെ ഒരു പൊതുമേഖലാ സ്ഥാപനത്തിനും ഷോറൂം ഇല്ല.ആ ചരിത്രം ഇവിടെ തിരുത്തിക്കുറിക്കാന്‍ പോവുകയാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്ഥാപനം ലുലു മാളില്‍ ഷോറൂം ആരംഭിക്കുന്നു. കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷനാണ് ആ ചരിത്രം കുറിക്കുന്നത്. തിരുവനന്തപുരം ലുലു മാളില്‍ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയന്‍സ് ഷോറൂം ആണ് കേരള കയര്‍ കോര്‍പറേഷന്‍ ആരംഭിക്കുന്നത്. ഉന്നത നിലവാരവുളള മെത്തകളുടെ വലിയ ശേഖരമാണ് ഈ ഷോറൂമില്‍ ഒരുക്കുക. മാത്രമല്ല അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്ന ഗുണനിലവാരമുളള കയര്‍ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാകും.

കേരള കയര്‍ കോര്‍പറേഷന്റെ ഉന്നത നിലവാരമുളള കയര്‍ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര ബിസിനസ്സ് ഭീമനായ വാള്‍മാര്‍ട്ടിലേക്ക് അടക്കം കയറ്റി അയക്കുന്നുണ്ട്. അതേ ഗുണമേന്മയുളള ഉല്‍പ്പനങ്ങള്‍ ഇനി തിരുവനന്തപുരം ലുലു മാളിലുളള ഷോറൂമില്‍ നിന്നും നിങ്ങള്‍ക്ക് സ്വന്തമാക്കാം. ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ ഷോറൂം ഒരുക്കിയിരിക്കുന്നത്. 5000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന മെത്തകള്‍ ഇവിടെ നിന്ന് നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
''2 സാമ്പത്തിക വര്‍ഷക്കാലം ഏതാണ്ട് 40 കോടി രൂപയുടെ വിറ്റുവരവാണ് കേരള കയര്‍ കോര്‍പറേഷന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുളളത്. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തില്‍ ആഭ്യന്തര വിപണി വിപുലപ്പെടുത്താനുളള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ലഭ്യമാകുന്ന അതേ ഗുണമേന്മയുളള ഉത്പന്നങ്ങള്‍ കേരളത്തിലും ലഭ്യമാകുന്ന തരത്തിലാണ് ഈ വിപണന കേന്ദ്രം ലുലുവില്‍ ആരംഭിക്കുന്നത്. ആലപ്പുഴയുടെ കയര്‍ ഇന്ന് കടല്‍ കടന്ന് വിദേശരാജ്യങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തുവാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകോത്തര വിപണിയില്‍ എത്തിപ്പെടാനുളള 7 സര്‍ട്ടിഫിക്കേഷനുകള്‍ കയര്‍ കോര്‍പറേഷന് ചുരുങ്ങിയ കാലയളവിനുളളില്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്'', കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ എംഡി ഡോ. പ്രതീഷ് ജി പണിക്കര്‍ പറയുന്നു.
ജൂലൈ 10 വ്യാഴാഴ്ച വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ലുലു മാളിലെ കയര്‍ കോര്‍പറേഷന്റെ ഷോറൂം ഉദ്ഘാടനം ചെയ്യും. കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും.












Click it and Unblock the Notifications