'തിരുവനന്തപുരം ലുലു പരാജയപ്പെട്ടിരിക്കുന്നു'; കാരണം മാളില്‍ എത്തുന്നവർക്ക് അറിയാം: വൈറലായി കുറിപ്പ്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്. ഏകദേശം 20 ലക്ഷത്തോളം ചരുരശ്രയടി വിസ്തീർണ്ണത്തില്‍ 2000 കോടി രൂപയിലേറെ ചിലവിട്ടുകൊണ്ടാണ് ലുലു തലസ്ഥാനത്തെ മാള്‍ നിർമ്മിച്ചത്. ഇത്രയും വലിയ മാള്‍ തിരുവനന്തപുരത്തിന് ആവശ്യമുണ്ടോ? അത്രയും ആളുകള്‍ വരുമോ എന്ന് തുടങ്ങിയ നിരവധി സംശയങ്ങള്‍ തുടക്കത്തിലുണ്ടായിരുന്നെങ്കിലും ഉദ്ഘാടനത്തിന് പിന്നാലെ തിരുവനന്തപുരം നിവാസികള്‍ ലുലു മാളിനെ ഏറ്റെടുക്കുകയായിരുന്നു.
നിലവില്‍ പ്രവൃത്തിദിവസങ്ങളിൽ ശരാശരി 60,000-ത്തിലധികം ആളുകൾ തിരുവനന്തപുരം ലുലു മാള്‍ സന്ദർശിക്കുന്നുണ്ടെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. വാരാന്ത്യങ്ങളിൽ ഇത് 70000 മുതൽ ഒരു ലക്ഷം വരേയുമാണ്. ഉത്സവ സീസുകളില്‍ ഇത് വീണ്ടും കുത്തനെ ഉയരെ. ഇത്തരത്തില്‍ ലുലു ഗ്രൂപ്പിനെ ഇരു കൈയും നീട്ടി സ്വീകരിച്ച തിരുവനന്തപുരത്തുകാരെ കുറിച്ച് ശ്രീരാജ് എസ് ആറ്റിങ്ങല്‍ എന്ന വ്യക്തി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'തിരുവനന്തപുരം ലുലു മാൾ പരാജയപ്പെട്ടിരിക്കുന്നു'
തിരുവനന്തപുരത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ സ്ഥാപിക്കപ്പെട്ടപ്പോൾ ചില തലസ്ഥാനവിരുദ്ധർ സഹിക്കാനാകാതെ സോഷ്യൽമീഡിയയിലൂടെ തിരുവനന്തപുരം ലുലു മാൾ ഇന്ത്യയിലെ ഏറ്റവും വലുതല്ല എന്ന രീതിയിൽ പ്രചരണം അവരുടെ മനസ്സിലെ വിഷമം തീർത്തു. ഒപ്പം ഫുട്ഫാൾസ് കുറവാണെന്നും തിരുവനന്തപുരം ലുലു മാൾ പരാജയമാണെന്നും പല പേജുകളിലും എഴുതിപ്പിടിപ്പിച്ച് ആത്മരതി കൊണ്ടു.
പക്ഷേ ദിവസങ്ങളുടെ ആയുസ്സ് പോലും ആ കിംവദന്തിക്ക് ഉണ്ടായില്ല. അതിനുമുമ്പ് തന്നെ ലുലുവിന്റെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ തിരുവനന്തപുരം ലുലുവാണ് ഇന്ത്യയിലെ ഏറ്റവും വലിയ മാൾ എന്നും ഏറ്റവും കൂടുതൽ ഫുട്ഫാൾസ് ഉള്ളതും അവിടെയാണെന്നും അവർ വെളിപ്പെടുത്തി.
പക്ഷേ.... എന്നാൽ ഇന്ന് ലുലു മാളിൽ വരുന്ന ഓരോരുത്തരും ഒന്നടങ്കം പറയുന്നു: "തിരുവനന്തപുരം ലുലു മാൾ പരാജയപ്പെട്ടിരിക്കുന്നു". അതെന്തുകൊണ്ടെന്ന് തിരുവനന്തപുരം ലുലു മാൾ ഈയടുത്ത് സന്ദർശിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ മാളിനുള്ളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്തത്ര തിരക്കാണ്.ആ മാളിനു ഉൾക്കൊള്ളാൻ ആകാത്ത അത്ര ഒഴുക്കാണ് അങ്ങോട്ട്. വൈകിട്ട് 6മണി കഴിഞ്ഞാൽ പാർക്കിംഗ് നാഷണൽ ഹൈവേയുടെ ഇരുകരകളിലും 7 മണി ആയാൽ ആക്കുളം പാലവും നിറയും. ലുലുവിൽ ഇപ്പോൾ വീണ്ടും പുതിയ മൾട്ടിലെവൽ പാർക്കിംഗ് കെട്ടിടം പുതുതായി പണിയുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മാൾ പരാജയപ്പെട്ടിരിക്കുന്നു. ഈ നഗരത്തിന്റെ പർച്ചേസിംഗ് പവറിനോട്. മൂന്നു നാല് കിലോമീറ്റർ അപ്പുറം ഇതേ റോഡിന് സമീപത്തുള്ള മാൾ ഓഫ് ട്രാവൻകൂറിലേക്ക് അതേസമയത്ത് ഒന്നു പോയാൽ അവിടെയും ഇതുതന്നെ സ്ഥിതി. അവിടെ നിലവിലുള്ള ഫുഡ് കോർട്ട് തികയാഞ്ഞിട്ട് വീണ്ടും അതേ വലിപ്പമുള്ള പുതിയ ഫുഡ് കോർട്ട് കൂടി ആരംഭിച്ചിരിക്കുന്നു.
അദാനിയുടെയും ടോറസിന്റെയും ബ്രിഗേഡ് ഗ്രൂപ്പിന്റെയും ടെക്നോസിറ്റിയിലെയും ഒക്കെ വരാനിരിക്കുന്ന പുതിയ മാളുകൾക്ക് കേരളത്തിലെ ഏറ്റവും ക്രൗഡഡ് സിറ്റിയിലേക്ക് സുസ്വാഗതം.












Click it and Unblock the Notifications