ലുലുമാൾ തിരുവനന്തപുരമാണ് വലുതെങ്കിലും കൂടുതൽ പേരെത്തുന്നത് കൊച്ചി ലുലുവിൽ; വീണ്ടും തർക്കം, ചർച്ച
കേരളത്തിലെ ഏറ്റവും വലിയ ലുലു മാൾ ഏതാണ്? കൊച്ചിക്കാരും തിരുവനന്തപുരത്തുകാരും തമ്മിൽ ഇത് ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പതിവാണ്. ഇപ്പോഴിതാ പുതിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ഏറ്റവും വലിയ ലുലു മാൾ തിരുവനന്തപുരം ലുലു മാൾ ആണെങ്കിലും ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന മാൾ കൊച്ചി മാൾ ആണെന്നാണ് പോസ്റ്റ്.
പോസ്റ്റിന് താഴെ നിരവധി പേരാണ് വാദത്തെ ചൊല്ലി തർക്കിക്കുന്നത്. എന്താണ് യാഥാർത്ഥ്യം?നോക്കാം
കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ തിരുവനന്തപുരം ലുലു മാൾ തന്നെയാണ്. ഏകദേശം 22 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമാണ് മാളിനുള്ളത്. കൊച്ചിയിലെ ലുലു മാളിന്റെ വിസ്തീർണ്ണം 18.5 ലക്ഷം ചതുരശ്ര അടിയാണ്. എന്നിരുന്നാലും 2013 ൽ തുറന്ന കൊച്ചി മാളാണ് സന്ദർശകരുടെ എണ്ണത്തിൽ മുന്നിൽ.

പ്രതിദിനം 80,000-ത്തിലധികം ആളുകളാണ് കൊച്ചി ലുലു മാൾ സന്ദർശിക്കുന്നത്. 2023 അവസാനത്തോടെ ആകെ സന്ദർശകരുടെ എണ്ണം 25 കോടി കവിഞ്ഞു. തിരുവനന്തപുരം മാൾ വലുതാണെങ്കിലും, മെട്രോ കണക്റ്റിവിറ്റിയും വിനോദസഞ്ചാര പ്രാധാന്യവുമാണ് കൊച്ചി മാളിന് കൂടുതൽ സന്ദർശകരെ നേടിക്കൊടുക്കുന്നത്.
കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ പുതിയ ലുലു മാളുകളിലെ സന്ദർശകരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും, സന്ദർശകരുടെ എണ്ണത്തിൽ കൊച്ചി ലുലു മാൾ തന്നെയാണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത്.
കൊച്ചി ലുലു മാൾ
225-ൽ അധികം റീട്ടെയിൽ സ്റ്റോറുകൾ മാളിലുണ്ട്. കൂടാതെ വലിയ സൂപ്പർ മാർക്കറ്റും ഇതിൽ ഉൾപ്പെടുന്നു. എച്ച്&എം, സാര, മാർക്ക്സ് & സ്പെൻസർ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളും ഫാഷൻ, ഇലക്ട്രോണിക്സ്, ജ്വല്ലറി സ്റ്റോറുകളും ഇവിടെ ഉണ്ട്. 3,600-ൽ അധികം സീറ്റുകളുള്ള വലിയ ഫുഡ് കോർട്ടിൽ, 40-ൽ അധികം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡ് മുതൽ മികച്ച ഡൈനിംഗ് ഓപ്ഷനുകൾ വരെ ഇവിടെയുണ്ട്.
വിനോദത്തിനായി വിവിധ സൗകര്യങ്ങളാണ് കൊച്ചി ലുലു മാളിൽ ഒരുക്കിയിരിക്കുന്നത്. ഐമാക്സ്, 4ഡിഎക്സ് സൗകര്യങ്ങളുള്ള 9 സ്ക്രീൻ പിവിആർ സിനിമാസ് മൾട്ടിപ്ലക്സ്, ഫൺടൂർ അമ്യൂസ്മെന്റ് സോൺ, ഒരു ബൗളിംഗ് അല്ലി, ഇൻഡോർ ക്ലൈംബിംഗ് വാൾ എന്നിവയും കൊച്ചിയിലുണ്ട്. 3,800-ൽ അധികം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും. , 8,000-ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊച്ചിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ടൂറിസത്തിനും മാൾ വലിയ സംഭാവന നൽകുന്നുണ്ട്.
തിരുവനന്തപുരം ലുലുമാൾ
തിരുവനന്തപുരത്തെ ലുലു മാളിൽ 300-ൽ അധികം റീട്ടെയിൽ സ്റ്റോറുകളുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, സാറ, എച്ച് & എം, ലൈഫ്സ്റ്റൈൽ തുടങ്ങിയ ആഗോള ബ്രാൻഡുകൾ,ഫാഷൻ, ഇലക്ട്രോണിക്സ്, ജ്വല്ലറി, ഹോം ഡെക്കർ ഉത്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം മാളിൽ ലഭ്യമാണ്. ഭക്ഷണശാലകളുടെ കാര്യത്തിലും ലുലു മാൾ മുന്നിട്ട് നിൽക്കുന്നു. 3000-ൽ അധികം സീറ്റുകളുള്ള വലിയ ഫുഡ് കോർട്ടിൽ 30-ൽ അധികം ഭക്ഷണശാലകളുണ്ട്. സ്റ്റാർബക്സ് പോലുള്ള പ്രമുഖ കഫേകളും മാളിലുണ്ട്.
വിനോദത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള 12 സ്ക്രീൻ പിവിആർ സിനിമാസ് മൾട്ടിപ്ലക്സ്, കുടുംബങ്ങൾക്കായുള്ള ഫൺടൂർ അമ്യൂസ്മെന്റ് സോൺ, ട്രാംപോളിൻ പാർക്കുകൾ, ഗെയിമിംഗ് ആർക്കേഡുകൾ എന്നിവയും മാളിന്റെ പ്രധാന ആകർഷണങ്ങളാണ്. ദിവസേന ഏകദേശം 50,000-ൽ അധികം ആളുകൾ മാൾ സന്ദർശിക്കുന്നു. . ടെക്നോപാർക്കുമായുള്ള സാമീപ്യവും മികച്ച റോഡ് കണക്റ്റിവിറ്റിയും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
3,500-ൽ അധികം കാറുകൾ ഒരേസമയം പാർക്ക് ചെയ്യാൻ സാധിക്കും. 6,000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകിയ ലുലു മാൾ തിരുവനന്തപുരത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തെക്കൻ കേരളത്തിലെ ഒരു പ്രധാന റീട്ടെയിൽ, ടൂറിസം കേന്ദ്രമെന്ന നിലയ്ക്കും വലിയ സംഭാവന നൽകുന്നു.












Click it and Unblock the Notifications