ലുലു മാൾ എത്തും; ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എംഎ യൂസഫലി; അതിനും മുൻപ് മറ്റൊരു സർപ്രൈസ്
ലുലുമാൾ വിശാഖപട്ടണത്ത് 2028 ഓടെ യാഥാർത്ഥ്യമാകും. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയാണ് ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നായിഡു യുഎഇയിലെത്തിയപ്പോഴാണ് ഇരുവരും ചർച്ച നടത്തിയത്.
2017 ൽ തന്നെ ആന്ധ്രയിൽ ലുലുവിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ചന്ദ്രബാബു നായിഡു നടത്തിയിരുന്നു, മാളിനായി ഭൂമിയും അനുവദിച്ചിരുന്നു. എന്നാല്‍ തുടർന്ന് അധികാരത്തില്‍ വന്ന ജഗന്‍ മോഹന്‍ റെഡ്ഡി സർക്കാർ ഇത് റദ്ദാക്കി. പിന്നീട് ഇക്കഴിഞ്ഞ വർഷം അധികാരത്തിലേക്ക് നായിഡു വീണ്ടും തിരിച്ചെത്തിയപ്പോഴാണ് ലുലുവിനെ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് വേഗം പകർന്നത്.

ഒരുങ്ങുന്നത് വമ്പൻ മാളുകൾ
ജുലൈയിൽ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിന് വിശാഖപട്ടണത്തും വിജയവാഡയിലും ഷോപ്പിംഗ് മാൾ പദ്ധതികൾക്കായി സർക്കാർ ഭൂമി അനുവദിച്ചിരുന്നു. വിശാഖപട്ടണത്ത്, ഹാർബർ പാർക്കിൽ, ബീച്ച് റോഡിനോട് ചേർന്ന് 13.74 ഏക്കർ എപിഐഐസ് ഭൂമിയാണ് അനുവദിച്ചത്. 1,066 കോടി രൂപ ചെലവിലാണ് പദ്ധതിയൊരുങ്ങുക. 99 വർഷത്തേക്കുള്ള പാട്ടക്കരാറിൽ, ആദ്യത്തെ മൂന്ന് വർഷം വാടകയില്ലാതെയും പിന്നീട് ഓരോ ദശാബ്ദത്തിലും 10 ശതമാനം വാടക വർദ്ധനവ് എന്ന രീതിയിലുമാണ് കരാർ.
13.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ മാളിൽ 6 ലക്ഷം ചതുരശ്ര അടി പാർക്കിംഗ് സ്ഥലവും ഉൾപ്പെടുന്നു. 2,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പ്രധാന കടകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഹൈപ്പർമാർക്കറ്റ്, ഫുഡ് കോർട്ട്, മൾട്ടിപ്ലക്സ് എന്നിവയെല്ലാം മാളിൽ സജ്ജമാക്കും.
വിജയവാഡയിൽ, 4.15 ഏക്കർ ഭൂമിക്കും തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. 156 കോടി രൂപയുടെ മാളാണ് ഇവിടെ നിർമ്മിക്കുന്നത്. 65 വർഷത്തെ പാട്ടക്കരാറാണ് ഇവിടെ, ഇത് 33 വർഷത്തേക്ക് കൂടി നീട്ടാൻ സാധിക്കും. 2.32 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാളിൽ 200 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും 120 റീട്ടെയിൽ കടകളും ഉൾപ്പെടും.
ജൂലൈ 17-ന് സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡ് (സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോഡ്) ഈ ഭൂമിയിടപാടുകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, എ പി എസ് ആർ ടി സി യൂണിയനുകൾ ഇതിനെ എതിർക്കുന്നുണ്ട്. വിജയവാഡയിലെ ഭൂമി കനാലിന് അടുത്തായതിനാൽ മലിനീകരണ സാധ്യതയുണ്ടെന്നും മറ്റ് ആർടിസി ഭൂമി അപര്യാപ്തമാണെന്നും ഇവർ വാദിക്കുന്നു. അതേസമയം ഭൂമി അനുവദിച്ചടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിൽ ഇരു ഭൂമിയിടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടുണ്ട്.
അയയാതെ ജഗനും കൂട്ടരും
ജഗൻമോഹന്റെ നേതൃത്വത്തിലും ലുലു മാളിന് ഭൂമി അനുവദിച്ചതിനെ ചൊല്ലി വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ലുലു ഗ്രൂപ്പിന് ഭൂമി നല്‍കിയതില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നുവെന്നാണ് ജഗൻ മോഹന്റെ കുറ്റപ്പെടുത്തൽ. ബീച്ച് റോഡിലെ സുപ്രധാനമായ ഭൂമി നാമമാത്രമായ നിരക്കിൽ കൈമാറിയെന്നും, അതിനാൽ ഭൂമി സർക്കാർ ഉടമസ്ഥതയില്‍ തന്നെ നിലനിർത്തി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന മറ്റ് പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തണമെന്നുമാണ് ജഗൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യം.
വിജയവാഡയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം
ലുലു മാൾ വരാൻ വൈകുമെങ്കിലും വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം മന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. അതേസമയം ലുലു ഗ്രൂപ്പിന്റെ എല്ല പ്രവർത്തനങ്ങൾക്കും തങ്ങളുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയിൽ നായിഡുവും ഉറപ്പ് നൽകി.












Click it and Unblock the Notifications