ലുലു മാളിന്റെ പേരില്‍ പൊരിഞ്ഞ തല്ല്: കൊച്ചിക്കാരും തലസ്ഥാനക്കാരും തമ്മില്‍, കാരണം ഇത്
മലയാളികള്‍ക്ക് പുതിയ ഷോപ്പിങ് അനുഭവം പങ്കുവെച്ചുകൊണ്ട് 2013 ലാണ് കൊച്ചിയില്‍ ലുലു ഗ്രൂപ്പ് ആദ്യമായി മാള്‍ തുറക്കുന്നത്. അന്നുവരെ ഗള്‍ഫ് മേഖലയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ തന്നെ ആദ്യമായി തുറന്ന മാളായിരുന്നു കൊച്ചിയിലേത്. വർഷങ്ങളേറെ പിന്നിട്ടിട്ടും ഇന്നും കൊച്ചിയില്‍ എത്തുന്നവരുടെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയായി കൊച്ചി ലുലു മാള്‍ നിലകൊള്ളുന്നു.
കൊച്ചി ലുലു മാള്‍ പ്രവർത്തനം ആരംഭിച്ച് ഏകദേശം 6 വർഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന ഖ്യാതിയോടെ തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പ് പുതിയ മാള്‍ ആരംഭിക്കുന്നത്. കെട്ടിലും മട്ടിലും പുത്തന്‍ പരിഷ്കരണങ്ങളുമായിട്ടായിരുന്നു തലസ്ഥാനത്തെ ലുലു മാള്‍ പ്രവർത്തനം ആരംഭിച്ചത്. പിന്നാലെ 2023 ല്‍ പാലക്കാടും ഈ വർഷം കോഴിക്കോടും കോട്ടയത്തും ലുലുവിന്റെ പുതിയ മാളുകള്‍ വന്നു.

പുതിയ മാളുകളോടൊപ്പം തൃശൂരിലും കൊട്ടിയത്തും പുതിയ ഹൈപ്പർമാർക്കറ്റുകളും ലുലു അടുത്തിടെ തുറന്നിട്ടുണ്ട്. ഇതിന് ഇടയിലാണ് സോഷ്യല്‍ മീഡിയയില്‍ ലുലു ഗ്രൂപ്പിനെ ചൊല്ലി തിരുവനന്തപുരം കാരും കൊച്ചിക്കാരും തമ്മില്‍ ഒരു തർക്കം ഉടലെടുത്തിരിക്കുന്നത്. ഏറ്റവും വലിയ ലുലു മാള്‍ ഏതാണ് എന്നതടക്കമുള്ള കാര്യങ്ങളിലാണ് ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുന്നത്.
കൊച്ചിയിലേതാണ് ഏറ്റവും വലിയ ലുലുമാള്‍, അതല്ല തിരുവനന്തപുരമാണ് വലുതെന്ന രീതിയില്‍ ഇരുകൂട്ടരും വാദിക്കുന്നു. യഥാർത്ഥത്തില്‍ തിരുവനന്തപുരം ലുലു മാൾ ആണ് കേരളത്തിലെ ഏറ്റവും വലിയ ലുലു മാൾ എന്നാണ് വിവിധ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 190000 ചതുരശ്ര മീറ്റർ ആണ് തിരുവനന്തപുരം ലുലു മാളിന്റെ വിസ്തീർണം. അതേസമയം കൊച്ചി ലുലു മാളിന് 68000 ചതുരശ്ര മീറ്റർ വിസ്തീർണ്ണവുമുണ്ട്. പാലക്കാട് (18580 square meters), കോഴിക്കോട് (27870 square meters), കോട്ടയം (29914 square meters) എന്നിങ്ങനെയാണ് വലിപ്പം
വലിപ്പത്തില്‍ കേമന്‍ തിരുവനന്തപുരമാണെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് കൊച്ചിയിലാണെന്നും ചിലർ വാദിക്കുന്നു. 'ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് കൊച്ചി ലുലു മാൾ. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ എത്തുന്ന മാള്‍ (footfalls) കൊച്ചി ലുലു മാൾ ആണ് 65000/day. തിരുവനന്തപുരം ലുലു 35000/day. 2005ൽ ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ ആരംഭിച്ചുവെങ്കിലും സ്ഥല സംബന്ധമായ ചില പ്രശനങ്ങൾ മൂലം നീണ്ടു പോവുകയായിരുന്നു. അതുകൊണ്ടാണ് പണിപൂർത്തിയാകാൻ 2013 വരെ സമയം എടുത്തത്.' എന്നാണ് എസ് നീലകണ്ഠന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് കൊച്ചിയിലേതാണെന്ന വാദം യഥാർത്ഥത്തില്‍ ശരിയുമാണ്. വിവിധ റിപ്പോർട്ടുകള്‍ നേരത്തെ ഇക്കാര്യം ശരിവെക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഇത്തരം ചർച്ചകള്‍ സ്പർദ്ധ ഉണ്ടാക്കാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുവരുമുണ്ട്. 'കൊച്ചിയിലെ ലുലു മാൾ താരതമ്യേനെ ചെറുതാണ്. അതിൽ ഞങ്ങൾ കൊച്ചിക്കാർക്ക് പ്രത്യേകിച്ച് പരാതി ഒന്നും ഇല്ല. ലുലു മാത്രമല്ല ഒബ്രോണ്‍, സെന്റർ സ്ക്വയർ, ഫോറം, ന്യൂക്ലിയസ്, ഗ്രാന്‍ എന്നിവയൊക്കെ ഞങ്ങൾ എൻജോയ് ചെയ്യുന്നു. ഈ ഉള്ളതൊക്കെ ധാരാളം. തിരുവനന്തപുരം ബേസ് ചെയ്തുള്ള ഈ പേജ് വെറുതെ ഓരോ പോസ്റ്റുകൾ ഇട്ട് സ്പർദ്ധ ഉണ്ടാകാൻ കാരണമാകുന്നു. തിരുവനന്തപുരത്തെ മാളുകൾ അവിടെ ഉള്ളവർ എൻജോയ് ചെയ്യട്ടെ അതിനു ഞങ്ങളുമായി വെറുതെ താരതമ്യം ഒഴിവാക്കിയാൽ വളരെ ഉപകാരം' എന്നാണ് കൃഷ്ണകുമാർ അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാൾ കൊച്ചിയിലെ ലുലു മാൾ തന്നെയാണ്. കേരളത്തെ മൊത്തം കണ്ടുകൊണ്ടാണ് കൊച്ചിയിൽ ലുലു മാൾ വരുന്നത്. അതിനു തക്ക സൗകര്യത്തോടു കൂടിതന്നെയാണ് മാൾ നിർമിച്ചിട്ടുള്ളത്. ഈയടുത്ത കാലത്തായി കൊച്ചി ലുലുമാൾ പ്രതിസന്ധി നേരിടുന്നുണ്ട്. കാരണം മാൾ നിലനിർത്തി കൊണ്ട് പോകാൻ തക്ക വരുമാനമോ ആൾക്കാരോ മാളിൽ ഉണ്ടാവുന്നില്ല. കാരണം ഒരുകാലത്ത് കേരളത്തിൽ എല്ലായിടത്ത് നിന്നും മാളിലേയ്ക്ക് ആൾക്കാർ ടൂർ പോലെ പോകുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പോലും ധാരാളം ആൾക്കാർ കൊച്ചി മാൾ കാണാൻ വേണ്ടി പോയിരുന്നു. ഇപ്പോൾ കേരളത്തിന്റെ പല പ്രദേശങ്ങളിലും മാളുകൾ വന്നു കഴിഞ്ഞു. കൊച്ചി മാളിലേയ്ക്ക് പോവേണ്ട അവസ്ഥ ഇപ്പോൾ ഇല്ല- എന്നാണ് ജോണ്‍ എന്നയാള്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications