കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു ചെന്നൈ ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫ് ? നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം?

Google Oneindia Malayalam News

മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ പ്രതികരണവുമായി എഴുത്തുകാരനായ എം ഫൈസൽ. ഫാത്തിമയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് ഫാത്തിമ തന്റെ മൊബൈലിൽ ആത്മഹത്യാ കുറിപ്പായി രേഖപ്പെടുത്തിയിരുന്നു.

രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!!രാഷ്ട്രപതി ഭരണം നിലനില്‍ക്കില്ല... എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം, സൂചനയുമായി കേന്ദ്രം!!

ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണമെന്ന് എം ഫൈസൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാമെന്നും അദ്ദേഹം പറയുന്നു.

main

എം ഫൈസലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഫാതിമ ലതീഫ് എന്ന വിദ്യാർത്ഥി ഞാൻ ജോലി ചെയ്യുന്ന വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. രണ്ടുകാര്യങ്ങളാണ് എന്നെ ആ കുട്ടിയിലേക്ക് ആകർഷിച്ചത്. ഒന്ന് നിരന്തരമായി സ്കൂളിനകത്തും പുറത്തുമുള്ള ക്വിസ് മത്സരങ്ങളിൽ എത്തുന്നവളായിരുന്നു ഫാതിമ. രണ്ടാമത്തെ കാര്യം അവളുടെ വായനയുടെ ആഴവും പരപ്പുമായിരുന്നു. അവൾ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. അത് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ്. അതേ കാലത്തുതന്നെ ഞാൻ കുടുംബസമേതം റിയാദിലെ അവരുടെ വീട്ടിൽ പോകുകയുണ്ടായി. അവളുടെ പുസ്തകശേഖരം കണ്ട് ഞങ്ങൾ വിസ്മയിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ അവൾ വായിച്ചിരുന്ന പുസ്തകം അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിംഗ്സ് ആയിരുന്നു. ആ സമയത്തേ, ലോക ക്ലാസിക്കുകളിലൂടെ അവൾ കടന്നുപോകുന്നുണ്ട്.

ഈ വർഷം ഐ ഐ ടിയിലെ ഹുമനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷനിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്കോടെ അവൾക്ക് പ്രവേശനം ലഭിച്ചു. ജൂലൈ മാസത്തിൽ അവൾക്ക് ക്ലാസ് തുടങ്ങി. അതിനിടക്ക് ഞങ്ങൾ കാര്യമായി സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാൽ ചില പുസ്തക വാർത്തകൾ പങ്കുവെക്കുമായിരുന്നു. ഈ മാസം എട്ടിന് ഞാൻ അവളെ വാട്സപിൽ ബന്ധപ്പെട്ടു. ആ ഫോൺ അവളുടെ ഉമ്മ സാജിതയുടെ കൈവശമായിരുന്നു. സാജിത എനിക്ക് ഫാതിമയുടെ നമ്പർ തന്നു. അങ്ങനെയാണ് ഞാൻ ഈ വെള്ളിയാഴ്ച അവളോട് സംസാരിക്കുന്നത്. അവളുടെ കോഴ്സിന്റെ കരിക്കുലം വിശദാംശങ്ങൾ, പ്രവേശനപരീക്ഷാ രീതി തുടങ്ങിയ കാര്യങ്ങൾ ഞാൻ അന്വേഷിച്ചു. അതിന് വ്യക്തമായ വിവരങ്ങൾ തന്നു. സർ, ഇത് ആർക്കു വേണ്ടിയാണ് എന്ന് ചോദിച്ചു. എന്റെ മകൻ അഖിലിനു വേണ്ടിയാണ് എന്നു പറഞ്ഞു. തുടർന്ന് കുടുംബങ്ങളുടെ കാര്യങ്ങൾ സംസാരിച്ചു. പക്ഷേ, ഏതാനും മണിക്കൂറുകൊണ്ട് അവൾ സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയി.

ഫാതിമയുടേത് ആത്മഹത്യയാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ കാരണവും ആത്മഹത്യ കുറിപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞു. സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകന്റെ വർഗീയമായ പകയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പ് പറയുന്നു. (ഇന്റേണൽ അസസ്മെന്റ് നിലനിൽക്കുന്ന പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വർഗീയത മാത്രമല്ല, ലൈംഗികചൂഷണം, സാമ്പത്തിക ചൂഷണം എന്നിവയും നിലനിൽക്കുന്നുണ്ട്.) ഇന്ത്യയുടെ അത്യുന്നതനിലവാരമുള്ള ഐ ഐ ടിക്കകത്ത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ വിഷവിത്തുകൾ വ്യാപകമാകുന്നതായി ചില സുഹൃത്തുക്കൾ ഇതിനകം ഉദാഹരണങ്ങളോടെ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൽ വർഗീയവികാരം പ്രവർത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും കൂടുതലായി പുറത്തുവരേണ്ടതുണ്ട്. ഫാതിമയുടെ വാപ്പ ലതീഫിക്ക വർഗീയതയുടെ ഉള്ളടക്കം ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാതിമയുടെ വേർപാട് ഞങ്ങളെ പ്രത്യക്ഷത്തിൽ ബാധിച്ച വേദനയാണ്. അതുകൊണ്ടുതന്നെ സംഭവം ഉണ്ടായതിനു ശേഷം എനിക്കോ, ബീനക്കോ സാധാരണ നിലയിലേക്ക് പൂർണമായി വരാനായിട്ടില്ല. എന്തിലേക്കൊക്കെ പോയാലും ഒടുവിൽ ഈ വേദനയിൽ തിരിച്ചെത്തുന്നു. ഇന്ന് സ്കൂളിൽ രാവിലെ ഈ വിഷയത്തിൽ കുട്ടികളെ അഭിസംബോധന ചെയ്തപ്പോഴും നിയന്ത്രണം വിടാതിരിക്കാൻ ആവതും നോക്കി. അതിനിടയിൽ ഈ ദുരന്തം വാർത്താമാദ്ധ്യമങ്ങളിലെത്തിക്കാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചു.

സൗഹൃദവലയത്തിലുള്ള ഒന്നുരണ്ട് മാദ്ധ്യമപ്രവർത്തകരോട് ഇക്കാര്യം പങ്കുവെച്ചു. അവർ അത് ഗൗരവമായി എടുക്കുകയും ചെയ്തു. ഇപ്പോൾ ദേശീയമാദ്ധ്യമങ്ങളിൽ വരെ പ്രാധാന്യത്തോടെ വാർത്തകൾ വരുന്നുണ്ട്. ഫാതിമ നഷ്ടമായി. എന്നാൽ ഇനിയും നമ്മുടെ മക്കൾ വലിയ സ്വപ്നങ്ങളോടെ, അവരുടെ സ്വന്തം കഴിവിന്റെ മാത്രം തിളക്കത്തിൽ, കരുത്തിൽ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടും. എന്നാൽ അവിടെ പതിയിരിക്കുന്ന കൊടുംവിഷവിത്തുകൾ നമ്മുടെ മക്കൾക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കിൽ ഏതുതരം രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. മതവർഗീയത വെച്ചുപുലർത്തുന്നവർക്ക് എല്ലാ പിന്തുണയും ലഭ്യമാകുന്ന ഈ കാലത്ത് ഇത്തരക്കാർക്ക് ഏത് സ്ഥാപനങ്ങളിലും കയറിപ്പറ്റാനും അവിടെ വാഴാനും എല്ലാ സൗകര്യങ്ങളും ഉണ്ടാകും. മൊബൈലിലെ ചെറു നോട്ടിൽ ഫാതിമ മരണകാരണം വ്യക്തമാക്കുന്നതായി കാണാം. കൂടാതെ വിശദാംശങ്ങൾ നോട്പാഡിലുണ്ടെന്നും പറയുന്നു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്.
എന്നോട് ഒരു ദിവസം എന്റെ ഒരു സ്നേഹിത ചോദിച്ചു, ഇന്ത്യയിൽ ജീവിക്കാൻ ഭയം തോന്നുന്നുണ്ടോ എന്ന്. ഞാൻ പറഞ്ഞു, ഉണ്ട്. ഇപ്പോൾ ആ ഭയം പല കാരണങ്ങളാൽ ഏറുന്നു.

ഇന്ത്യൻ വിദ്യാഭ്യാസമികവിന്റെ ഏറ്റവും ഉൽകൃഷ്ടമാതൃകയായ ഐ ഐ ടിയുടെ കഥ ഇതാണെങ്കിൽ നമ്മളിനി ആരിൽ പ്രതീക്ഷ അർപ്പിക്കണം? ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നും പെൺ-ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഭയം സൃഷ്ടിക്കുക എന്നതും ഇത്തരം ക്രൂരതയ്ക്ക് കാരണമാകാം. ഈ രോഗത്തിന് ചികിത്സ നൽകാൻ നമ്മൾ ഏത് ഭിഷഗ്വരനോടാണ് പറയുക?

English summary
M Faizal facebook post about Fathima Latheesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X