കളക്ടര്‍ ബ്രോ "വില്ലനാകുന്നോ"...? നിയമനടപടി സ്വീകരിക്കുമെന്ന് എംകെ രാഘവന്‍ എംപി
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് കോഴിക്കോട്ടുകാര്‍ക്ക് കളക്ടര്‍ ബ്രോയാണ്. കളക്ടറായി ചുമതലയേറ്റ ശേഷം പ്രശാന്ത് കോഴിക്കോട് നഗരത്തെ ശരിക്കും കയ്യിലെടുത്തു. ഓപ്പറേഷന്‍ സുലൈമാനിയും ബീച്ച് വൃത്തിയാക്കലുമൊക്കെയായി കളക്ടര്‍ ബ്രോ സ്റ്റാറായി. എന്നാല്‍ കോഴിക്കോട് എംപി എംകെ രാഘവന് കളക്ടര്‍ ബ്രോ വില്ലനാണ്. തുടക്കം മുതലേ ഇവര്‍ ഉടക്കിലുമാണ്. എംപിയും കളക്ടറും തമ്മിലുള്ള ശീതസമരം ഇപ്പോള്‍ സീരിയസായിരിക്കുകയാണ്.
കോഴിക്കോട് കളക്ടര്‍ തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നുമാണ് എംപി പറയുന്നത്. പിആര്‍ഡിയും സാമൂഹ്യ മാധ്യമങ്ങളുമുപയോഗിച്ച് കളക്ടര്‍ കുപ്രചരണം നടത്തുന്നു. ഇത് കളക്ടര്‍ അവസാനിക്കണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും എംപി വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ എംപിക്കെതിരെ കളക്ടര്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പ്രശാന്ത് തന്നെ മനപ്പൂര്‍വ്വം ദ്രോഹിക്കുകയാണന്നാണ് എംപി പറയുന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നിസ്സ. പദ്ധതി വൈകിപ്പിച്ചും ഭരണാനുമതി നല്‍കാതെയും കളക്ടര്‍ വൈരാഗ്യം തീര്‍ക്കുകയാണ്. പൂര്‍ത്തിയായ പദ്ധതികള്‍ക്കുള്ള തുക ഓരോ കാരണം പറഞ്ഞ് തടഞ്ഞ് വയ്ക്കുന്നു. പുനഃപരിശോധന ഉത്തരവിട്ട് എല്ലാ പദ്ധതികളും വൈകിപ്പിക്കുകയാണെന്നും എകെ രാഘവന്‍ ആരോപിച്ചു.
24 കോടിയുടെ പദ്ധതികളാണ് എംപി ആയതിനു ശേഷം മണ്ഡലത്തില്‍ നടപ്പാക്കിയത്. മുന്‍ കളക്ടര്‍മാര്‍ പദ്ധതികള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ മുടങ്ങികിടക്കുകയാണ്. ഒന്നര കോടിയുടെ ബില്ലുകള്‍ രണ്ട് മാസമായി പാസാക്കിയിട്ടില്ല. ജില്ലയിലെ മറ്റ് എംപിമാര്‍ക്ക് ഇത്തരം ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നില്ല.
ഇതില്‍ നിന്നും കളക്ടര്‍ മനപ്പൂര്‍വ്വം തന്നെ ദ്രോഹിക്കുകയാണെന്ന് മനസിലാക്കാമെന്നും എംപി പറഞ്ഞു. മാസങ്ങളായി കളക്ടറും എംപിയും തമ്മിലുള്ള ശീതസമരം നടക്കുകയാണ്. എന്തായാലും വരും ദിവസങ്ങളില്‍ കളക്ടര്‍ ബ്രോയും എംപിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications