ജയിലിന് പുറത്തിറങ്ങി പ്രതികരിക്കാതെ ശിവശങ്കർ, ചാനൽ മൈക്ക് തട്ടിമാറ്റി കാറിലേക്ക്
കൊച്ചി: ഡോളര്‍ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ എം ശിവശങ്കര്‍ ജയിലിന് പുറത്തിറങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എം ശിവശങ്കറിന്റെ മോചനം. ജയിലില്‍ വായിക്കാന്‍ ഉപയോഗിച്ചിരുന്ന പുസ്തകങ്ങളുമായാണ് ശിവശങ്കര്‍ പുറത്തിറങ്ങിയത്.
എം ശിവശങ്കറിനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയിരുന്നു. ജയിലിന് പുറത്തേക്ക് ഇറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രതികരണം തേടിയ ചാനല്‍ മൈക്ക് തട്ടി മാറ്റിയാണ് ശിവശങ്കര്‍ കാറില്‍ കയറി പോയത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ശിവശങ്കര്‍ പോയത്.
എറണാകുളം സിജെഎം കോടതിയാണ് എം ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലുമാണ് സിജെഎം കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ തിങ്കളാഴ്ചയും ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയും വേണം.
ഒക്ടോബര്‍ 28നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്. നവംബറില്‍ അദ്ദേഹത്തെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ജനുവരിയില്‍ ഡോളര്‍ കടത്ത് കേസിലും അറസ്റ്റ് ചെയ്തു. ഡോളര്‍ കടത്തില്‍ തനിക്ക് പങ്കില്ലെന്ന് എം ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു. തനിക്കെതിരെ അന്വേഷണ സംഘത്തിന് ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉളള പ്രതികള്‍ നല്കിയ മൊഴി മാത്രമാണ് ഉളളത് എന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു. കള്ളപ്പണക്കേസിലും ശിവശങ്കറിനെതിരെ തെളിവ് കണ്ടെത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേരില്ലെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.