കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങൾ അച്ചാരം വാങ്ങി; ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കുന്നവർ, മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം...

Google Oneindia Malayalam News

കൊച്ചി: മാധ്യമ പ്രവർത്തകരെ കടുത്ത ഭാഷയിൽ വിമർശിച്ച് എം സ്വരാജ് എംഎൽഎ. ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുകയാണ് മാധ്യമങ്ങൾ. ഇത് മനുഷ്യത്വത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങൾ ഉത്സവങ്ങളല്ല എന്ന തലകെട്ടോടെ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദുരന്തങ്ങളുണ്ടാവുമ്പോൾ ഒരാഴ്ചയ്ക്കുള്ള വിഭവം കിട്ടിപ്പോയി എന്ന് ചിന്തിക്കുന്നവരാണോ നമ്മുടെ മാധ്യമ പ്രവർത്തകർ? ഇത്തരം സന്ദർഭങ്ങളിൽ ഇവർ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ? നമ്മുടെ മാധ്യമങ്ങളുടെ പൊതു രീതി കാണുമ്പോൾ തോന്നുന്ന സംശയമാണിതെന്നും അദ്ദേഹം പറയുന്നു.

'ഓഖി' എന്നു പേരിട്ട ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ രൂപത്തിലാണ് ഇപ്പോൾ ദുരന്തം നമ്മെ വേട്ടയാടുന്നത്. ഓരോ ദുരന്തവും ബാധിത മേഖലയിലാകെ ഭയവും ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീർ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ പ്രവർത്തനം മനുഷ്യത്വത്തിന് ഭീഷണിയാണ്. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാൻ എവിടെ നിന്നോ അച്ചാരം പറ്റിയിട്ടുണ്ടെന്ന് സംശയിക്കത്തക്കവിധം അത്യദ്ധ്വാനം ചെയ്യുകയാണ് കുറച്ച് മാധ്യമങ്ങളെന്നും അദ്ദേഹം ആരോപിക്കുന്നു.

മനോരമയും ഉണരാൻ വൈകിയോ?

മനോരമയും ഉണരാൻ വൈകിയോ?

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് സ്ഥാപിക്കാൻ എവിടെ നിന്നോ അച്ചാരം പറ്റിയിട്ടുണ്ടെന്ന് സംശയിക്കത്തക്കവിധം അത്യദ്ധ്വാനം ചെയ്യുകയാണ് കുറച്ച് മാധ്യമങ്ങൾ .
സർക്കാർ ഉണരാൻ വൈകി എന്ന് എഴുതിയ മനോരമയും 30 ന് നൽകിയ കാലാവസ്ഥാ മുന്നറിയിപ്പിൽ ചുഴലിക്കാറ്റ് വീശുമെന്നോ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നോ ഉണ്ടായിരുന്നില്ല. മനോരമയും ഉണരാൻ വൈകിയതാവുമോ ? 30 ന് പുലർച്ചെ 1.30 നും രാവിലെ 8.30 നും ലഭ്യമായ മുന്നറിയിപ്പിലും ചുഴലിക്കാറ്റ് ഭീഷണി ഇല്ല എന്ന് മനോരമ തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ LDF സർക്കാരിനെ അക്രമിക്കാനുള്ള തീരുമാനം നേരത്തെ ഉള്ളതിനാൽ ആ പണി നിർവഹിക്കുന്നു എന്നു മാത്രം.
തിയ്യതി തിരുത്തിയ കത്തു മുതൽ ഊഹാപോഹങ്ങൾ വരെ ആധികാരിക വിവരങ്ങളാക്കി അലറി വിളിച്ച് ഉത്സവത്തിനു കൊഴുപ്പുകൂട്ടുന്നവർ ഒരേ സ്വരത്തിൽ ചോദിക്കുന്നു മന്ത്രിയെവിടെ ? മുഖ്യമന്ത്രിയെവിടെ ?യെന്ന് അദ്ദേഹം ആരോപിക്കുന്നു.

പൊതുബോധം അരക്കിട്ടുറപ്പിക്കുന്നു

പൊതുബോധം അരക്കിട്ടുറപ്പിക്കുന്നു

ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ എം എൽ എ ,
എംപി , മന്ത്രി ,മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയവരെല്ലാം സംഭവസ്ഥലത്ത് ഓടിയെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു സാമാന്യമായ പൊതുബോധമാണ്. ചെറിയൊരു അപകടമുണ്ടായാലും സംഭവസ്ഥലത്ത് ജനപ്രതിനിധികൾ നേരിട്ടെത്തണമെന്നാണ് പൊതുബോധം. ഈ പൊതുബോധം അരക്കിട്ടുറപ്പിക്കുന്ന ജോലിയാണ് നമ്മുടെ മാധ്യമങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസ് നേതാക്കൾക്കും കുത്ത്

കോൺഗ്രസ് നേതാക്കൾക്കും കുത്ത്

ഇത്തരം സാഹചര്യങ്ങളിൽ ഒരു മുഴം മുൻപേ എറിയുന്ന സമർത്ഥരുണ്ട്. ദുരന്തമുഖങ്ങളിൽ ഓടിയെത്തും. ദേശീയ അവാർഡിനർഹതയുള്ള അഭിനയം കാഴ്ചവെക്കും. യാത്ര പുറപ്പെടുമ്പോഴേ ഇഷ്ടക്കാരായ മാധ്യമ സുഹൃത്തുക്കളെ ഒപ്പം കൂട്ടും. കണ്ണീർ വീണ മണ്ണിലൂടെ റോഡ് ഷോ നടത്തും. മാധ്യമങ്ങൾക്ക് തൃപ്തിയാവും. ജനങ്ങളോടൊപ്പം ദുരന്തമുഖത്തും കടന്നു വന്ന 'ജനകീയ നേതാക്കാൻ ' മാർക്ക് വാഴ്ത്തുപാട്ടുകൾ പാടാതെ പാടും .... ഈ പൊതുബോധാനുസൃത കലാപരിപാടികൾ ദുരന്തനിവാരണ പ്രവർത്തനങ്ങളെ എങ്ങനെയാണ് ബാധിക്കുകയെന്നും സ്വരാജ് ചോദിക്കുന്നു.

ഇത്രമാത്രം ഹൃദയശൂന്യരാകരുത്...

ഇത്രമാത്രം ഹൃദയശൂന്യരാകരുത്...

പുറ്റിങ്ങൽ ദുരന്ത സമയത്തെ വിവിഐപി യുടെ സന്ദർശനാനുഭവങ്ങൾ ഇത്രവേഗം മറക്കാറായോ? ആംബുലൻസ് പോലും സ്തംഭിച്ച സുരക്ഷാ ക്രമീകരണങ്ങളിൽ മണിക്കൂറുകളോളം നാടാകെ മരവിച്ചപ്പോൾ രക്ഷാപ്രവർത്തനങ്ങളെ അതെങ്ങനെയാണ് ബാധിച്ചതെന്ന് ഓർമയില്ലാത്തവരാണോ നമ്മുടെ മാധ്യമ പ്രവർത്തകർ ?പ്രിയ സുഹൃത്തുക്കളെ ഇത്രമാത്രം ഹൃദയശൂന്യരാവരുത് നിങ്ങൾ. ഇടത് സർക്കാരിനെ നിങ്ങൾ വിമർശിച്ചോളൂ. കുറ്റപ്പെടുത്തിക്കോളൂ. പക്ഷെ ദുരന്തം അതിനൊരവസരമായി എടുക്കരുതെന്നും അദ്ദേഹം പറയുന്നു.

വിഐപി സന്ദർശനം വെല്ലുവിളി

വിഐപി സന്ദർശനം വെല്ലുവിളി

ഓരോ വിഐപി യുടെ സന്ദർശനവും ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ്. വി ഐ പി മാർക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ തുടർച്ചയായി ഒരുക്കേണ്ടി വരുന്നത് എപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. പരിഹാസ്യമായ ഇത്തരം ഷോവർക്കുകൾ ഇനിയെങ്കിലും അവസാനിപ്പിക്കാനാണ് മാധ്യമങ്ങളുo ശ്രമിക്കേണ്ടത്. അതിന് പകരം ദുരന്തമേഖലയിലെത്തുന്ന ജനപ്രതിനിധികളോട് ജനങ്ങൾ സ്വാഭാവികമായും പ്രത്യേക മാനസികാവസ്ഥയിൽ ദുഃഖമോ പ്രതിഷേധമോ പ്രകടിപ്പിച്ചാൽ അത് വലിയ വാർത്തയാക്കി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ നിർവഹിക്കുന്ന കടമ എന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

പോരായ്മകളുണ്ടെങ്കിൽ വിമർശിക്കാം

പോരായ്മകളുണ്ടെങ്കിൽ വിമർശിക്കാം

മന്ത്രിമാർ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇതു വരെ രക്ഷിക്കാൻ കഴിഞ്ഞവരുടെ എണ്ണം റെക്കോഡാണ്. വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ച രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ തമിഴ്നാട്ടിലെയും മറ്റും പല മാധ്യമങ്ങളും പ്രശംസിക്കുകയാണ് ചെയ്തത്. ഇനിയും പോരായ്മകളുണ്ടെങ്കിൽ വിമർശിക്കാം. ചൂണ്ടിക്കാട്ടാം. ദുരന്തനിവാരണ സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടാം. ഇതൊക്കെ അത്യാവശ്യവുമാണെന്നും സ്വരാജ് പറയുന്നു.

ദുരന്തത്തെ ആഘോഷിക്കരുത്

ദുരന്തത്തെ ആഘോഷിക്കരുത്. ഉത്സവമാക്കരുത്. മുഖ്യമന്ത്രി നേരിട്ട് വന്ന് കാണണമെന്ന പൊതുബോധത്തിന് ചൂട്ടു പിടിക്കലല്ല മാധ്യമ ധർമം. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായകമാവുന്ന വിമർശനങ്ങളും നിർദ്ദേശങ്ങളും ഉയർത്തുകയെന്നതാണ് മിനിമം മനുഷ്യത്വം. ഏത് ദുരന്തമുണ്ടായാലും ഭരണാധികാരികൾ കാഴ്ച കാണാൻ സംഭവസ്ഥലത്ത് ഓടിയെത്തുകയല്ല വേണ്ടതെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആകാവുന്നത്ര കുറ്റമറ്റതാക്കാനുള്ള ഭരണപരമായ നടപടികൾക്ക് ഫലപ്രദമായി നേത്രത്വം കൊടുക്കുകയാണ് ആവശ്യമെന്നും ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്കെന്തോ കുഴപ്പമുണ്ട്. തീർച്ച എന്ന് പറഞ്ഞുകൊണ്ടാണ് എം സ്വരാജ് എംഎൽഎ തന്റഎ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
M Swaraj MLA's facebook post against media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X