ആർഎസ്എസും കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു, സനൂപിന്റെ കൊലയിൽ തുറന്നടിച്ച് സ്വരാജ്
കോഴിക്കോട്: ഒന്നര മാസത്തിനിടെ നാല് പ്രവർത്തകരുടെ ജീവനാണ് സംസ്ഥാനത്ത് സിപിഎമ്മിന് നഷ്ടപ്പെട്ടിരിക്കുന്നത്. എല്ലാവരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന യുവാക്കൾ.
തൃശൂരിൽ കൊല്ലപ്പെട്ട സനൂപ് നാടിനാകെ വേദനയായി മാറിയിരിക്കുകയാണ്. ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണ പരിപാടിയ്ക്കായി പൊതിച്ചോറു സംഘടിപ്പിയ്ക്കാൻ ഓടി നടന്ന ഒരു ചെറുപ്പക്കാരനാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്.. എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

അരുംകൊലകൾ അറുതിയില്ലാതെ
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അരുംകൊലകൾ അറുതിയില്ലാതെ... കേരളത്തിലെ പ്രധാനപ്പെട്ട സർക്കാരാശുപത്രികളിലെല്ലാം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർഷങ്ങളായി ഉച്ചഭക്ഷണമെത്തിയ്ക്കുന്നത് ഡിവൈഎഫ്ഐ ആണ്. ഹൃദയപൂർവമെന്ന മഹത്തായ ഉച്ചഭക്ഷണ പരിപാടിയ്ക്കായി പൊതിച്ചോറു സംഘടിപ്പിയ്ക്കാൻ ഇന്നലെ ഓടി നടന്ന ഒരു ചെറുപ്പക്കാരനിപ്പോൾ തൃശൂരിൽ ചോരയിൽ കുളിച്ചു ചലനമറ്റു കിടക്കുന്നു.

കമ്യൂണിസ്റ്റുകാർ ഓരോരുത്തരായി കൊല്ലപ്പെടുന്നു
സ . സനൂപ് ഡിവൈഎഫ്ഐ മേഖലാ ജോ. സെക്രട്ടറിയാണ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയാണ്. സംഘപരിവാർ ഭീകരരാണ് കൊന്നു തള്ളിയത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അരുംകൊല ചെയ്യപ്പെടുന്ന നാലാമത്തെ ചെറുപ്പക്കാരനാണ് സനൂപ്. ആർഎസ്എസും കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു. കമ്യൂണിസ്റ്റുകാർ ഓരോരുത്തരായി കൊല്ലപ്പെടുന്നു.

ഈ വാർത്തയേ ഇല്ലത്രെ
കേരളം ചോരയിൽ കുതിരുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികൾക്കൊപ്പമാണ്. ഇന്നത്തെ മുഖ്യധാരാ പത്രങ്ങളുടെ പല എഡിഷനുകളിലും ഈ വാർത്തയേ ഇല്ലത്രെ. വാർത്ത കൊടുത്തചില എഡിഷനുകളിൽ തൃശൂരിലൊഴികെ അതു കാണണമെങ്കിൽ
പത്രം സൂക്ഷ്മപരിശോധന നടത്തണം. പത്രാധിപന്മാർ മഷി നിറച്ച പേനയുമായി കാത്തിരിപ്പാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗമെഴുതാൻ.

നെറികേടും ക്രൂരതയും വേറെയില്ല
പരമ്പരകളുമായി ലേഖകരും അക്ഷമരാണ്. പക്ഷേ പ്രതിസ്ഥാനത്ത് കമ്യൂണിസ്റ്റുകാർ വരണമെന്നു മാത്രം. അപ്പോഴെ കേരളത്തിൽ മാധ്യമങ്ങളാൽ കൊലപാതകങ്ങൾ എതിർക്കപ്പെടൂ. കൊല്ലപ്പെടുന്നവൻ്റെ മുഖവും പിടിച്ച കൊടിയുടെ നിറവും നോക്കി മാത്രം പിറക്കുന്ന മുഖപ്രസംഗങ്ങൾക്കും ലേഖന പരമ്പരകൾക്കും വാർത്തകൾക്കും നാടിനെ സമാധാനത്തിലേയ്ക്ക് നയിക്കാനാവില്ല. കൊലയാളികളെ ചിറകിൻ കീഴിലൊളിപ്പിച്ച് സമാധാനത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നതിനേക്കാൾ വലിയ നെറികേടും ക്രൂരതയും വേറെയില്ല .

മരണമില്ലാത്ത ഓർമകൾക്കു മുന്നിൽ
കൊലയാളികളെ തുറന്നു കാണിച്ചും ഒറ്റപ്പെടുത്തിയും മാത്രമേ നാട്ടിൽ സമാധാനം നിലനിർത്താനാവൂ . മണ്ണിൽ നിലയ്ക്കാതെ ചോരയൊഴുകുമ്പോൾ മൗനം പാലിയ്ക്കുന്നവർ കൊലയാളികളെ സഹായിക്കുകയാണ് ചെയ്യുന്നത്.
സ. സനൂപിൻ്റെ മരണമില്ലാത്ത ഓർമകൾക്കു മുന്നിൽ തലകുനിയ്ക്കുന്നു. ഒരു പിടി രക്തപുഷ്പങ്ങൾ...''

'സനൂപുമാർ' അവശേഷിക്കുന്നു
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന്റെ കുറിപ്പ്: '' ജനകീയ പ്രവര്ത്തന ശൈലിയിലൂടെ നാടിന്റെ പുത്രനായി മാറിയ ഒരു പാവം ചെറുപ്പക്കാരൻ സനൂപിനെ കൊന്നതിന് ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിക്കാൻ കോൺഗ്രസ് ഈ നിമിഷം വരെ തയ്യാറായിട്ടില്ല. മുഖ്യശത്രുവിനെ ബിജെപി കശാപ്പു ചെയ്യുമ്പോൾ ലീഗിനും മൗനം സ്വാഭാവികം. 'സനൂപുമാർ' അവശേഷിക്കുന്നു എന്നതാണ് ഉത്തർപ്രദേശ്, ഗുജറാത്ത് മോഡൽ ബിജെപി ആക്രമങ്ങളുടെ ഭൂമികയായി കേരളം മാറാത്തത് എന്ന വസ്തുതയെ അധികാര കൊതിമൂത്ത യുഡിഫ് നേതാക്കളുടെ മൗനത്തിനു മായ്ച്ചു കളയാനാകില്ല''.