അന്ന് മീഡിയവണ്ണിനെ അനുകൂലിച്ചപ്പോഴായിരുന്നു വിമര്‍ശനം; നിലപാടില്‍ മാറ്റമില്ലെന്ന് എം സ്വരാജ്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പഴയ വീഡിയോ ആണിത്. എന്നാല്‍ എംഡി ആന്റോ അഗസ്റ്റിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ കയറിയതിനെ വിമര്‍ശിച്ചത് വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് എന്ന് സ്വരാജ് പറയുന്നു.

മീഡിയവണ്ണിന്റെ സംപ്രേഷണ അവകാശം തടഞ്ഞപ്പോഴും രംഗത്തുവന്നിരുന്നു സ്വരാജ്. ഏഷ്യാനെറ്റിനെതിരെ നടപടിയുണ്ടായപ്പോഴും വിമര്‍ശിച്ചിരുന്നു. ചാനലുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശം തടയുന്നതിനെ എതിര്‍ക്കുകയും ചാനലുകളുടെ രാഷ്ട്രീയം തുറന്നു കാട്ടപ്പെടുകയും ചെയ്യുമെന്ന് സ്വരാജ് പറയുന്നു.

m swaraj on reporter tv

സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പഴയ ഒരു പ്രസംഗഭാഗം എടുത്ത് 'അന്ന് എതിര്‍ത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ..... ' എന്ന് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ കുറേയേറെപ്പേര്‍ അലമുറയിടുന്നുണ്ട്. ഇത്തരം അധിക്ഷേപങ്ങളെയൊക്കെ പൊതുവെ അവഗണിക്കാറാണ് പതിവ്. ഇത്തവണ പക്ഷേ സോഷ്യല്‍ മീഡിയയോടൊപ്പം അതേ നിലവാരത്തില്‍ ചില ചാനലുകളുമുണ്ട്.

ഇതാദ്യമായിട്ടല്ല ഇത്തരം അലമുറകള്‍ കേള്‍ക്കുന്നത്. മുമ്പൊരിക്കല്‍ മീഡിയാ വണ്‍ ചാനലിന്റെ സമീപനത്തെ ശക്തമായി വിമര്‍ശിച്ചതോര്‍ക്കുന്നു. ആ സമയത്താണ് അവരുടെ സംപ്രേഷണാവകാശം തടയപ്പെട്ടത്. അക്കാര്യത്തില്‍ ചാനലിനെ ശക്തമായി പിന്തുണച്ചപ്പോഴായിരുന്നു ഇതേ അലമുറയും പരിഹാസവും ഉയര്‍ന്നത്. 'ഇന്നലെ എതിര്‍ത്ത ചാനലിനെ ഇന്ന് പിന്തുണക്കുന്നേ....' എന്നായിരുന്നു ആക്രോശം.

അന്ന് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നാണ് മുറവിളി ഏറെയും കേട്ടത്. ഇന്ന് എല്ലാവരും ചേര്‍ന്നാണ് അലമുറയിടുന്നത് എന്ന വ്യത്യാസം മാത്രം. മുമ്പ് ഏഷ്യാനെറ്റിന്റെ സംപ്രേഷണം തടസപ്പെട്ടപ്പോഴും ചാനലിന്റെ സംപ്രേഷണാവകാശത്തിനു വേണ്ടി സംസാരിക്കാന്‍ അരനിമിഷം പോലും മടിച്ചുനിന്നിട്ടില്ല. ചാനല്‍ ഉടനടി മാപ്പുപറഞ്ഞ് കീഴടങ്ങിയപ്പോള്‍ അതിനെയും വിമര്‍ശിച്ചിരുന്നു.

മാധ്യമങ്ങളുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടും. നിക്ഷിപ്ത താല്പര്യങ്ങളെ എതിര്‍ക്കും . മാനേജ്‌മെന്റ് നിയമവിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടാല്‍ അതിനെതിരെയും ശബ്ദിക്കും. എന്നാല്‍ സംപ്രേഷണം തടയുകയോ ന്യൂസ് ഡസ്‌കില്‍ പോലീസ് കയറി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ചെയ്താല്‍ അത്തരം നടപടികളെ അപലപിക്കാന്‍ മറ്റൊന്നും തടസമല്ല. അത് ഏതെങ്കിലും കുറ്റകൃത്യത്തിനുള്ള പിന്തുണയുമല്ല. കേസുകള്‍ നിയമത്തിന്റെ വഴിയില്‍ മുന്നോട്ടു പോകുന്നുവെങ്കില്‍ എതിര്‍പ്പുമില്ല.

അന്ന്, മീഡിയാ വണ്ണിനെയും ഏഷ്യാനെറ്റിനെയും പിന്തുണച്ചത് അവരുടെ രാഷ്ട്രീയത്തോടോ നിലപാടുകളോടോ യോജിപ്പുള്ളതുകൊണ്ടല്ല. അവര്‍ക്കിവിടെ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന പൂര്‍ണ ബോധ്യമുള്ളതു കൊണ്ടാണ്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡെസ്‌കില്‍ പോലീസ് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനെ എതിര്‍ക്കുന്നതിന്റെ കാരണവും അതുതന്നെ.

കാട്ടിലെ മരം മുറിച്ചു കടത്തിയവരും , ഭൂമി കയ്യേറിയവരും , നികുതി വെട്ടിപ്പു നടത്തിയവരും, ബാങ്കു തട്ടിപ്പുകാരും, വഞ്ചകരുമെല്ലാം മാധ്യമങ്ങള്‍ നടത്തുന്ന നാടാണ് കേരളമെന്നത് മറ്റൊരു വിഷയമാണ്. അത് തുടര്‍ന്നും ചര്‍ച്ച ചെയ്യപ്പെടട്ടെ. പക്ഷേഏതൊരു ചാനലിന്റെയും സംപ്രേഷണാവകാശം ദുരധികാരം കൊണ്ട് തടയുകയോ മാനേജ്‌മെന്റിനെതിരായ കേസിന്റെ പേരില്‍ ന്യൂസ് ഡെസ്‌കില്‍ പോലീസ് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ ചെയ്താല്‍ അതിനെ എതിര്‍ക്കുകതന്നെ ചെയ്യും. ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാട് .
- എം സ്വരാജ്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma