'വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസ്സിന്റെ കൂലിപ്പണി നിരീക്ഷകർ വരെ', തോൽവിയിലും ആഹ്ളാദമെന്ന് സ്വരാജ്
നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായുളള എം സ്വരാജിന്റെ വരവ് സോഷ്യൽ മീഡിയയിൽ ഇടത് അണികൾ വലിയ ആഘോഷമാക്കിയിരുന്നു. നിലമ്പൂരിൽ സ്വരാജ് വിജയിക്കുമെന്ന് ഉറപ്പിച്ചവരും കുറവല്ല. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വരാജിന് തോൽവിയായിരുന്നു ഫലം. ഇതോടെ സ്വരാജിനെതിരെ സോഷ്യൽ മീഡിയയിൽ എതിരാളികളുടെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞു.
സ്വരാജിന്റെ തോൽവി ആഘോഷമാക്കുന്നത് യുഡിഎഫുകാർ മാത്രമല്ല, സംഘപരിവാറുകാർ കൂടിയാണ്. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന സ്വരാജ് പലപ്പോഴും ചാനൽ ചർച്ചകളിലും മറ്റും ബിജെപി നേതാക്കളുടെ വായടപ്പിച്ചും വൈറലായിട്ടുളളതാണ്. അതുകൊണ്ട് തന്നെ നിലമ്പൂരിൽ തങ്ങളുടെ സ്ഥാനാർത്ഥിക്കേറ്റ തോൽവി ബിജെപി അണികൾ കണ്ട മട്ടില്ല, മറിച്ച് സ്വരാജിന്റെ തോൽവി ആഘോഷിക്കുന്ന തിരക്കിലാണവർ.

അക്കൂട്ടത്തിൽ കെപി ശശികല മുതൽ ശ്രീജിത്ത് പണിക്കർ വരെ ഉളളവരുണ്ട്. ഈ തോൽവി എനിക്കിഷ്ടപ്പെട്ടു, രാജ്യത്തെ ചൊറിയാനും ഹിന്ദുവിനെ അപമാനിക്കാനും മാത്രമായി പാണ്ഡിത്യ ജാഡ കാണിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവർ തോല്ക്കുക തന്നെ വേണം എന്നാണ് കെപി ശശികല ഫേസ്ബുക്കിൽ കുറിച്ചത്. സ്വരാജിന്റെ തോൽവിയെ പരിഹസിച്ച് കൊണ്ട് ഇന്നലെ മാത്രം 32 പോസ്റ്റുകളാണ് സംഘപരിവാർ അനുകൂലിയായ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പേജിലുളളത്. തന്റെ തോൽവി ആഘോഷിക്കുന്ന സംഘപരിവാറുകാർക്ക് മറുപടിയുമായി എം സ്വരാജ് രംഗത്ത് വന്നിട്ടുണ്ട്.
സ്വരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ..... തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്. വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസ്സിന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
ആർഎസ്എസ്സിന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്. ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് എൽഡിഎഫ് പരാജയം അവരും ആഘോഷിക്കുന്നു. എൽഡിഎഫിന്റെ പരാജയം / യുഡിഎഫ് വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം . ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന് അക്രമിക്കുന്നുവെങ്കിൽ , സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല''.












Click it and Unblock the Notifications