സ്വരാജ് കമ്മിറ്റിയില്‍ കൂടുതല്‍ പങ്കെടുക്കണം, അത് പറഞ്ഞാലെന്താ കുഴപ്പം; എംവി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വീണ്ടും പ്രവേശിച്ചിരിക്കുകയാണ് എനന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വലതുപക്ഷ മാധ്യമങ്ങളുമായി ചേര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ നടത്തിയ എല്ലാ പ്രചാരവേലകളെയും അതിജീവിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ രാധാകൃഷ്ണനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാര്യങ്ങള്‍ രാഷ്ട്രീയപരമായി കൈകാര്യം ചെയ്യുക എന്ന രീതിയിലാണ് തുടക്കം മുതലുള്ള ഇഡിയുടെ പ്രവര്‍ത്തനം എന്നും നേരത്തെയുള്ള ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് രാധാകൃഷ്ണനെതിരായ നീക്കം എന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ പത്മകുമാര്‍ നടത്തിയ പരസ്യ പ്രതികരണം പാര്‍ട്ടി പരിശോധിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് സംഘടനാപരമായി തെറ്റാണ് എന്നും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകും എന്നും അദ്ദേഹം വ്യക്തമാക്കി.
സംഘടനാപരമായ ചെയ്യേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ പറയേണ്ടതില്ല എന്നും ഈര്‍ഷ്യയോടെ ഇങ്ങോട്ട് പെരുമാറിയാല്‍ മാധ്യമങ്ങളോടും അങ്ങനെ മാത്രമേ പെരുമാറാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. പഴയ നേതാക്കളും പുതിയവരും ചേര്‍ന്ന കൂട്ടായ നേതൃത്വം ആണ് ഉദ്ദേശിക്കുന്നത്. മെറിറ്റും മൂല്യവുമാണ് അതിന് മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു. അത് ബോധ്യപ്പെടാത്തവര്‍ക്ക് ബോധ്യപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജിന് ഉപദേശമെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തയിലും അദ്ദേഹം പ്രതികരിച്ചു. സ്വരാജ് പാര്‍ട്ടി അവെയിലബിള്‍ സെക്രട്ടേറിയറ്റില്‍ കൂടുതല്‍ പങ്കെടുക്കണമെന്ന പരാമര്‍ശമുണ്ടായത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതല്‍ പങ്കെടുക്കണം എന്നുള്ളത് കൊണ്ട് അങ്ങനെ പറഞ്ഞത് എന്ന് ഗോവിന്ദന്‍ പറഞ്ഞു.
അതില്‍ വേറെന്താ പരാമര്‍ശം എന്നും കൂടുതല്‍ ശ്രദ്ധിക്കണം, ഇനിയും അവെയിലബിള്‍ കമ്മിറ്റികളില്‍ പങ്കെടുക്കണം എന്ന് പറയുന്നതില്‍ എന്താണ് കുഴപ്പമെന്നും ഗോവിന്ദന്‍ ചോദിച്ചു. അതേസമയം തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍എസ്എസ് നിലപാട് പ്രതിഷേധാര്‍ഹമാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications