അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെ ശത്രുക്കൾ; വിമർശനവുമായി എം സ്വരാജ്
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളെ അതിരൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം സ്വരാജ് വിമർശിച്ചത്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയാണെന്ന് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ആക്രമണത്തിന്‍റെ തുടക്കത്തിൽ പുറത്തുവരുന്ന വാർത്തകൾ അതീവ വേദനാജനകമാണെന്നും, പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണവും പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും മാനവികതയ്ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

യുദ്ധങ്ങൾ ആത്യന്തികമായി ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും പോലുള്ള നിസ്സഹായരായ മനുഷ്യരെയാണെന്നും, യുദ്ധത്തിൽ പരാജയപ്പെടുന്നത് മനുഷ്യനും മനുഷ്യത്വവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ ആണവായുധം നിർമ്മിച്ചേക്കുമെന്ന ആരോപണം ഉന്നയിക്കുന്ന അമേരിക്കയും ഇസ്രായേലും, ലോകത്ത് ആദ്യമായി ആണവായുധം പ്രയോഗിച്ചവരും ഇപ്പോഴും വൻതോതിൽ ആണവശേഖരം കൈവശം വെച്ചിരിക്കുന്നവരുമാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് അവർ ഉയർത്തുന്ന വാദങ്ങൾ ക്രൂരമായ ഫലിതമാണെന്ന് അദ്ദേഹം പരിഹസിച്ചു.
അമേരിക്കയും അവരുടെ കൂട്ടാളികളായ ഇസ്രായേലും ഇറാൻറെ മാത്രമല്ല, ലോകത്തിന്‍റെയാകെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും മനുഷ്യവംശത്തിന്‍റെ തന്നെ ശത്രുക്കളാണ് ഇവരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യർ സമാധാനത്തിനായി ഒന്നിച്ച് അണിനിരക്കേണ്ടത് അനിവാര്യമായ കടമയാണെന്ന് സ്വരാജ് ആഹ്വാനം ചെയ്തു. കൊല്ലപ്പെടുന്ന ഓരോ മനുഷ്യനും സഹോദരങ്ങളാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, യുദ്ധഭീകരതയ്ക്കെതിരെ ലോകത്തിന്‍റെ ഓരോ തെരുവിലും സമാധാനത്തിന്‍റെ പതാകകൾ ഉയരണമെന്നും ആവശ്യപ്പെട്ടു. ചോരപുരണ്ട സാമ്രാജ്യത്വ ശക്തികൾക്ക് മാനവികതയുടെ മുദ്രാവാക്യങ്ങൾ വഴികാട്ടിയാകട്ടെ എന്ന പ്രത്യാശയോടെയാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.












Click it and Unblock the Notifications