കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിന്ന പയ്യൻ താനെ.. അന്തം വിട്ട് നിന്ന എന്‍റെ തോളിൽ പിടിച്ച് എസ്പിബി പറഞ്ഞ വാക്കുകൾ'; എംഎ നിഷാദ്

Google Oneindia Malayalam News

കൊച്ചി; പ്രിയ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ വേദനയിലാണ് ആരാധകർ. കൊവിഡ് ഭേദമായി അദ്ദേഹം ഉടൻ സംഗീത ലോകത്തേക്ക് മടങ്ങും എന്ന പ്രതീക്ഷയിലിരിക്കെയാണ് അപ്രതീക്ഷതമായുള്ള വിടവാങ്ങൽ. പ്രിയപ്പെട്ട ഗായകന്റെ വേർപേടാൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയും അദ്ദേഹത്തിന് ഒപ്പമുള്ള ഓർമ്മ പങ്കിട്ടും രംഗത്തെത്തിയത്. എസ്പിബിയെ ഓർക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. താന്‍ ആദ്യമായി നിര്‍മിച്ച ഒരാള്‍ മാത്രം എന്ന ചിത്രത്തിന്റെ റീ റെക്കോര്‍ഡിങ് സമയത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ചാണ് നിഷാദ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

അങ്ങേയ്ക്ക് മരണമില്ല

അങ്ങേയ്ക്ക് മരണമില്ല

ബാലു സാർ അങ്ങേയ്ക്ക് മരണമില്ല...അങ്ങയുടെ പാട്ടിനും...ഇന്ന് സംഗീത ലോകത്തെ കറുത്ത ദിനമാണ്...SPB സാർ ഓർമ്മയായി...താങ്ങാവുന്നതിനുമപ്പുറം ഈ വേർപാട്...SPB യും അദ്ദേഹത്തിന്റ്റെ പാട്ടുകളും ഓരോ തമിഴന്റ്റേയും ദിനചര്യങ്ങളുടെ ഭാഗമാണ്...അല്ല,ദേശത്തിനും,ഭാഷക്കുമപ്പുറം,ഓരോ സംഗീതാസ്വാദകന്റ്റേയും,ഹൃദയത്തിലെ മായാത്ത താള ലയങ്ങളാണ്...തമിഴ്നാടും,തമിഴരും എനിക്കെന്നും പ്രിയപ്പെട്ടതാണ്...കലാകാരന്മാരെ ബഹുമാനിക്കാനും,പ്രോത്സാഹിപ്പിക്കാനും അവര് കഴിഞ്ഞേയുളളു ആരും...

വിനയം മുഖമുദ്രയായിരുന്നു

വിനയം മുഖമുദ്രയായിരുന്നു

ആന്ത്രാപ്രദേശത്തു നിന്നും,ചെന്നൈയിൽ വന്ന്,തന്റ്റെ പാട്ടുകളാൽ,തമിഴന്റ്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ SPB എന്ന ബാലു സാറിന്റ്റെ വിയോഗം ആ നാട്ടിലെ ജനങ്ങൾ എങ്ങനെ സഹിക്കും... അദ്ദേഹത്തിന്റ്റെ ആരോഗ്യത്തിനായി,ഒരു നാടും ജനതയും പ്രാർത്ഥനകളിൽ മുഴുകിയതും നാം കണ്ടതാണ്..ബാലു സാർ തമിഴ് നാട്ടിലെ ജനങ്ങൾക്ക് വെറുമൊരു ഗായകനല്ല.. അതിനുമപ്പുറമാണ്,കാരണം അദ്ദേഹമൊരു മനുഷ്യ സ്നേഹിയായിരുന്നു...
വിനയം മുഖമുദ്രയായ,ആ വലിയ കലാകാരനെ,ചിരിച്ച മുഖത്തോടെയല്ലാതെ നാം കാണുന്നത് വിരളം..ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാനാവാത്ത വ്യക്തിത്വം...

കുറേ വർഷം പിന്നിലോട്ട് സഞ്ചരിച്ചു

കുറേ വർഷം പിന്നിലോട്ട് സഞ്ചരിച്ചു

ഇന്ന് ഈ മരണവാർത്ത അറിഞ്ഞപ്പോൾ,മനസ്സ് കുറച്ച് വർഷങ്ങൾ പിന്നിലോട്ട് സഞ്ചരിച്ചു.ജീവിതമാകുന്ന തിരക്കഥയിലെ ഫ്ളാഷ് ബാക്കിലെ ആ ദിനം...ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്ന ആ ദിവസം..1997 -ൽ ചെന്നൈയിലെ ഒരു പകൽ...ഞാനാദ്യമായി നിർമ്മിച്ച ഒരാൾ മാത്രം എന്ന സിനിമയുടെ ഡബ്ബിംഗ് ജോലികൾ,മദ്രാസ്സിലെ (ചെന്നൈ) കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു..സിനിമ സംവിധാനം പഠിക്കാൻ നിർമ്മാതാവായ ഞാൻ എല്ലാം ആവേശത്തോടെ നോക്കി കാണുന്ന സമയം...ഡബ്ബിംഗ് കഴിഞ്ഞ ശേഷമുളള റീ-റിക്കാർഡിംഗിന്റ്റെ കാര്യങ്ങൾ സംസാരിക്കാനായി സംവിധായകൻ സത്യൻ അന്തിക്കാടിനെ കാണുവാനായി സംഗീത സംവിധായകൻ,ജോൺസൻ മാസ്റ്ററും,അദ്ദേഹത്തിന്റ്റെ മ്യൂസിക്ക് കണ്ടക്ടറായ സംഗീത സംവിധായകൻ,രാജാമണി ചേട്ടനും അവിടെയെത്തി...

കണ്ണുകൾ ഈറനണിഞ്ഞു

കണ്ണുകൾ ഈറനണിഞ്ഞു

ഡബ്ബ് ചെയ്യാൻ വന്ന ഒരു പ്രമുഖൻ ,സ്റ്റുഡിയോടെ അകത്ത് നിന്ന എന്നോട് ഒരു കാര്യവുമില്ലാതെ തട്ടി കയറുകയും,ചൂടാവുകയും ചെയ്തു..നിർമ്മാണ പങ്കാളിയായ ആരോടോ ഉളള ദേഷ്യം എന്റ്റെ നേരെ തീർത്തതാണെങ്കിലും,ആ സംഭവം എന്നെ ഒരുപാട് വേദനിപ്പിക്കുകയും,എനിക്കതൊരു അപമാനവുമായി തോന്നി..കേട്ട് നിന്നവർക്കും അത് വിഷമമായി...ഞാൻ സ്റ്റുഡിയോവിൽ നിന്നും പുറത്തിറങ്ങി..പിന്നാലെ ജോൺസൻ മാസ്റ്റും,രാജാമണി ചേട്ടനും..ഒരു സിഗററ്റും വലിച്ച് ജോൺസൻ മാസ്റ്റർ ആ വരാന്തയിലൂടെ നടന്നു...രാജാമണി ചേട്ടൻ എന്റ്റെ തോളിൽ തട്ടി പറഞ്ഞു ''സാരമില്ലടാ'' അത് കേട്ട ഞാൻ ദുഖം കടിച്ചമർത്താൻ ഒരുപാട് പ്രയാസപ്പെട്ട് ഒരു തുണിൽ ചാരി നിന്നു...പ്രൊഡക്ഷൻ ബോയി വന്ന് ഭക്ഷണം കഴിക്കാൻ എന്നെ വിളിച്ചെങ്കിലും,ഞാൻ അതൊന്നും കേൾക്കാതെ നിന്നു..എന്റ്റെ കണ്ണുകൽ ഈറനണിഞ്ഞിരുന്നു എന്നുളളതാണ് സത്യം...ഒരു ഇരുപത്തഞ്ച്കാരന് അന്ന് അത്രയും പക്വതയും,സഹന ശക്തിയുമേയുണ്ടായിരുന്നുളളൂ...

ചിന്ന പയ്യൻ താനേ

ചിന്ന പയ്യൻ താനേ

രാജാമണി ചേട്ടൻ ആരോടോ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേൾക്കാമായിരുന്നു..ചിന്ന പയ്യൻ താനേ എന്ന ഒരു വാക്കും ഞാൻ കേട്ടു...
അത് പറഞ്ഞയാൾ,രാജാമണിചേട്ടനോടൊപ്പം എന്റ്റെയടുത്ത് വന്നു...എന്നെ ഒരു പരിചയവുമില്ലാത്ത,ജീവിതത്തിൽ ആദ്യമായി കാണുന്ന എന്നെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി,Hello I am SP Balasubrahmanian...അന്തം വിട്ട് നിന്ന എന്റ്റെ തോളിൽ പിടിച്ച് പറഞ്ഞത് ഇന്നും എന്റ്റെ കാതിൽ മുഴങ്ങുന്നു...Dont worry...a time will come...നിങ്ങൾ ചെറുപ്പമാണ്,ഇനിയും എത്രയോ ദൂരം സ്ഞ്ചരിക്കാനുണ്ട്,കടവുകൾ നിങ്ങൾക്കായീ ജീവിതത്തിൽ എന്തെല്ലാം കരുതിവെച്ചിട്ടുണ്ടാകാം...അത് കൊണ്ട് വിഷമിക്കരുത്...ചിരിച്ച് കൊണ്ട് നേരിടണം,ഇത്തരം അപമാനങ്ങളെ...ജീവിതം അങ്ങനെയാണ്.

ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു

ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു

'' അന്ന് അദ്ദേഹം നൽകിയ പോസിറ്റീവ് എനർജി,എന്റ്റെ ജീവിതത്തിൽ എനിക്ക് വേറെയെവിടെനിന്നും കിട്ടിയിട്ടില്ല...അന്ന് അദ്ദേഹത്തോടൊപ്പമാണ്,ഞാനും,രാജാമണി ചേട്ടനും,ജോൺസൻ മാസ്റ്ററും ഭക്ഷണം കഴിച്ചത്...കോതണ്ഡപാണി എന്ന റിക്കാർഡിംഗ് സ്റ്റുഡിയോ അദ്ദേഹത്തിന്റ്റെ ഉടമസ്ഥതയിലുളളതായിരുന്നു..കോദണ്ഡപാണി എന്നഅദ്ദേഹത്തിന്റ്റെ ഗുരുവിന്റ്റെ പേരായിരുന്നു ആ സ്റ്റുഡിയോയിക്ക് നൽകിയതെന്നും അന്നദ്ദേഹം പറഞ്ഞതോർക്കുന്നു...ഒരുപാട് ഗുരുത്വമുളള വ്യക്തിയായിരുന്നു,ബാലു സാർ..ദാസേട്ടനേയും ഗുരുസ്ഥാനത്താണ് ബാലു സാർ കണ്ടിരുന്നത്...

പ്രിയപ്പെട്ട ബാലു സാർ ഉണ്ടായിരുന്നു

പ്രിയപ്പെട്ട ബാലു സാർ ഉണ്ടായിരുന്നു

വർഷങ്ങൾക്കിപ്പുറം,ഞാൻ സംവിധാനം ചെയ്ത കിണർ എന്ന ചിത്രം എനിക്കൊരുപാട് ഭാഗ്യങ്ങൾ നൽകിയ സിനിമയാണ്...അതിൽ എന്റ്റെ ഏറ്റവും വലിയ മഹാഭാഗ്യമായി ഞാൻ കരുതുന്നത്,ആ സിനിമയിൽ,യേശുദാസും,SPB യും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചൊരു പാട്ട് പാടിയപ്പോളാണ്..അയ്യാ സ്വാമി എന്നാരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് എന്റ്റെ പ്രിയ സ്നേഹിതൻ M ജയചന്ദ്രനായിരുന്നു...അതിനവസരം നൽകിയത് ആ ചിത്രത്തിലെ നിർമ്മാതാവ് സജീവ് പി കെ യാണ്..
ദാസേട്ടനും,ബാലുസാറും ഒരുമിച്ച് പാടുക മാത്രമല്ല,ആ പാട്ടിൽ ഒന്നിച്ചഭിനയിക്കുകയും ചെയ്തു...അതും ഒരു കലാകാരനെന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ്...വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞ ഒരു സമയം വരും എന്നുളളത് അന്വർത്ഥമാക്കിയതും കിണർ എന്ന ചിത്രമാണ്...എനിക്ക്,സംസ്ഥാന അവാർഡ് ലഭിച്ചതുമെല്ലാം...ആ സിനിമയുടെ ഭാഗമായി എന്റ്റെ പ്രിയപ്പെട്ട ബാലു സാറുണ്ടായിരുന്നു...

Recommended Video

cmsvideo
SPB : കോറോണയെ പേടിയില്ലാതെ തിങ്ങി കൂടി ജനങ്ങൾ | Oneindia malayalam
അങ്ങ് എവിടേയും പോയിട്ടില്ല

അങ്ങ് എവിടേയും പോയിട്ടില്ല

അദ്ദേഹത്തേ പറ്റി എഴുതാൻ ഇനിയുമൊരുപാടുണ്ട്,ഞാനും ജയചന്ദ്രനുമായി അദ്ദേഹത്തിന്റ്റെ വീട്ടിലെ സ്റ്റുഡിയോയിൽ പോയത്..അന്നദ്ദേഹം ഞങ്ങളോട് സംസാരിച്ച സിനിമക്കതീതമായ കാര്യങ്ങൾ...പിന്നീട് ആ പാട്ടിൽ അഭിനയിക്കാൻ വന്നപ്പോളുളള നിമിഷങ്ങൾ എല്ലാം..വിലമതിക്കാൻ പറ്റാത്തതാണ്...
അനുശോചന കുറിപ്പെഴുതാൻ ഞാൻ അശക്തനാണ്... അങ്ങയുടെ പാട്ടുകളിലെ കടുത്ത ആരാധകനേക്കാളും,അങ്ങയിലെ മനുഷ്യസ്നേഹിയേ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയിൽ എനിക്കതിന് കഴിയില്ല...
ബാലു സാർ അങ്ങ് എങ്ങും പോയിട്ടില്ല...വിദേശത്തെവിടെയോ ഒരു സംഗീത നിശയിൽ,ഇളയ നിലായും,നിലാവേ വായും,ഒക്കെ പാടുന്ന തിരക്കിലാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം...

സംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകംസംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകം

'അമ്മയാണെ സത്യ'ത്തിലെ എസ്‌ഐ നാരായണന്‍... തമിഴില്‍ എസ്പിബി അഭിനയിച്ചു, കമല്‍ നായകന്‍, സംവിധാനം മേനോൻ'അമ്മയാണെ സത്യ'ത്തിലെ എസ്‌ഐ നാരായണന്‍... തമിഴില്‍ എസ്പിബി അഭിനയിച്ചു, കമല്‍ നായകന്‍, സംവിധാനം മേനോൻ

English summary
MA Nishad Rememers SP Balasubramaniam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X