'എന്തുകൊണ്ട് തഴയപ്പെട്ടു, മികച്ച രണ്ടാമത്തെ നടി മഞ്ജു പിള്ളയാണ്'; പുരസ്‌കാര വിവാദത്തില്‍ എംഎ നിഷാദ്
കൊച്ചി: ഏറെ പ്രേക്ഷക പ്രശംസ നേടിയ ഹോം എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണന ലഭിക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് ചിത്രം തഴയപ്പെട്ടതെന്നാണ് ഉയരുന്ന വാദം. സിനിമയ്ക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകന്‍ റോജിന്‍ തോമസ് പ്രതികരിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് എം എ നിഷാദിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മഞ്ജു പിള്ള തഴയപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ എം എ നിഷാദ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എം എ നിഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക്, അഭിനന്ദനങ്ങള്‍. മികച്ച രണ്ടാമത്തെ നടി. ,മഞ്ജു പിളളയാണ് . ചിത്രം ഹോം.., മഞ്ജു അതര്‍ഹിക്കുന്നു. എന്ത് കൊണ്ട് മഞ്ചുപിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു.. ഇത് ഏന്റ്‌റെ വ്യക്തിപരമായ അഭിപ്രായമാണ്.. ഇത് കൊണ്ട് അവാര്‍ഡ് കിട്ടിയ നടി,അനര്‍ഹയാണെന്ന് അര്‍ത്ഥമില്ല- എം എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, എം എ നിഷാദിന്റെ പോസ്റ്റിന് പിന്തുണച്ച് നിരവധി പേരാണ് കമന്റുമായി എത്തിയത്. ചില കമന്റുകള്‍ ഇങ്ങനെയാണ്, 'ഹോമിലെ മഞ്ജുവിന്റെ അഭിനയം അതിഗംഭീരമായിരിക്കുന്നു..... അവാര്‍ഡ് നിര്‍ണ്ണയിച്ചവര്‍ കണ്ടു കാണില്ല', ഇത്തവണത്തെ മികച്ച നടിക്കുള്ള പുര്കാരത്തിന് ഏറ്റവും അര്‍ഹ മഞ്ജു പിള്ള തന്നെയായിരുന്നു എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ കുറിക്കുന്നത്.

അതേസമയം, ഹോം ചിത്രത്തിനെ പുരസ്‌കാര നിര്‍ണയത്തില്‍ നിന്നും തഴഞ്ഞതിനെതിരെ വിമര്‍ശനവുമായി ആര്‍ ജെ വൈശാകും രംഗത്തെത്തി. പീഡനം ആണ് ഹോം സിനിമയെയും അതിലെ താരങ്ങളേയും തഴയാന്‍ കാരണമെങ്കില്‍ സ്ത്രീപക്ഷം കളിക്കുന്ന സര്‍ക്കാരും, അവര്‍ നിയോഗിച്ച ജൂറിയും, കുറേ സൊ കോള്‍ഡ് ആക്ടിവിസ്റ്റുകളും എന്നെങ്കിലും ഇതിനൊരു മറുപടി നല്‍കേണ്ടി വരുമെന്ന് ആര്‍ ജെ വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം..

ചലച്ചിത്ര അവാര്‍ഡിലെ രാഷ്ട്രീയം ഒക്കെ മാറ്റി വെക്ക് പക്ഷേ ഇന്ദ്രന്‍സ് എന്ന മഹാ നടന്റെ ഒലിവര്‍ ട്വിസ്റ്റിന് അവാര്‍ഡ് നല്‍കാത്തത് , മഞ്ജു പിള്ളയുടെ കുട്ടിയമ്മക്ക് അവാര്‍ഡ് നല്‍കാത്തത് , ആ സിനിമക്ക് തന്നെ അവാര്‍ഡ് നല്‍കാത്തത് ആ സിനിമയുടെ നിര്‍മാതാവിന്റെ പീഡനത്തിന്റെ പേരില്‍ ആണെങ്കില്‍ , ആ സിനിമയുടെ സംവിധായകനും കഥാകൃത്തും ആയ റോജിന്‍ തോമസിനോടും ഈ പറഞ്ഞ കലാകാരന്മാരോടും ഒക്കെ നിങ്ങള്‍ ചെയ്ത ഏറ്റവും വലിയ , മാപ്പില്ലാത്ത തെറ്റ് തന്നെയാണ് .

ഈ പറയുന്ന പീഡനത്തിന്റെ അന്വേഷണം എങ്ങും എങ്ങും എത്തിയിട്ടില്ല , പക്ഷേ ഇനി അങ്ങനെ ഒരു സിനിമ ഈ കലാകാരന്മാരില്‍ നിന്നും ഉണ്ടാകുമോ ?? അവരുടെ അഭിനയ പ്രതിഭയെ എന്തിനോ വേണ്ടി തഴയപ്പെടുമ്പോള്‍ അവരിലെ ആര്‍ട്ടിസ്റ്റിന് ഉണ്ടാകുന്ന വേദന എന്തെന്ന് അവര്‍ക്കേ അറിയൂ ..

പ്രിയപ്പെട്ട ഹോം ടീം , സാധാരണ ജനങ്ങളുടെ മനസ്സില്‍ നിങ്ങള്‍ക്ക് വലിയ സ്ഥാനം തന്നെയുണ്ട്. ഈ പീഡനം ആണ് ഹോം സിനിമയെയും അതിലെ താരങ്ങളേയും തഴയാന്‍ കാരണം എങ്കില്‍ സ്ത്രീപക്ഷം കളിക്കുന്ന സര്‍ക്കാരും , അവര്‍ നിയോഗിച്ച ജൂറിയും , കുറെ സൊ കോള്‍ഡ് ആക്ടിവിസ്റ്റുകളും എന്നെങ്കിലും ഇതിനൊരു മറുപടി നല്‍കേണ്ടി വരും കാലം അത് തെളിയിക്കും- ആര്‍ ജെ വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, നടി രമ്യാ നമ്പീശനും ഹോം സിനിമയെ പിന്തുണച്ച് രംഗത്തെത്തി. ഹോമിലെ ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ചാണ് രമ്യ നമ്പീശന്‍ പ്രതികരിച്ചത്. എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന തലക്കെട്ടോട് കൂടിയാണ് രമ്യ നമ്പീശന്‍ പോസ്റ്റ് പങ്കുവച്ചത്. രമ്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദിഖും പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സിദ്ദിഖിന്റെ വിമര്‍ശനം. ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍... 'അടിമകള്‍ ഉടമകള്‍' നല്ല സിനിമയാണ്- ടി സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications