കത്തിമുനയിൽ നിന്ന് രക്ഷപ്പെട്ടവൾ, തീയിൽ കുരുത്തവൾ! എം.എ ഷഹനാസിന് പിന്തുണയുമായി കുക്കു ദേവകി
വിവിധ തിരിച്ചറിയൽ രേഖകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ എം.എ ഷഹനാസിന് പിന്തുണയുമായി സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി രംഗത്ത്. ഷഹനാസിന്റെ ജീവിതത്തിലെ കഠിനമായ അതിജീവന കഥയും 'പ്രിയ' എന്ന പേര് എങ്ങനെ വന്നുവെന്നും വ്യക്തമാക്കിക്കൊണ്ടാണ് കുക്കു ദേവകി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
മാറാട് കലാപത്തിന്റെ ഭീതിദമായ സാഹചര്യത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബമാണ് ഷഹനാസിന്റേതെന്ന് കുക്കു ദേവകി ഓർമ്മിപ്പിക്കുന്നു. അക്രമികളുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെടാൻ അന്ന് രാത്രിക്ക് രാത്രി നാടുവിടേണ്ടി വന്നവരാണവർ. ഖത്തറിൽ വീട്ടുജോലി ചെയ്ത് മക്കളെ വളർത്തിയ ഒരു സിംഗിൾ മദറിന്റെ കരുത്തിലാണ് ഷഹനാസ് വളർന്നതെന്നും അവർ കുറിച്ചു.
'പ്രിയ' എന്ന പേരിന് പിന്നിൽ
ഹിന്ദു മതവിഭാഗത്തിൽപ്പെട്ട സിജേഷുമായുള്ള വിവാഹത്തിന് ശേഷം പങ്കാളിയുടെ വീട്ടുകാർ ഷഹനാസിനെ സ്നേഹപൂർവ്വം വിളിക്കുന്ന പേരാണ് 'പ്രിയ'. ഈ പേര് ചില രേഖകളിൽ കടന്നുകൂടിയതിൽ അസ്വാഭാവികതയില്ലെന്നും ഇതിനെ ദുരൂഹമായി ചിത്രീകരിക്കേണ്ടതില്ലെന്നും കുക്കു ദേവകി വ്യക്തമാക്കി. ഒരു സ്ത്രീ പബ്ലിഷിംഗ് രംഗത്ത് വിജയിക്കുന്നത് അംഗീകരിക്കാൻ കഴിയാത്തവരാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ ആരോപിച്ചു.

ആരോപണങ്ങളും പരാതിയും
ഡ്രൈവിംഗ് ലൈസൻസിൽ 'പ്രിയ' എന്നും പാസ്പോർട്ടിൽ 'ഷഹനാസ്' എന്നും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നിയാസ് മലബാറി എന്നയാൾ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൂടാതെ ഷഹനാസിന്റെ സിവിൽ സർവീസ് നേട്ടങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഷഹനാസ് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിവിൽ സർവീസ് പ്രിലിംസ് ക്വാളിഫൈ ചെയ്തിട്ടുണ്ടെന്നും അതിന് ആദരം ലഭിച്ചിട്ടുണ്ടെന്നും കുക്കു ദേവകി തന്റെ കുറിപ്പിലൂടെ മറുപടി നൽകി.
ഷഹനാസിനൊപ്പം അവരുടെ കുടുംബവും പങ്കാളിയും മകളും ഉറച്ചുനിൽക്കുന്നുണ്ടെന്നും, വേട്ടയാടലുകളിൽ തളരാതെ മുന്നോട്ട് പോകണമെന്നും കുക്കു ദേവകി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications