തൃശൂരില്‍ ലുലു മാള്‍ വൈകാന്‍ കാരണം ഇതാണ്; വ്യക്തമാക്കി എംഎ യൂസഫലി, 3000 പേര്‍ക്ക് ജോലി കിട്ടും
തൃശൂര്‍: ജിസിസി രാജ്യങ്ങളില്‍ തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ബ്രാഞ്ചുകള്‍ ഉള്ള ലുലു ഗ്രൂപ്പ് അടുത്ത കാലത്താണ് ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിച്ചത്. കേരളത്തില്‍ നിരവധി ജില്ലകളില്‍ ലുലു മാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും തുടങ്ങിയ പിന്നാലെ തൃശൂരില്‍ ലുലു മാള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങളായി തൃശൂരില്‍ ലുലു മാള്‍ തുടങ്ങാന്‍ സാധിക്കാതെ നില്‍ക്കുന്നു. മാള്‍ തുടങ്ങിയാല്‍ 3000 പേര്‍ക്കാണ് ജോലി ലഭിക്കുക. എന്തുകൊണ്ട് തൃശൂരില്‍ ലുലു മാള്‍ തുടങ്ങാന്‍ സാധിക്കുന്നില്ല എന്ന് ചെയര്‍മാന്‍ എംഎ യൂസഫലി വിശദീകരിച്ചു. ചിയ്യാരത്ത് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യവെയാണ് യൂസഫലി ഇക്കാര്യം പറഞ്ഞത്...

തൃശൂരില്‍ ലുലു മാള്‍ വൈകാന്‍ കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള വ്യക്തിയുടെ ഇടപെടലാണ് എന്ന് യൂസഫലി പറഞ്ഞു. അനാവശ്യമായി കേസ് കൊടുക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ കേസ് തീര്‍പ്പാകേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ബിസിനസ് തുടങ്ങുന്നതിന് നിരവധി പ്രതിസന്ധികള്‍ മറികടക്കേണ്ടതുണ്ടെന്നും യൂസഫലി പറഞ്ഞു.
രണ്ടര വര്‍ഷം മുമ്പ് തൃശൂരില്‍ ലുലുമാള്‍ തുടങ്ങേണ്ടതായിരുന്നു. ആരംഭിച്ചാല്‍ 3000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. തടസ്സങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് ബിസിനസുകാരുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമാണ് തൃശൂര്‍. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കൊച്ചിയില്‍ സംരംഭം തുടങ്ങുന്നതിനും വലിയ പ്രതിസന്ധികള്‍ ലുലു ഗ്രൂപ്പ് നേരിട്ടിരുന്നു. സമാനമായ പ്രതിസന്ധി ആന്ധ്ര പ്രദേശില്‍ ലുലു നേരിടുന്നുണ്ട്. വിജയവാഡ, വിശാഖപട്ടണം, തിരുപ്പതി എന്നിവിടങ്ങളിലാണ് ആന്ധ്രയില്‍ ലുലു മാള്‍ തുടങ്ങാന്‍ പോകുന്നത്.
കോഴിക്കോട് ലുലു മാള്‍ തുടങ്ങിയ വേളയില്‍ മറ്റൊരു മാള്‍ കൂടി തുടങ്ങുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തുടങ്ങിയതിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്താകും അടുത്തത് തുടങ്ങുക എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം, തിരൂരില്‍ ഉള്‍പ്പെടെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് വരാന്‍ പോകുകയാണ്. തിരൂരില്‍ നെസ്‌റ്റോ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
തൃശൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലുലു സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. ഹൈലറ്റ് മാളിലാണ് ലുലു ഡെയ്‌ലി സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. 52000 ചതുരശ്ര അടിയിലാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ്. കേസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ലുലു മാള്‍ തൃശൂരിലും ഉയരും. തൃശൂരിലെ നാട്ടിക സ്വദേശിയാണ് യൂസഫലി. സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമാണ്.












Click it and Unblock the Notifications