52 കൊല്ലത്തിന് ശേഷം യൂസഫലിയെത്തി, ആ പഴയ വിദ്യാര്‍ത്ഥിയായി; മടങ്ങുമ്പോള്‍ വന്‍തുകയുടെ ധനസഹായവും
തൃശൂര്‍: അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് താന്‍ പഠിച്ച സ്‌കൂളിലെത്തി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. തൃശൂര്‍ കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലാണ് തിരക്കുകളെല്ലാം മാറ്റി വെച്ച് യൂസഫലി എത്തിയത്. 1970-71 ബാച്ചിലെ വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം ഈ സൗഹൃദ കൂട്ടായ്മയിലേക്ക് എത്തിയിരുന്നു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും സഹപാഠികള്‍ക്കൊപ്പമിരുന്ന് യൂസഫലി ആ പഴയ വിദ്യാര്‍ത്ഥിയായി. സഹപാഠികളുടേയും അധ്യാപകരുടേയുമെല്ലാം പേരുകള്‍ വിളിച്ചാണ് യൂസഫലി സൗഹൃദം പുതുക്കിയത്. ഗണിതശാസ്ത്ര അധ്യാപികയായിരുന്ന ലില്ലി ടീച്ചര്‍ക്കൊപ്പം കേക്ക് മുറിച്ചതും യൂസഫലിയായിരുന്നു. ഇതിനിടെ സഹപാഠി ഗിരിജ വീട്ടില്‍ നിന്നുണ്ടാക്കിയ അട കൊണ്ടുവന്നതും യൂസഫിലും കൂട്ടുകാരും കഴിച്ചു.

തൃപ്പയാറില്‍ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്‌കൂളിലേക്ക് എത്തിയിരുന്ന പഠനകാലം യൂസഫലി ഓര്‍ത്തെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തില്‍ തനിക്ക് സഹനശക്തിയും കരുത്തും നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെവിടെ പോയാലും കേരളത്തെ കുറിച്ചും ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയുമാണ് താന്‍ മറ്റുള്ളവരോട് പങ്ക വെക്കാറുള്ളതെന്നും അഭിമാനത്തോടെ യൂസഫലി കൂട്ടിച്ചേര്‍ത്തു.
പരിപാടിയിലുടനീളം അതില്‍ അലിഞ്ഞ് ചേരുകയായിരുന്നു യൂസഫലി. ഇതിനിടെ മറ്റൊരു ബിസിനസ് മീറ്റിങ്ങിന്റെ അറിയിപ്പ് എത്തിയെങ്കിലും ആ കുറിപ്പ് കീറികളഞ്ഞ് കുറച്ചുനേരം തന്റെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കട്ടെ എന്നും യൂസഫലി പറഞ്ഞു. ഹപാഠിയും വിദേശ സര്‍വകലാശാലയിലെ അധ്യാപകനുമായിരുന്ന എടി മാത്യുവാണ് പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ അധ്യക്ഷത വഹിച്ചത്.
പ്രസംഗത്തിനിടെ യൂസഫലിയെ സാര്‍ എന്നാണ് മാത്യു വിശേഷിപ്പിച്ചത് യൂസഫലി തിരുത്തി. ഒന്നിട്ട് പഠിച്ചയാളെ എന്തിനാണ് സാറെന്ന് വിളിക്കുന്നതെന്നായിരുന്നു യൂസഫലി ചോദിച്ചത്. ഉയരങ്ങള്‍ കീഴടക്കുമ്പോഴും പിന്നിട്ട കാലം മറക്കാത്തയാളാണ് യൂസഫലിയെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തി. പഠിക്കുന്ന സമയത്ത് ഈ സ്‌കൂളിലെ ലീഡറായിരുന്നു യൂസഫലി എന്ന് തോമസ് മാഷ് ഓര്‍ത്തെടുത്തു.
മടങ്ങുമ്പോള്‍ താന്‍ പഠിച്ച സ്‌കൂളില്‍ കൂടുതല്‍ ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനും അടിസ്ഥാനസൗകര്യ വിസനത്തിനുമായി 50 ലക്ഷം രൂപ നല്‍കും എന്നും യൂസഫലി പ്രഖ്യാപിച്ചു. അഞ്ച് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 41 ലക്ഷം രൂപ അനുവദിക്കണം എന്ന് നേരത്തെ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പഠിച്ച സ്‌കൂള്‍ കൂടുതല്‍ അധുനികവത്കരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കണമെന്നും യൂസഫലി പറഞ്ഞു.
ഇതിനായി 50 ലക്ഷം രൂപ പ്രഖ്യാപിക്കുകയായിരുന്നു യൂസഫലി. എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്നും ഉദ്ഘാടനത്തിന് താനുണ്ടാകുമെന്നും അധികൃതര്‍ക്ക് യൂസഫലി വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്.












Click it and Unblock the Notifications