റോള്‍സ് റോയസ് ഗോസ്റ്റ് മുതല്‍ 1955 മോഡല്‍ ബെന്‍സ് 180 ടി വരെ; യൂസഫലിയുടെ കാറുകള്‍ കണ്ടോ..!!
രാജ്യത്തെ തന്നെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അതിസമ്പന്നതയുടെ ആഡംബരത്തില്‍ ജീവിക്കുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ സമയവും സമ്പാദ്യവും നീക്കി വെക്കാന്‍ യൂസഫലി മറക്കാറില്ല. അതിനാല്‍ തന്നെ കേരളത്തിലെ ഏറ്റവും ജനകീയനായ കോടീശ്വരന്‍ എന്ന ഖ്യാതിയും യൂസഫലിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും തന്നെയാണ് എം എ യൂസഫലിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ആണിക്കല്ല്. നിലവില്‍ 3.07 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഒന്നിലധികം ബിസിനസുകളുടെ ഉടമയുമാണ്. ലുലു ഇന്റര്‍നാഷണല്‍ തങ്ങളുടെ ഷോപ്പിംഗ് മാള്‍ ആദ്യം തുറന്നത് കൊച്ചിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നാണിത്.

അത്യാഡംബര വീടുകളും സ്വകാര്യ ഹെലികോപ്ടറുമുള്ള യൂസഫലിയുടെ കാര്‍ ശേഖരം ആരേയും അതിശയിപ്പിക്കുന്നതാണ്. ആഡംബര വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് യൂസഫലിയുടെ ഗ്യാരേജിലുള്ളത്. അദ്ദേഹത്തിന്റെ കേരളത്തിലെ എല്ലാ വാഹനങ്ങളും കെ എല്‍ ഒന്ന് ആണ് രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നതും ശ്രദ്ധേയമാണ്. ഏതൊക്കെയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ വാഹനങ്ങള്‍ എന്ന് നോക്കാം.
റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആണ് യൂസഫലിയുടെ ഗ്യാരേജിലെ പ്രഥമ സ്ഥാനീയന്‍. റോള്‍സ് റോയ്‌സ് കാറുകള്‍ ആഡംബരത്തിന്റെ പ്രതീകമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നോര്‍ക്കയുടെ ചെയര്‍മാന്‍ കൂടിയായി അദ്ദേഹത്തിന്റെ ഈ കാറില്‍ കേരള ഗവണ്‍മെന്റ് എന്ന് കൂടി പതിപ്പിച്ചിട്ടുണ്ട്. കേരളത്തിലെത്തിയാല്‍ പലപ്പോഴും ഈ വാഹനത്തിലാണ് യൂസഫലി സഞ്ചരിക്കാറുള്ളത്.
ഒരു മിനി കണ്‍ട്രിമാനും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. റേഞ്ച് റോവര്‍ വോഗിന്റെ പഴയ പതിപ്പും കേരളത്തിലെ ആവശ്യങ്ങള്‍ക്കായി യൂസഫലി ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പരിപാടികള്‍ക്കായി നിരവധി തവണ ഈ എസ്യുവിയില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമായ ഏറ്റവും ചെലവേറിയ ആഡംബര എസ്യുവികളിലൊന്നാണ് ബെന്റ്ലി ബെന്റയ്ഗ. ഇതിന്റെ വെള്ള നിറത്തിലുള്ള ഡബ്ല്യു12 പതിപ്പ് യൂസഫലി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി ബെന്റ്‌ലി ബെന്റയ്ഗ വാങ്ങിയ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. റോള്‍സ് റോയ്‌സ് കുല്ലിനനും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഈ മോഡലിന്റെ റെഡ് വേരിയന്റാണ് യൂസഫലി തന്റെ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. മേഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസും ലെക്‌സസ് എല്‍എക്‌സ് 750 ഉം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിരവധി ആഡംബര സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ലെക്‌സസ്.
ബിഎംഡബ്ല്യു 750 എല്‍ഐ എം സ്‌പോര്‍ട്ടും കേരളത്തിലെ ഗ്യാരേജിലാണ് ഉള്ളത്. മേഴ്‌സിഡസ് മേയ്ബാച്ച് എസ്600 ഉം മേഴ്‌സിഡസ് ബെന്‍സ് 180 ടിയും അദ്ദേഹം വാങ്ങിയിട്ടുണ്ട്. 1955 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് 180 ടി പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ മുന്‍ മഹാരാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഉപയോഗിച്ചിരുന്നതാണ്. 2012 ല്‍ അന്തരിച്ച അദ്ദേഹം തന്റെ കാര്‍ യൂസഫലിക്ക് സമ്മാനിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications