ഇത്രയും ആസ്തിയോ! സമ്പത്തിന്റെ കാര്യത്തിൽ എംഎ യൂസഫലി ബഹുദൂരം മുന്നിൽ, ആരാണ് രണ്ടാമൻ?
കൊച്ചി: മലയാളികളില്‍ ആസ്തിയില്‍ മുമ്പനാര് എന്ന് ആര്‍ക്കെങ്കിലും സംശയമുള്ളതായി തോന്നിയിട്ടില്ല. അത് എംഎ യൂസഫലിക്ക് തന്നെയാവും എന്നാവും ഭൂരിഭാഗം പേരുടെയും മറുപടി. ഹുറൂണ്‍ ഇന്ത്യയുടെ അതിസമ്പന്നരുടെ പട്ടികയില്‍ ഈ സ്ഥാനം വീണ്ടും യൂസഫലി നിലനിര്‍ത്തിയിരിക്കുകയാണ്. അത് മാത്രമല്ല സമ്പത്തില്‍ അതിദൂരം മുന്നിലുമാണ്.
യൂസഫലിക്ക് 55000 കോടിയുടെ ആസ്തിയാണ് ഉള്ളത്. മലയാളികളില്‍ ഏറ്റവും ആസ്തിയുള്ളതായി ഈ പട്ടികയില്‍ പറയുന്നത് യൂസഫലിയെയാണ്. രണ്ടാം സ്ഥാനത്തുള്ളത് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ ഷംസീര്‍ വയലിലാണ്. 33000 കോടിയുടെ ആസ്തിയാണ് ഷിംസീറിനുള്ളത്. റേഡിയോളജിസ്റ്റും, യുഎഇയില്‍ ആരോഗ്യ സംരംഭകനുമാണ് അദ്ദേഹം.

അതേസമയം ഹുറൂണിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനിയാണ്. ദേശീയ റാങ്കില്‍ 25ാം സ്ഥാനത്താണ് യൂസഫലിയുള്ളത്. ഷംസീര്‍ വയലില്‍ 46ാം സ്ഥാനത്താണ്. ഹുറൂണ്‍ ഇന്ത്യയും 360 വെല്‍ത്തും ചേര്‍ന്നാണ് സമ്പന്ന പട്ടിക പുറത്തിറക്കിയത്. അതേസമയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും, ലുലു അന്താരാഷ്ട്ര ഷോപ്പിംഗ് മാളും യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ ഭാഗമാണ്.
എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ഇതിന്റെ വാര്‍ഷിക ടേണോവര്‍. ഏകദേശം 65800 കോടി രൂപ വരുമിത്. എന്നാല്‍ ഹുറൂണിന്റെ പട്ടികയിലെ വിവരങ്ങള്‍ പ്രകാരം യൂസഫലിയുടെ ആസ്തിയില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഫോബ്‌സിന്റെ പട്ടിക പ്രകാരം ജൂലായ് 29 വരെ 46060 കോടിയായിരുന്നു യൂസഫലിയുടെ ആസ്തി. ഇവിടെ നിന്ന് വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.
ഫാഷന്‍-റീട്ടെയില്‍ സെക്ടറില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് യൂസഫലി. ഒന്നാം സ്ഥാനത്ത് രാധാകിഷന്‍ ദമനിയാണ്. ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഒരുപാട് പ്രശസ്തി ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നേടിയിരുന്നു. ജനപ്രിയമായ ഷോപ്പിംഗ് മാളുകളും, ഹൈപ്പര്‍ മാര്‍ക്കറ്റുകളും യൂസഫലിയുടെ സംഭാവനയാണ്. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചിരുന്നു.
ലുലു ഗ്രൂപ്പിന്റെ 258ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റായിരുന്നു ഇത്. യുഎഇയില്‍ ഇത് 104ാമത്തെയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും, യൂസഫലി പറഞ്ഞിരുന്നു. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം 300 ആക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1973ല്‍ അബുദാബിയിലെത്തിയതാണ് യൂസഫലി. തുടര്‍ന്ന് ബന്ധുവിന്റെ പലച്ചരക്ക് കടയില്‍ ജോലിക്ക് നിന്നിരുന്നു. അതില്‍ നിന്നാണ് സൂപ്പര്‍ മാര്‍ക്കറ്റുകളെ കുറിച്ച് അദ്ദേഹം പഠിക്കാന്‍ തീരുമാനിച്ചത്. ഓസ്‌ട്രേലിയ, ഹോങ്കോങ്ങ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യം യൂസഫലി പഠിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നാണ് അബുദാബിയില്‍ 1995ല്‍ ആദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്. പിന്നീട് നിരവധി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അദ്ദേഹം ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications