യുസഫ് അലി യുഎഇയില്‍ കാല് കുത്തിയിട്ട് 50 വർഷം: അഭിമാനകരമായ വളർച്ച, ഇന്ന് ആരേയും ഞെട്ടിക്കും ആസ്തി
വിദേശ വ്യവസായ രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കി മലയാളികളുടെ അഭിമാനമായ എംഎ യൂസഫ് അലി. 1973 ഡിസംബർ 31 നായിരുന്നു ദുബായിലെ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ട 'ഡുംറ' എന്ന കപ്പലിൽ അദ്ദേഹം ആദ്യമായി ഇന്ത്യയില്‍ നിന്നും യുഎഇയുടെ തീരത്ത് വന്നിറങ്ങിറങ്ങുന്നത്.
"രാവിലെ കപ്പൽ നങ്കൂരമിട്ടെങ്കിലും, ഞാൻ തുറമുഖത്ത് നിന്ന് ഇറങ്ങുമ്പോൾ ഏകദേശം രാത്രി 10 മണിയായിരുന്നു. നീല ടൊയോട്ട സ്റ്റൗട്ട് പിക്കപ്പിൽ അബുദാബിയിൽ എത്താൻ അന്ന് രാത്രി ഏകദേശം നാല് മണിക്കൂർ എടുത്തതായി ഞാൻ ഇപ്പോഴും ഓർക്കുന്നു, കാരണം അക്കാലത്ത് ഇത് ഒറ്റ ട്രാക്ക് റോഡായിരുന്നു." എന്നായിരുന്നു തന്റെ ആദ്യ യാത്രയെക്കുറിച്ച് യുസഫ് അലി അടുത്തിടെ പറഞ്ഞത്.

1970 കളിൽ ഒരു ചെറിയ വ്യാപാര കേന്ദ്രമായി ആരംഭിച്ച ലുലു ഇന്ന് ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നാണ്. 24 രാജ്യങ്ങളിലായി 260-ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലുവിന് ഇന്ന് സ്വന്തമായുണ്ട്. 46 വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന 70,000 ത്തോളം ആളുകളും ലുലുവില്‍ ജോലി ചെയ്യുന്നു. ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് ഏകദേശം 8 ബില്യൺ യുഎസ് ഡോളറാണ് (65800 കോടി രൂപ) എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഫോർബ്‌സ് പറയുന്നതനുസരിച്ച്, 2023 ജൂലൈ 29 വരെ യൂസഫലിയുടെ തത്സമയ ആസ്തി 5.6 ബില്യൺ യുഎസ് ഡോളറാണ്. ഇത് ഏകദേശം 46,060 കോടി രൂപയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ 500-ാം സ്ഥാനത്താണ് അദ്ദേഹം. രാധാകിഷൻ ദമാനിക്ക് ശേഷം ഫാഷൻ, റീട്ടെയിൽ മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കോടീശ്വരൻ കൂടിയാണ് അദ്ദേഹം.
ചാരിറ്റി പ്രവർത്തനങ്ങള്‍ക്ക് വലിയ തോതില്‍ പണം നല്‍കുന്ന വ്യക്തി കൂടിയാണ് എംഎ യൂസഫ് അലി. കോവിഡ് കാലത്ത്, പകർച്ചവ്യാധിക്കെതിരെ പോരാടാൻ അദ്ദേഹം 6.8 മില്യൺ ഡോളർ സംഭാവന നൽകി. കേരളത്തിൽ 1,400 കിടക്കകളുള്ള ഒരു ചികിത്സാ കേന്ദ്രവും യൂസഫ് നിർമ്മിക്കുകയും സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തിലെ തൃശൂർ ജില്ലയിലെ നാട്ടികയിലാണ് യൂസഫ് അലി ജനിക്കുന്നത്. യൂസഫലി മുസലിയം വീട്ടിൽ അബ്ദുൾ കാദർ എന്നാണ് മുഴുവൻ പേര്. ബിസിനസ് മാനേജ്‌മെന്റ് ആൻഡ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമ നേടിയ യൂസഫ് അലി അമ്മാവന്റെ ചെറുകിട വിതരണ ബിസിനസിൽ ചേരാനാണ് 1973-ൽ അബുദാബിയിലേക്ക് എത്തുന്നത്.
1990-കളിൽ എംഎ യൂസഫ് അലി തന്റെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) തലസ്ഥാന നഗരമായ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ന് ലോകത്ത് തന്നെ അറിയപ്പെടുന്ന ഷോപ്പിംഗ് മാളുകളുടെയും ഹൈപ്പർമാർക്കറ്റുകളുടെയും ഒരു ശൃംഖലയാണ്.












Click it and Unblock the Notifications