ഇതാണ് ആ വിജയ രഹസ്യം: എംഎ യൂസഫ് അലി ആദ്യമായി പറയുന്നു, പകർത്തിയാല്‍ വിജയം ഉറപ്പ്
ആഗോള ബിസിനസ് രംഗത്ത് മലയാളികളുടെ അഭിമാനമായി മാറിയ വ്യക്തിയാണ് എംഎ യുസഫ് അലി. 50 വർഷങ്ങള്‍ക്ക് മുമ്പ് യുഎഇയില്‍ എത്തിയ അദ്ദേഹം ഇന്ന് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരില്‍ ഒരാളാണ്. 1970 കളിൽ ഒരു ചെറിയ വ്യാപാര കേന്ദ്രമായി ആരംഭിച്ച ലുലു ഇന്ന് ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നായി മാറുകയും ചെയ്തു.
24 രാജ്യങ്ങളിലായി 260-ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലുവിന് ഇന്ന് സ്വന്തമായുണ്ട്. 46 വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന 70,000 ത്തോളം ആളുകളും ലുലുവില്‍ ജോലി ചെയ്യുന്നു. സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് ഏകദേശം 8 ബില്യൺ യുഎസ് ഡോളറാണ് (65800 കോടി രൂപ) എന്നാണ് കണക്ക്. എന്താണ് ബിസിനസ് രംഗത്തെ ഈ വിജയത്തിന് കാരണം എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരവും എംഎ യൂസഫ് അലിക്ക് നല്‍കാനുണ്ട്.

കൊച്ചിയില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തന്റെ വിജയ രഹസ്യങ്ങള്‍ യൂസഫ് അലി വ്യക്തമാക്കുന്നത്. 1970 കളില്‍ ഞാന്‍ യുഎഇയില്‍ വരുമ്പോള്‍ മൊബൈലൊന്നുമില്ല, ലാന്‍ഡ് ഫോണാണ്. നാട്ടില്‍ ആണെങ്കില്‍ അതുമില്ല. ആരുമായും സംസാരിക്കാന്‍ സാധിക്കില്ല. എന്റെ വീട്ടില്‍ ഫോണുണ്ടായിരുന്നില്ല. വീടിന് അകലേയുള്ള ഒരു വീട്ടിലാണ് ഫോണുള്ളത്. അവിടേക്ക് ട്രങ്ക് ബുക്ക് ചെയ്തിട്ടാണ് വിളിക്കുന്നത്. അന്ന് അധികവും കത്തായിരുന്നു. അതില്‍ നിന്നാണ് ഈ സൂപ്പർ സോണിക്കില്‍ നമ്മള്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു.
ടൈം അനുസരിച്ച് നമ്മള്‍ മാറിക്കൊണ്ടിരിക്കണം. മാറ്റത്തിന് വേണ്ടി നമ്മള്‍ തയ്യാറായിരിക്കണം. ഏത് സംരഭകനും വേണ്ട പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കൃത്യനിഷ്ഠതയാണ്. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ് അത്. ഒരു ടൈം പറഞ്ഞാല്‍ ആ ടൈമിന് ആളെ കാണണം. അല്ലെങ്കില്‍ ആ സമയത്ത് ജോലിക്ക് വരണം. ഞാന്‍ അങ്ങനെയാണ്.
എന്റെ സഹപ്രവർത്തകർ ജോലിക്ക് വരുന്ന സമയത്ത് ഞാനും വരും. അല്ലെങ്കില്‍ അവർ വരുന്നതിന് മുമ്പ് വന്നിരിക്കും. അത് അവർ കൃത്യസമയത്ത് വരാന്‍ വേണ്ടിയാണ്. ഫുഡ് പ്രൊഡക്ട് ആണ് ഞങ്ങളുടെ പ്രധാന ബിസിനസ്. ആ രംഗത്തെ പുതിയ ട്രെന്‍ഡ് എന്താണെന്ന് അറിഞ്ഞിരിക്കണം. നാളെ എന്തായി മാറും ആ ട്രെന്‍ഡ് എന്നും അറിഞ്ഞിരിക്കണം. അതിന് അനുസരിച്ച് നമ്മള്‍ തയ്യാറെടുപ്പുകള്‍ നടത്തണം. അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുമെന്നും യൂസഫ് അലി പറയുന്നു.
നമ്മുടെ ഏത് ഷോപ്പും ഏഴോ എട്ടോ കൊല്ലം കഴിയുമ്പോള്‍ അപ്ഗ്രേഡ് ചെയ്യും. അതോടൊപ്പം തന്നെ നല്ല എക്യുപ്മെന്റ് വേണം. ആ എക്യുപ്മെന്റ് അതിന്റെ സമയം കഴിയുമ്പോള്‍ മാറ്റുകയും വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ എത്ര ബ്യൂട്ടിഫുള്‍ ഷോപ്പായിട്ടും കാര്യമില്ല. നല്ല പ്രൊഡക്ട് ഇല്ലെങ്കില്‍ ആരും വരില്ല. ആളുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന പൈസയായിരിക്കും.
എല്ലാവർക്കും അവരവരുടേതായ ബഡ്ജറ്റ് ഉണ്ടാവും. അതിന് അനുസരിച്ചുള്ള പ്ലാനിങ് വേണം. ഇല്ലെങ്കില്‍ വരവില്‍ കൂടുതല്‍ ചിലവാകും. അതാണ് പല സംരഭകർക്കും സംഭവിക്കുന്നത്. നമുക്ക് വലിയ ഒരു വണ്ടി വേണം, വണ്ടി വാങ്ങിക്കുന്നതിനെ ഞാന്‍ കുറ്റം പറയില്ല. ലോണ്‍ എടുത്തിടാണ് വണ്ടി വാങ്ങുന്നതെങ്കില്‍ പലിശയടക്കം അത് തിരിച്ചടക്കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടോയെന്നാണ് ആദ്യം നോക്കേണ്ടത്.
ഒരുപാട് കമ്പനികള്‍ ബാങ്കില്‍ നിന്നും പൈസ എടുത്ത് അത് പല വഴിക്ക് ചിലവഴിക്കും. കുറഞ്ഞ തുകയായിരിക്കും കച്ചവടത്തിന് ചിലവഴിക്കുക. കച്ചവടത്തില്‍ നിന്ന് ലാഭം കിട്ടിയാല്‍ മാത്രമാണല്ലോ ബാങ്കിലെ തിരിച്ചടവ് നടക്കുകയുള്ളു. അതിന് സാധിച്ചില്ലെങ്കില്‍ കുറെ നാള് കഴിയുമ്പോള്‍ പ്രശ്നമാകും. അതുകൊണ്ട് തന്നെ നമുക്ക് നല്ല പ്ലാന്‍ വേണം. ചിലവുകള്‍ കുറക്കാന്‍ നോക്കം.
ഒരു ഉത്പാദകനാണെങ്കില്‍ മാർക്കറ്റ് എന്താണ് എന്ന് ആദ്യം മനസ്സിലാക്കണം. മാർക്കറ്റ് അറിയില്ലെങ്കില്‍ ഉണ്ടാക്കിയ സാധനം എവിടെ കൊണ്ടുപോയി വില്‍ക്കും. മാർക്കറ്റ് കണ്ടുപിടിച്ചാല്‍ തന്നെ മാർക്കറ്റിങും ഏറ്റവും മികച്ച രീതിയില്‍ നടത്തണം. എന്നുവെച്ച് 100 രൂപ ലാഭം കിട്ടുന്നതിന് വേണ്ടി 200 രൂപ പരസ്യത്തിനായി ചിലവഴിക്കരുത്. അങ്ങനെ ചിലവാക്കിയ പല കമ്പനികളുമുണ്ട്. അനുഭവത്തിന്റെ വെളിച്ചെത്തിലാണ് ഇതൊക്കെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications