നെഹ്രു മ്യൂസിയത്തില്‍ വെച്ച ചെങ്കോല്‍ ഇനി പാർലമെന്റ് മന്ദിരത്തില്‍: അറിയാം ചില 'സെങ്കോല്‍' കഥകള്‍
ദില്ലി: പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിലും പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോടെ ആരംഭിച്ച് പൂജാ കർമ്മങ്ങള്‍ക്കൊടുവില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെ ഒഴിവാക്കി പ്രദാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെതിരെ വിമർശനം ഉയർത്തിയ പ്രതിപക്ഷം ചെങ്കോല്‍ പാർലമെന്റിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തേയും നിശിതമായി എതിർക്കുന്നു. എന്നാല്‍ മുന്‍കാല സർക്കാറുകള്‍ വിസ്മരിച്ച പൈത്യകം തങ്ങള്‍ തിരികെ കൊണ്ടുവരുന്നുവെന്നാണ് ബി ജെ പി വ്യക്തമാക്കുന്നത്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിനാണ് ആദ്യമായി ചെങ്കോല്‍ സമർപ്പിക്കപ്പെട്ടതെങ്കിലും അദ്ദേഹം അത് പാർലമെന്റില്‍ സ്ഥാപിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ വീണ്ടും ശ്രദ്ധേയമായി മാറിയ ചെങ്കോലിനെക്കുറിച്ചുള്ള ഏതാനും കാര്യങ്ങളാണ് ഇനി ഇവിടെ പറയാന്‍ പോവുന്നത്. ചെങ്കോലിനെ "സെങ്കോൾ" എന്നാണ് പൊതുവെ വിളിക്കുന്നത് - "നീതി" എന്നർത്ഥം വരുന്ന "സെമ്മായി" എന്ന തമിഴ് വാക്കിൽ നിന്നാണ് ഈ വാക്ക് വരുന്നത്.
ഇന്ത്യയുടെ ചരിത്രത്തിൽ 'സെങ്കോൾ' നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറിയതിന്റെ അടയാളമായിട്ടാണ് ഈ ചെങ്കോൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് കൈമാറുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ മ്യൂസിയത്തിലായിരുന്നു ഇതുവരെ ചെങ്കോൽ സൂക്ഷിച്ചിരുന്നത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി, തമിഴ്‌നാട്ടിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള 30 ഓളം സന്യാസിമാരാണ് 'സെങ്കോൾ' പ്രധാനമന്ത്രി മോദിക്ക് കൈമാറിയത്. 'സെങ്കോൾ' നീതിയും നിഷ്പക്ഷവുമായ ഭരണം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ചെങ്കോല്‍ നിർമ്മാണ ചരിത്രം
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ഒരു ലളിതമായ ചോദ്യത്തിലൂടെയാണ് ചെങ്കോല്‍ ഉണ്ടാകുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ അധികാര കൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്ന ചോദ്യം നെഹ്രുവിനോട് മൗണ്ട് ബാറ്റൺ ചോദിക്കുന്നു, നെഹ്രു ഇതേ ചോദ്യം രാജ്യത്തിന്റെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയോടും ചോദിക്കുന്നു.
ഈ അവസരത്തിലാണ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് രാജാജി എന്ന് പൊതുവെ അറിയപ്പെടുന്ന രാജഗോപാലാചാരി പ്രധാനമന്ത്രി നെഹ്‌റുവിനോട് പറയുന്നത്. ചോളരുടെ ഭരണകാലത്ത് ഇത്തരമൊരു പാരമ്പര്യം പിന്തുടർന്നിരുന്നുവെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്നും രാജാജി അഭിപ്രായപ്പെട്ടു. തുടർന്ന് നെഹ്രു രാജാജിയെ തന്നെ ചെങ്കോല്‍ നിർമ്മിക്കാന്‍ ഏല്‍പ്പിക്കുന്നു.
രാജാജി തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. തുടർന്ന് ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് മാഠാധിപതിയുടെ നിർദേശത്ത തുടർന്ന് ചെങ്കോല്‍ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകള്‍ ഭാഗത്തായി നീതിയുടെ പ്രതീകമായ ഒരു 'നന്ദി' കാളയും സ്ഥിതി ചെയ്യുന്നുണ്ട്. ഒടുവില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് നെഹ്രുവിന്റെ കയ്യിലേക്ക് ചെങ്കോലെത്തുന്നത്.












Click it and Unblock the Notifications