ചിന്ന ചിന്ന ആശൈയില്‍ വീണ്ടും മധുബാല; സന്തോഷം പങ്കിട്ട് മണിരത്‌നം: കൂട്ടിന് ഇന്ദ്രന്‍സും
മധുബാലയെ ഇന്ത്യന്‍ സിനിമാ ലോകത്തിന് അങ്ങനെയങ്ങ് മറക്കാനാവില്ല. റോജാ സിനിമയിലെ ചിന്ന ചിന്ന ആശൈ ഗാനത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഇടയില്‍ ചിരപരിചിതയായ നടി. പിന്നീട് എത്രയോ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ മധുബാലയെ നാം കണ്ടു. റോജ ഒരുക്കിയ സൂപ്പര്‍ സംവിധായകന്‍ മണിരത്നത്തിന്റെ കണ്ടെത്തലായിരുന്നു മധുബാല എന്ന അഭിനയ ശേഷിയുള്ള നടി.
അതേ മധുബാല ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് എത്തുകയാണ്. റോജാ സിനിമയിലെ ചിന്ന ചിന്ന ആശൈ എന്ന പാട്ടിലൂടെയാണ് മധുബാല സൂപ്പര്‍ താരമായതെങ്കില്‍ ചിന്ന ചിന്ന ആശൈ എന്നു തന്നെയാണ് പുതിയ സിനിമയുടെയും പേര്. തമിഴിലെയും മലയാളത്തിലെയും ഹിന്ദിയിലെയും തെലുങ്കിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച മധുബാല ഇത്തവണ എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സിനൊപ്പം ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് മധുബാലയെ സിനിമയിലേക്ക് എത്തിച്ച മണിരത്‌നം തന്നെ.

വാരണാസിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ബാബുജി പ്രൊഡക്ഷന്‍സ് ബാനറില്‍ അഭിജിത് ബാബുജിയാണ് നിര്‍മ്മാണം. വര്‍ഷ വാസുദേവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. എന്റെ നാരായണി എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകയാണ് വര്‍ഷ.
റോജയ്ക്ക് പിന്നാലെ ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ മനസ് കീഴടക്കിയ മധുബാല യോദ്ധ അടക്കമുള്ള മലയാള സിനിമകളിലും നായികയായി അഭിനയിച്ചിരുന്നു. എംടി വാസുദേവന്‍ നായരുടെ ചെറുകഥകളെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയില്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇതിനിടെ നിരവധി ഹിന്ദി സിനിമകളിലും സീരീസുകളിലും പ്രത്യക്ഷപ്പെട്ടു.
ചിന്ന ചിന്ന ആശൈ ഒരു കുടുംബചിത്രം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. എക്കാലവും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തേടിയിരുന്ന നടിയാണ് മധുബാല. ആദ്യചിത്രം മുതല്‍ മധുബാലയുടെ അഭിനയ മികവ് ഇന്ത്യന്‍ സിനിമ ലോകം കണ്ടതാണ്. അടുത്തകാലത്ത് അമ്മ വേഷങ്ങളിലും മധുബാല സ്‌ക്രീനില്‍ എത്തിയിരുന്നു.
മധുബാല എന്ന നടിയെ മലയാളിക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിയുന്ന അവസരമാണ് ചിന്ന ചിന്ന ആശൈ. കൂട്ടിന് ഇന്ദ്രന്‍സ് കൂടി എത്തുമ്പോള്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായി മാറും എന്ന ഉറപ്പാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്. ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മണിരത്‌നം സിനിമ വന്‍ വിജയമാകട്ടെ എന്നും അഭിപ്രായപ്പെട്ടു.
അഭിനയ സാധ്യതയുള്ള റോളുകളിലൂടെ ഇന്ദ്രന്‍സ് തന്റെ സിനിമാ കരിയറില്‍ ഏറ്റവും മികച്ച ഫോമിലാണ്. മധുബാലയും ഇന്ദ്രന്‍സും തമ്മിലുള്ള കോമ്പോ മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.












Click it and Unblock the Notifications