'മാധ്യമം' ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
കോഴിക്കോട്: 'മാധ്യമം' ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു. മാധ്യമത്തിന്റെ കോഴിക്കോട് ഹെഡ് ഓഫീസിലെ ചീഫ് ഡിടിപി ഓപ്പറേറ്റര്‍ കൊണ്ടോട്ടി മേലങ്ങാടി നടുത്തൊടിക അഹമ്മദ് കോയ (42) യാണ് മരിച്ചത്. ദേശീയപാത തൊണ്ടയാട് രാമനാട്ടുകര ബൈപ്പാസില്‍ പന്തീരാങ്കാവിനടുത്ത മെട്രോ ആശുപത്രിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ബൈക്കില്‍ മടങ്ങവെയാണ് അഹമ്മദിന് അപകടം സംഭവിയ്ക്കുന്നത്. സമാന്തരമായി സഞ്ചരിച്ച കാറിന്റെ ഡോര്‍ തട്ടി അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചുവീണ കോയയുടെ ദേഹത്തിലൂടെ പിന്നില്‍ വന്ന ലോറി കയറി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

മേലങ്ങാടിയിലെ പരേതനായ നടുത്തൊടിക മൊയ്തീന്‍കുട്ടി-ആമിന ദമ്പതികളുടെ മകനാണ് അഹമ്മദ് കോയ. കൊട്ടപ്പുറം കൊടിക്കുത്തിപ്പറമ്പിലായിരുന്നു താമസം. മൂന്ന് വര്‍ഷത്തോളം ഗള്‍ഫ് മാധ്യമത്തിലും ജോലിചെയ്തിട്ടുണ്ട്. ചേളാരിയിലെ എഡബഌൂഎച്ച് സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപിക ഷറഫുന്നീസയാണ് ഭാര്യ. മക്കള്‍: ആദില അഹമ്മദ്, ആമില അഹമ്മദ് (വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ് (ദുബൈ), അബ്ദുസ്സലാം (എസ്പിവി വെജിറ്റബിള്‍സ് കൊണ്ടോട്ടി), മുഹമ്മദ് മുന്നാസ് ( എന്‍ജിനീയര്‍, ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം) ആസിയ, സുബൈദ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മേലങ്ങാടി തയ്യില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.












Click it and Unblock the Notifications