270 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യം: ചരിത്ര മുഹുർത്തത്തിന് ഒരു പദ്മനാഭസ്വാമി ക്ഷേത്രം
270 വർഷങ്ങൾക്ക് ശേഷം അപൂർവമായ മഹാകുംഭാഭിഷേകത്തിന് ആതിഥ്യമരുളാൻ ഒരുങ്ങി തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രം. ജൂൺ 8-ന് ക്ഷേത്രത്തിന്റെ ദിവ്യത്വവും ആത്മീയ ഊർജവും പുനരുജ്ജീവനം ചെയ്യുന്നതിനുള്ള മഹാകുംഭാഭിഷേകം നടത്തുന്നത്. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പാണ് അവസാനമായി ക്ഷേത്രത്തില്‍ ഇത്തരം ഒരു ചടങ്ങ് അവസാനമായി നടന്നത്.
2011-ൽ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വിപുലമായ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 2017-ൽ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ, കോവിഡ്-19 മഹാമാരി മൂലം തടസ്സപ്പെട്ടെങ്കിലും, 2021 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു. 2024-ൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ ഭാഗമായാണ് മഹാകുംഭാഭിഷേകം നടത്തുന്നത്.

നവീകരണത്തിന്റെ ഭാഗമായി, ഗർഭഗൃഹത്തിന് മുകളിൽ മൂന്ന് 'താഴികക്കുടങ്ങൾ' ഒട്ടക്കൽ മണ്ഡപത്തിന് മുകളിൽ ഒരു താഴികക്കുടം എന്നിവ പുതുതായി സ്ഥാപിച്ചു. കൂടാതെ, വിഷ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 'അഷ്ടബന്ധ കലശം' തുടങ്ങിയ ചടങ്ങുകളും നടക്കും. ഈ പ്രവർത്തനങ്ങൾ ക്ഷേത്രത്തിന്റെ വാസ്തുശില്പപരവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
മഹാകുംഭാഭിഷേകത്തിന് മുന്നോടിയായി ജൂൺ 2 മുതൽ 8 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആചാരങ്ങൾ ക്ഷേത്രത്തിൽ നടക്കും. ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ തന്ത്രിമാരെ തിരഞ്ഞെടുക്കുന്ന ആചാര്യ വരണം, ദേവന് അർപ്പിക്കുന്ന വസ്തുക്കളുടെ ശുദ്ധീകരണമായ പ്രസാദ ശുദ്ധി, ധാര, കലശം, അഗ്നി ഹോമം എന്നിവയാണ് ഈ ദിവസങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍. അവസാനദിവസം മുഖ്യ കർമ്മത്തിന്റെ ഭാഗമായിശുദ്ധീകരിച്ച ജലം നിറച്ച കലശങ്ങൾ ഉപയോഗിച്ച് ശ്രീ പദ്മനാഭന്റെയും മറ്റ് ദേവതകളുടെയും വിഗ്രഹങ്ങൾ അഭിഷേകം ചെയ്യും. ഈ ചടങ്ങ്, തന്ത്രശാസ്ത്രത്തിന്റെ കർശനമായ മാർഗനിർദേശങ്ങൾ പാലിച്ച്, ശ്രീ വൈഷ്ണവ പാരമ്പര്യത്തിനനുസൃതമായാണ് നടത്തപ്പെടുക.
മഹാകുംഭാഭിഷേകം
ഹിന്ദു ക്ഷേത്രങ്ങളിലെ പരമോന്നത ആചാരമാണ് മഹാകുംഭാഭിഷേകം. ക്ഷേത്രത്തിന്റെ ആത്മീയ ശക്തി പുനഃസ്ഥാപിക്കുകയും ദേവസാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ, 1750-ന് ശേഷം ഇത്തരമൊരു സമഗ്രമായ പുനഃപ്രതിഷ്ഠാ ചടങ്ങ് നടന്നിട്ടില്ല. ഈ ചടങ്ങ് ഭക്തന്മാർ, പുരോഹിതന്മാർ, ദേവന്മാർ എന്നിവരുടെ ആത്മീയ ഐക്യത്തിന്റെ പ്രതീകമായിട്ട് കാണുന്നു. തന്ത്രിമാരായ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവരായിരിക്കും ചടങ്ങുകള്‍ക്ക് കാർമ്മികത്വം വഹിക്കുക.












Click it and Unblock the Notifications