mahamagha festival:തീര്‍ത്ഥാടകര്‍ക്ക് ആഹ്‌ളാദവാര്‍ത്ത; മഹാമാഘ ഉത്സവത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍
കൊച്ചി: തീര്‍ത്ഥാടകര്‍ക്കു സന്തോഷം പകരുന്ന വാര്‍ത്തയാണ് റിപ്പബ്ലിക് ദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മഹാമാഘ ഉത്സവത്തില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ചന്ദ്രശേഖര്‍ ഈ വിവരം പങ്കുവെച്ചത്
തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടരാണ് കേരളത്തില്‍ എത്തിച്ചേരുന്നത്. ഇവര്‍ക്ക് പ്രയോജനപ്പെടുന്ന വിധമാണ് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. ഋഷികേശില്‍ നിന്നും വാരാണസിയില്‍ നിന്നും ആരംഭിക്കുന്ന ട്രെയിനുകള്‍ എറണാകുളം വരെയാണ് സര്‍വീസുകള്‍ നടത്തുന്നത്. ട്രെയിന്‍ നമ്പര്‍ 04358/04357 വാരാണസി- എറണാകുളം എക്‌സ്‌പ്രെസ്, ട്രെയിന്‍ നമ്പര്‍ 04360/04359 ഋഷികേശ് -എറണാകുളം എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍.

ഉത്തരേന്ത്യയിലെ തീര്‍ത്ഥാടക നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തജനങ്ങള്‍ക്ക് കേരളത്തിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാര്‍ഗം തുറക്കും. കേരളത്തിലെ ടൂറിസത്തിനും ഇത് ഉണര്‍വേകും. കാശി കുംഭമേളയും കേരള കുംഭമേളയുമായി ഈ ട്രെയിന്‍ സര്‍വീസുകള്‍ ബന്ധിപ്പിക്കും. ഇതോടെ കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് ഉത്തരേന്ത്യയിലെ പുണ്യ നഗരങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.
തിരുനാവായ മാഘ മഹോത്സവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തത്. തീര്‍ത്ഥാടകര്‍ക്ക് തിരുനാവായയിലേക്ക് എത്തിച്ചേരാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അഭ്യര്‍ത്ഥിച്ചിരുന്നു ഇതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം വായിക്കാം.
കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനായി, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തര്‍ക്ക് തിരുനാവായയിലേക്ക് സുഗമമായി എത്തിച്ചേരാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിയോട് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്, ഋഷികേശില്‍ നിന്നും വാരാണസിയില്‍ നിന്നും എറണാകുളത്തേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.
എന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അതിവേഗം നടപടികളെടുത്ത ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്കും അശ്വിനി വൈഷ്ണവ് ജിക്കും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ആത്മീയ ടൂറിസത്തിന് ഈ തീരുമാനം പുതിയൊരു കരുത്തും ഉണര്‍വും പകരും.












Click it and Unblock the Notifications