മഹാരാജാസിലെ അശ്ലീല ചുവരെഴുത്ത്; ആഷിഖ് അബുവിനും ബി ഉണ്ണികൃഷ്ണനും കോളേജ് പ്രിന്‍സിപ്പലിന്റെ മറുപടി...
ചുവരെഴുത്തുകള്‍ മത വികാരത്തെ വ്രണപ്പെടുത്തുന്നതും ലൈംഗികചുവയുള്ളതുമായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.
കൊച്ചി: മഹാരാജാസിലെ അശ്ലീല ചുവരെഴുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകരായ ആഷിഖ് അബുവിനും ബി ഉണ്ണികൃഷ്ണനും മറുപടിയുമായി കോളേജ് പ്രിന്‍സിപ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോളേജിലെ വിവാദമായ രണ്ട് ചുവരെഴുത്തുകള്‍ മത വികാരത്തെ വ്രണപ്പെടുത്തുന്നതും ലൈംഗികചുവയുള്ളതുമായിരുന്നുവെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.
ഇത്തരം എഴുത്തുകള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവിടെ നിലനിര്‍ത്താനാകുമോ എന്നും ഇങ്ങനെയുള്ള ചുവരുകള്‍ നിങ്ങളുടെ സിനിമകളില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുമോ എന്നറിഞ്ഞാല്‍ കൊള്ളാമെന്നും പ്രിന്‍സിപ്പല്‍ ബീന വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ബി ഉണ്ണികൃഷ്ണന്റെ പിതാവ് പ്രിന്‍സിപ്പലായിരുന്ന കോളേജിന്റെ ഭിത്തിയിലാണ് ഇത്തരം ചുവരെഴുത്തുകളെങ്കില്‍ അത് കണ്ടില്ലെന്ന് നടിക്കുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ബീനയുടെ പോസ്റ്റിലുണ്ട്. തനിക്ക് മുമ്പ് ഒട്ടേറെ മഹാന്മാര്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കോളേജാണിത്, ഈ ചുവരെഴുത്തുകള്‍ കണ്ട് അവരുടെ ആത്മാക്കള്‍ക്ക് വിങ്ങിപ്പൊട്ടി കരയാതിരിക്കാനാകുമോ എന്നുമാണ് പ്രിന്‍സിപ്പലിന്റെ ചോദ്യങ്ങള്‍.
മഹാരാജാസിലെ കുട്ടികളാണ് ശരിയെന്നും, സ്വതന്ത്ര ക്യാമ്പസിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത് പ്രതിരോധിക്കണമെന്നുമായിരുന്നു ആഷിഖ് അബുവിന്‍റെ പ്രതികരണം. സ്വന്തം വിദ്യാര്‍ത്ഥികളെ തുറങ്കിലിലടയ്ക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് പറ്റിയ പണിയല്ല ഇതെന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍റെ അഭിപ്രായം.

ഞാന്‍ എന്റെ അവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിക്കട്ടെ...
മഹാരാജാസിലെ ചുവരെഴുത്ത് വിഷയത്തില്‍ പ്രതികരിക്കാന്‍ വൈകിയതില്‍ ക്ഷമിക്കണമെന്നും, എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഫേസ്ബുക്കിലൂടെ ഉപയോഗിക്കട്ടെ എന്നു പറഞ്ഞാണ് ബീന വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ചുവരെഴുത്തുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതും അശ്ലീലച്ചുവയുള്ളതും..
മഹാരാജാസ് വിഷയത്തില്‍ പ്രതികരിച്ച ആഷിഖ് അബുവിനും ബി ഉണ്ണികൃഷ്ണനും കഥയറിയാതെ ആട്ടമാടിയ മറ്റുള്ളവര്‍ക്കുമുള്ള മറുപടിയാണിതെന്നും, കോളേജിലെ വിവാദമായ രണ്ട് ചുവരെഴുത്തുകളും അശ്ലീലച്ചുവയുള്ളതും മത വികാരം വ്രണപ്പെടുത്തുന്നതുമാണെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.

ഇത്തരം എഴുത്തുകള്‍ നിലനിര്‍ത്താനാകുമോ?
ആഷിഖ് അബു പറഞ്ഞത് പോലെ മൂത്രപ്പുരയുടെ ഭിത്തികളിലായിരുന്നില്ല എഴുതിയതെന്നും,ക്ലാസ്‌റൂമിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ചുവരുകളിലാണ് എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത്തരം എഴുത്തുകള്‍ അവിടെ നിലനിര്‍ത്താനാകുമോ എന്നും അവര്‍ പോസ്റ്റില്‍ ചോദിക്കുന്നു.

പ്രതികരിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കുക
മഹാരാജാസ് കോളേജിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താന്‍ കാരണക്കാരിയായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രതികരിക്കുന്നതിന് മുമ്പ് എല്ലാവരും സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണമെന്നും പറഞ്ഞ പ്രിന്‍സിപ്പല്‍ വിവാദമായ ചുവരെഴുത്തിന്റെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications