മഹാരാജാസ് സംഭവം; 'ചിലർക്ക് അവബോധമില്ലാതെ പോയത് അപലപനീയം', മന്ത്രി ആർ ബിന്ദു
മഹാരാജാസ് സംഭവത്തിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും അത് ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം' മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്കൃത വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഉൾക്കൊള്ളൽ സമൂഹത്തെ (inclusive society) പറ്റി ഏറ്റവുമധികം ചർച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുൻനിന്നു പ്രവർത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതിൽ ചിലർക്കായാൽ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്.
അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലർത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം', മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാരാജാസിൽ നിന്നുള്ള വിവാദ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്.മൂന്നാം വർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിനിടെയായിരുന്നു സംഭവം. കാഴ്ച പരിമിതിയുള്ള അധ്യാപകനായ പ്രിയേഥഷ് ക്ലാസ് എടുക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ കളിക്കുകയും മൊബൈൽ നോക്കുന്നതിന്റേയും ക്ലാസിൽ ഇറങ്ങി നടക്കുന്നതിന്റെയുമൊക്കെ വീഡിയോ ആണ് പുറത്തുവന്നത്. അധ്യാപകന്റെ പുറകിൽ നിന്ന് വിദ്യാർത്ഥികൾ കളിയാകുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ക്ലാസിലുണ്ടായിരുന്ന ചിലർ തന്നെയാണ് വീഡിയോ പകർത്തിയത്. ഇത് റീലായി പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം സംഭവത്തിൽ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് പേരെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. അതിനിടെ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെ എസ് യുവിന് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. യുണിറ്റ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.












Click it and Unblock the Notifications